കണ്ണൂർ നടാല്‍ അടിപ്പാത; സംയുക്ത സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ദേശീയ പാതയില്‍ നടാലില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ രാഷ്ട്രീയ പാര്‍ട്ടികളിടെയും യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള അടിപ്പാതകളുടെ പരിമിതികള്‍ വിവിധ വകുപ്പ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സംയുക്തസംഘം പരിശോധന നടത്തി സര്‍ക്കാരിലേക്ക് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും യോഗം തീരുമാനിച്ചു. 

 

കണ്ണൂർ:ദേശീയ പാതയില്‍ നടാലില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ രാഷ്ട്രീയ പാര്‍ട്ടികളിടെയും യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള അടിപ്പാതകളുടെ പരിമിതികള്‍ വിവിധ വകുപ്പ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സംയുക്തസംഘം പരിശോധന നടത്തി സര്‍ക്കാരിലേക്ക് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും യോഗം തീരുമാനിച്ചു. 

ദേശീയ പാതയില്‍ നടാലില്‍ അടിപ്പാതയില്ലാതയില്ലാത്തതിനാല്‍ നാട് ദുരിതം അനുഭവിക്കുകയാണ്. ബസ്സുകളടക്കം വാഹനങ്ങള്‍ എഴുകിലോമീറ്ററോളം ചുറ്റിവളഞ്ഞാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. വിദ്യാര്‍ത്ഥികള്‍, ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ എന്നിവരെല്ലാം ബുദ്ധിമുട്ടുന്നതായി ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളും യോഗത്തെ അറിയിച്ചു. ദേശീയ പാത നിര്‍മ്മാണം തുടങ്ങിയ വേളയില്‍ തന്നെ നടാലില്‍ അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചതായും ഇതിനുള്ള ശ്രമങ്ങള്‍ നിരന്തരം നടത്തിയിട്ടും അനുകൂല നടപടികളുണ്ടായില്ലെന്ന് പ്രദേശവാസികളുടെ പ്രതിനിധികള്‍ അറിയിച്ചു. 

നിലവില്‍ അഞ്ചു അടിപ്പാതകള്‍ ഈ മേഖലകളില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത ദേശീയപാത അതോറിറ്റി പ്രതിനിധികളുടെ വിശദീകരണം. എന്നാല്‍ ബസ്സുകളടക്കമുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുന്ന രീതിയിലല്ല ഇവയില്‍ പലതിന്റെയും നിര്‍മ്മാണമെന്ന് ബസ്സുടമകളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നിലവില്‍ നിര്‍മ്മാണം ഏറെ മുന്നോട്ടുപോയെന്നും അടിപ്പാതയടക്കമുള്ള പുതിയ നിര്‍മ്മാണങ്ങള്‍ക്ക് ദേശീയപാത നിര്‍മ്മാണ അതോറിറ്റിയില്‍ നിന്നും പുതിയ നിര്‍ദ്ദേശങ്ങള്‍ വേണ്ടിവരുമെന്നാണ് കരാര്‍ ഏറ്റെടുത്തവരും അഭിപ്രായം പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ആവശ്യം ഉയര്‍ന്നിട്ടും നടാലില്‍ അടിപ്പാത നിര്‍മ്മാണത്തിന് പരിഗണന ലഭിക്കാത്തത് ജനങ്ങളോടും നാടിനോടമുള്ള വെല്ലുവിളിയാണെന്ന് കെ.സുധാകരന്‍ എം.പി യോഗത്തിൽ പറഞ്ഞു. ജനങ്ങളുടെ താല്‍പ്പര്യം കൂടി സംരക്ഷിച്ചിട്ട് വേണം ദേശീയപാതയുടെ പൂര്‍ത്തീകരണം. നടാല്‍ അടിപ്പാത ജനകീയ വിഷയമാണെന്നും കേവലം ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്‌നമായി  കാണരുതെന്നും വി.ശിവദാസന്‍ എം.പി പറഞ്ഞു.

ജനങ്ങളുടെയും നാടിന്റെയും ആശങ്കകള്‍ യഥാസമയം ദേശീയപാത അതോറിറ്റി മുകളിലേക്ക് അറിയിക്കുന്നതിലുള്ള വീഴ്ചകളാണ് അടിപ്പാത നിര്‍മ്മാണം നീണ്ടുപോകാന്‍ കാരണമെന്ന് ടി.ഒ മോഹനന്‍ എം.എല്‍.എ പറഞ്ഞു. ഒ.കെ.യുപി സ്‌കൂളിനും കണ്ണൂര്‍-തലശ്ശേരി റോഡിനും ഇടയിലുള്ള ഗതാഗത പ്രതിസന്ധി രൂക്ഷമാണ്. മഴക്കാലം തുടങ്ങിയതോടെ വെള്ളക്കെട്ടും ഇവിടെ പതിവാണ്. ദേശീയ പാതയോട് ചേര്‍ന്ന ബൈപ്പാസുകളും സര്‍വീസ് റോഡുകളും സുഗമമായ ഗതാഗതത്തിന് നിലവില്‍ പര്യാപ്തമല്ല. ഈ അടിപ്പാതകള്‍ എമര്‍ജന്‍സി എക്‌സിറ്റ് എന്ന രീതിയില്‍ ചെറുവാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാവുന്ന രീതിയിലാണുള്ളത്. ഇതൊന്നും നടാലില്‍ നേരിടുന്ന ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അടിപ്പാത നിര്‍മ്മിക്കാനുള്ള തീരുമാനമാണ് വേണ്ടതെന്ന് യോഗം ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. 

ദേശീയപാത നിര്‍മ്മാണം ജില്ലയില്‍ അതിവേഗം പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അടിപ്പാത ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ തീര്‍ക്കണമെന്നും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ദേശീയപാത നിര്‍മ്മാണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ചാലക്കുന്നില്‍ ദേശീയ പാതയ്ക്കായി മണ്ണ് നീക്കിയതിന്റെ പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇവിടെ നടപ്പാലം നിര്‍മ്മിക്കണമെന്നും ആവശ്യം ഉയര്‍ന്നു. മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ,സാമൂഹിക സംഘടനാ പ്രതിനിധികള്‍, സ്വകാര്യ ബസ്സുടമുകളുടെ പ്രതിനിധികള്‍ , ദേശീയപാത നിര്‍മ്മാണ അതോറിറ്റി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.