ആറളം ഫാമിലെ അനധികൃത മരം മുറി അന്വേഷിക്കണമെന്ന് എം.വി ജയരാജൻ
ആറളം ഫാമിൽ പാഴ്മരങ്ങൾ മുറിച്ച് വിറ്റ് വരുമാനം ലഭ്യമാക്കുന്നതിന്റെ മറവിൽ അരങ്ങേറിയ വ്യാപക മരം വെട്ട് സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.
Oct 1, 2024, 22:49 IST
കണ്ണൂർ: ആറളം ഫാമിൽ പാഴ്മരങ്ങൾ മുറിച്ച് വിറ്റ് വരുമാനം ലഭ്യമാക്കുന്നതിന്റെ മറവിൽ അരങ്ങേറിയ വ്യാപക മരം വെട്ട് സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. ബ്ലോക്ക് അഞ്ചിൽ 1500 ഏക്കറിൽ കൈതച്ചക്ക കൃഷി നടത്താൻ സ്വകാര്യ സംരംഭകർക്ക് അനുമതി നൽകിയതിന്റെ ഭാഗമായാണ് മരം വെട്ട് നടന്നത്.
പാഴ്മരങ്ങൾക്കൊപ്പം ഇരുൾ, ആഞ്ഞിലി മരങ്ങളും വൻ തോതിൽ മുറിച്ചു കടത്തിയെന്നാണ് ആക്ഷേപം. ഫാം വൈവിധ്യവൽകരണ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾക്കിടയിൽ ഉയരുന്ന ഇത്തരം ആക്ഷേപങ്ങൾ ഫാമിന്റെയും സർക്കാറിന്റെയും യശസ് കെടുത്തും. അതിനാൽ മരം വെട്ട് വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, പട്ടികവർഗ ക്ഷേമ മന്ത്രി എന്നിവർക്കയച്ച നിവേദനത്തിൽ ജയരാജൻ ആവശ്യപ്പെട്ടു.