ആർ.എസ്. എസുകാരെ ക്ഷേത്രത്തിൽ കയറ്റാൻ കൊള്ളില്ലെന്ന് എം.വി ജയരാജൻ

ആർ എസ്.എസിനെ പോറ്റി വളർത്തുന്നത് വിഷ പാമ്പിനെ പോറ്റുന്നത് പോലെയാണെന്ന് ഓർക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ പറഞ്ഞു.

 



പെരളശേരി : ആർ എസ്.എസിനെ പോറ്റി വളർത്തുന്നത് വിഷ പാമ്പിനെ പോറ്റുന്നത് പോലെയാണെന്ന് ഓർക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ പറഞ്ഞു. വർഗീയതയ്ക്കെതിരെ ജനകീയ പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി ഇന്നലെ വൈകിട്ട് സി.പി.എം പെരളശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന പ്രകടനത്തിന് ശേഷം നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച പാവങ്ങൾക്ക് നഷ്ടപരിഹാരത്തിനായുള്ള ഫണ്ട് നിഷേധിച്ചവരാണ് ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ. അതുകൊണ്ട് ബി.ജെ.പി ഓഫിസിനായി കട വാടകയ്ക്കു കൊടുക്കുന്നവർ അതു തകർന്നാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഓർക്കണം. അപവാദങ്ങളും നുണകളും പ്രചരിപ്പിച്ചു നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കുന്നവരെ കരുതിയിരിക്കണം.ആർ. എസും എസ്.ഡി.പി.ഐയും ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകളാണ്. ഒന്ന് മറ്റൊന്നിനെ സഹായിക്കുകയാണ് ചെയ്യുന്നത്. ആർ.എസ്.എസിൻ്റെ മൂത്താപ്പയുടെ മക്കളാണ് എസ്.ഡി.പി.ഐ യും ജമാത്തെ ഇസ്ലാമിയും രണ്ടിനെയും ഒരേപോലെ എതിർക്കുന്നവരാണ് കമ്മ്യുണിസ്റ്റുകാർ.നേരത്തെയുണ്ടായിരുന്ന സി മി ഇവിടെ നടത്തിയിരുന്നത് ഇതിൽ നിന്നും വ്യത്യസ്തമല്ല ചെയ്തികൾ ' നമുക്ക് വേണ്ടാത്തവരാണ് ആർ എസ്. എസും എസ്.ഡി.പി.ഐ യും. ന്യൂനപക്ഷങ്ങളെപ്പോലും അപകടത്തിൽ പെടുത്തുന്നതാണ് എസ്.ഡി.പി.ഐയുടെ ചെയ്തികൾ. ഇവരുടെ കൂടെയുള്ള ജമാത്തെ ഇസ്ലാമിയെ കൂട്ടിയാണ് നിലമ്പൂരിൽ കോൺഗ്രസ് മത്സരിച്ചത്.

ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ഇവർക്ക് താൽപര്യമില്ല. നാടിനൊപ്പം നിന്നു പ്രവർത്തിക്കുന്നവരാണ് കമ്യുണിസ്റ്റുകാർ. ഒരു കോണകം പോലുള്ള കൊടി പൊക്കി വന്നാലൊന്നും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാവില്ല. പെരളശേരിയിലെ ജനങ്ങൾക്ക് നിങ്ങളെ നന്നായി അറിയാം. പെരളശേരി ക്ഷേത്രത്തിൻ്റെ കാര്യമാണ് അവർ പറഞ്ഞത്. ക്ഷേത്രത്തിൻ്റെ വികസനത്തിനായി ഫണ്ട് ചെലവഴിച്ചത് എൽ.ഡി.എഫ് സർക്കാരാണ്. താൻ എം.എൽ.എയായ കാലയളവിലാണ് ക്ഷേത്രക്കുളം പുതുക്കിപ്പണിയുന്നത്. ക്ഷേത്രങ്ങളിലെ യോ പള്ളികളിലെ യോ പണം സർക്കാരെടുക്കുന്നില്ല പകരം അവയുടെ വികസനത്തിനായി അങ്ങോട്ടു പണം ചെലവഴിക്കുകയാണ്. ശബരിമലയിൽ 400 കോടിയിലേറെ വികസനത്തിനായി പിണറായി സർക്കാർ ചെലവിട്ടു. എന്നാൽ ശബരി റെയിൽവെ പാതയ്ക്കും വിമാനതാവളത്തിനും അനുമതി നൽകാതെയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആർ.എസ്. എസുകാരെ അമ്പലങ്ങളിൽ കയറ്റാൻ കൊള്ളില്ല' അവർ അവിടെ ശാഖ നടത്തും. ഇപ്പോൾ പുറത്തുവന്ന ആത്മഹത്യ ചെയ്ത അനന്തുവെന്ന യുവാവിൻ്റെ വെളിപ്പെടുത്തൽപ്പോലെ അവർ പ്രകൃതി വിരുദ്ധ പീഡനവും നടത്തും. എ.കെ.ജി അവരുടെ കൂടെ നേതാവാണെന്നാണ് ഇവിടെ പ്രസംഗിച്ച പി.കെ കൃഷ്ണദാസ് പറയുന്നത്. വിവരക്കേട് പറയുന്നതിൽ ഒരു മര്യാദയൊക്കെ വേണ്ടേ ദാസേ . 

വിചാരധാരയിൽ ഗോൾവാൾക്കറെഴുതിയത് കമ്യുണിസ്റ്റുകാരും രാജ്യത്തിൻ്റെ ശത്രുക്കളാണെന്നാണ്. കമ്യുണിസ്റ്റുകാരനായ എ.കെ.ജി പിന്നെങ്ങനെയാണ് ഇവരുടെ നേതാവാകുക. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭാഗമായി രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് ദേശീയ സമരത്തിൽ പങ്കെടുത്തയാളാണ് എ.കെ.ജി. ജയിൽ മോചിതനാകാൻ വേണ്ടി ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തയാളാണ് ആർ.എസ്.എസ് നേതാവായ സവർക്കർ. അയിത്തത്തിനെതിരെ ഗുരുവായൂർ സത്യാഗ്രഹം നടത്തിയ നേതാവാണ് എ.കെ.ജി. അദ്ദേഹത്തെ കുറുവടി കൊണ്ടു അടിച്ച സവർണ്ണർക്കൊപ്പമായിരുന്നു ആർ.എസ്.എസ്. ഇതൊക്കെ ചരിത്രം പറയുന്ന സത്യങ്ങളാണ്. 

പെരളശേരിയിൽ എന്തു വികസനം വന്നുവെന്നതിൻ്റെ തെളിവാണ് പെരളശേരി എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നാലു നിലയായി സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടുപയോഗിച്ചു നിർമ്മിച്ചതാണിത്. കേരളത്തെ ദ്രോഹിക്കുന്നതിനാണ് സംസ്ഥാനത്തിന് അർഹമായ വിഹിതം കേന്ദ്ര സർക്കാർ നൽകാത്തത്. ഇത്തരക്കാർ നാടിൻ്റെ വികസനത്തെ കുറിച്ചു പറയുന്നത് ജനങ്ങൾ തിരിച്ചറിയണമെന്നും എം.വി ജയരാജൻ പറഞ്ഞു. പരിപാടിയിൽ മുൻ എംഎൽഎ കെ.കെ നാരായണൻ, സി.പി.എം എടക്കാട് ഏരിയാ സെക്രട്ടറി എം.കെ മുരളി നേതാക്കളായ ടി.സവിത, പി.രഘു എന്നിവർ പങ്കെടുത്തു.സി.പിഎം പെരളശേരി ലോക്കൽ സെക്രട്ടറി ടി. സുനീഷ് സ്വാഗതം പറഞ്ഞു.