ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ; തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ,എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ യു.ഡി എഫിന് ഈ കാര്യത്തിൽ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. മാധ്യമങ്ങളും ഈ കാര്യം വിട്ട മട്ടിലാണ്.
എൽ.ഡി.എഫ് സർക്കാരിനെതിരെ എന്തു വാർത്തയും ചമയ്ക്കുകയാണ് മാധ്യമങ്ങളുടെ ശൈലി. ശസ്ത്രക്രീയക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം പർവതീകരിച്ചു സർക്കാരിനെതിരെ പ്രചാരവേല നടത്തുന്നു. കേരളത്തിൽ ലക്ഷക്കണക്കിന് ഓപ്പറേഷനുകൾ നടക്കുന്നതാണ് 'ഒന്നോ രണ്ടോ സംഭവങ്ങൾ ചൂണ്ടിക്കാണിച്ചു ആരോഗ്യ രംഗത്തെ മോശമായി ചിത്രീകരിക്കുന്നു. അഞ്ചു വർഷം മുൻപെ നടന്ന സംഭവമാണ് ഇപ്പോൾ വാർത്തയായി വരുന്നത്. കത്രിക വയറ്റിൽ കുടുങ്ങിയാലും കുഴപ്പമില്ലെന്ന ഡോക്ടർമാരുടെ സംഘടന പറഞ്ഞതിന് ഒപ്പമല്ല സർക്കാർ അവർക്ക് ഡോക്ടർമാരെ സംരക്ഷിച്ചു കൊണ്ടു മാത്രമേ പറയാനാവുകയുള്ളു. അതിനാണല്ലോ ആ സംഘടനയെന്നും എം. വി ഗോവിന്ദൻ പറഞ്ഞു. വീഴ്ചകൾ സ്വാഭാവികമായും ഉണ്ടാകും. എന്നാൽ ഗൗരവത്തോടെ കാണേണ്ട മേഖലയാണിത്. അതുകൊണ്ടാണ് ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുന്നത്. ഈ കാര്യം മന്ത്രി തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എന്നാൽ ഈ മേഖലയിൽ മൊത്തംകുഴപ്പമാണെന്ന് പറയാൻ കഴിയില്ല തുടർച്ചയായി വീഴ്ചകൾ ഉണ്ടാകുന്നില്ലെന്ന് നാം കാണണം. ഡോക്ടർമാരുടെ സംഘടന ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ നടപടിയെ എതിർക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചത് കോൺഗ്രസും യു.ഡി.എഫ് നേതൃത്വവും അറിഞ്ഞു കൊണ്ടുതന്നെയാണ്. ഞങ്ങളാണ് റീത്ത് വെച്ചതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞിട്ടുണ്ട്. ലോകത്ത് ആദ്യമായി പറഞ്ഞു കൊണ്ട് റീത്ത് വെച്ച സംഘടനയാണ് യൂത്ത് കോൺഗ്രസ് 'യൂത്ത് കോൺഗ്രസുകാർക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന നിലയ്ക്കാണ് കാര്യങ്ങൾ ഈ നില തുടർന്നാൽ പ്രതികരണങ്ങൾ ഉണ്ടാകും. പ്രതികരണമുണ്ടായാൽ സംഘർഷത്തിലേക്ക് പോകും. സംസ്ഥാനത്ത് ഇതുവരെ സമാധാന അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതു തകർക്കുകയാണ് ഉദ്ദ്യേശം' സംഘർഷമുണ്ടാക്കാൻ യു.ഡി.എഫ് നേതൃത്വം കൂടി അറിഞ്ഞാണ് റീത്ത് വെച്ചത്. പോറ്റിയെ കേറ്റിയത് കെ.സി വേണുഗോപാലാണപ്പാ എന്നായപ്പോൾ ചർച്ചയുമില്ല ഒരു ചുക്കുമില്ല.
തന്ത്രിയൊക്കെ ഈ പറയുന്ന പെരുങ്കള്ളൻമാരുടെ പട്ടികയിൽപ്പെടുന്നയാളാണ് നവകേരള സർവ്വേ വീടുകളിൽ കയറി നടത്തുന്നതിന് പാർട്ടിക്കും സർക്കാരിനും വീഴ്ച്ചയില്ല സന്നദ്ധ സേനയെയാണ് ഇതിന് ഉപയോഗിക്കുന്നത്. സർക്കാർ പദ്ധതികളോട് സഹകരിക്കുകയെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണ്. സർവ്വേയിൽ പങ്കെടുക്കാൻ പാർട്ടി കേഡർമാർക്ക് കത്ത് കൊടുത്തതിൽ പ്രശ്നമില്ല. ഇതൊക്കെ കാലങ്ങളായി നടന്നു വരുന്നത്. സർവ്വേ തടഞ്ഞ ഹൈകോടതി വിധിയെ കുറിച്ച് അഭിപ്രായം പറയാനില്ല. സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.