അപകട കുരുക്കായി മൂന്നുപെരിയ ടൗൺ, യാത്രക്കാർ ഭീതിയിൽ

അപകടകുരുക്കായി മാറിയ മൂന്നു പെരിയ ടൗൺ വാഹന, കാൽനട യാത്രക്കാർക്ക് പേടി സ്വപ്നമായി മാറുന്നു. കഴിഞ്ഞ ദിവസം കീഴത്തൂർ സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരൻ കെ എസ് ആർ. ടി. സി ബസിടിച്ച് മരിച്ചത് നാടിനെ നടുക്കത്തിലാഴ്ത്തിയിരുന്നു

 

പെരളശേരി : അപകടകുരുക്കായി മാറിയ മൂന്നു പെരിയ ടൗൺ വാഹന, കാൽനട യാത്രക്കാർക്ക് പേടി സ്വപ്നമായി മാറുന്നു. കഴിഞ്ഞ ദിവസം കീഴത്തൂർ സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരൻ കെ എസ് ആർ. ടി. സി ബസിടിച്ച് മരിച്ചത് നാടിനെ നടുക്കത്തിലാഴ്ത്തിയിരുന്നു. അനധികൃതമായി റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും മരണ പാച്ചിലും ചക്കരക്കൽ, പാറപ്രം റോഡുകളിൽ നിന്നും യാതൊരു ശ്രദ്ധയുമില്ലാതെ വാഹനങ്ങൾ കണ്ണൂർ - കൂത്തുപറമ്പ റോഡിലേക്ക് പെട്ടെന്ന് കയറുന്നതും അപകടമുണ്ടാക്കുന്നുണ്ട്. കണ്ണൂർ - കൂത്തുപറമ്പ റോഡിൽ ബസിടിച്ചു മരിക്കുന്ന രണ്ടാമത്തെ സ്കൂട്ടർ യാത്രക്കാരനാണ് കീഴത്തൂർ സ്വദേശിയായ 62 വയസുകാരൻ. രണ്ടു മാസം മുൻപ് പെരളശേരി കമാനത്തിൽ ബസിടിച്ച് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി മരിച്ചിരുന്നു .അപകടം തുടർകഥയാവുമ്പോഴും അധികൃതരുടെ അനാസ്ഥ തുടരുകയാണെന്ന് പ്രദേശവാസികൾക്ക് പരാതിയുണ്ട്.

 റെയ്ഡ്ക്കോയ്ക്ക് സമീപം ബുധനാഴ്ക്ക വൈകുന്നേരം ആറരയ്ക്ക് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചിരുന്നു.കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് സർവീസ് നടത്തുകയായിരുന്ന 'നബീൽ' ബസ്സും, എതിർദിശയിൽ കണ്ണൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിൽ വെച്ചുണ്ടായ കൂട്ടിയിടിയിൽ കാറിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാർ ഓടിച്ചയാൾ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.അപകടത്തെത്തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസവും അനുഭവപ്പെട്ടിരുന്നു.