തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി നഗരസഭ ഭരണസമിതി ; ആശുപത്രിയിലെ പ്രശ്നങ്ങൾക്ക് മണിക്കൂറുകൾക്കകം പരിഹാരം കണ്ട് ചെയർപേഴ്സണും സംഘവും

സാധാരണക്കാരായ നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ, ഭരണപരമായ വീഴ്ചകൾ മൂലം ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് അറുതി വരുത്തി നഗരസഭ ഭരണസമിതി.

 

തളിപ്പറമ്പ : സാധാരണക്കാരായ നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ, ഭരണപരമായ വീഴ്ചകൾ മൂലം ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് അറുതി വരുത്തി നഗരസഭ ഭരണസമിതി. പുതിയതായി ചുമതലയേറ്റ ചെയർപേഴ്സൺ പി.കെ. സുബൈറിന്റെയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ്റെയും വൈസ് ചെയർപേഴ്സൻ്റെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ക്ഷണ നേരം കൊണ്ടാണ് പ്രശ്ന പരിഹാരമുണ്ടായത്. രോഗികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട്, ഉദ്യോഗസ്ഥരുടെ അലസതയ്ക്ക് കടിഞ്ഞാണിട്ട ഭരണസമിതിയുടെ ഇടപെടൽ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കടുത്ത അനാസ്ഥയെ തുറന്നുകാട്ടുന്നതായിരുന്നു നഗരസഭ ഭരണസമിതിയുടെ മിന്നൽ സന്ദർശനം. സർക്കാർ ഫണ്ടുകളും എം.എൽ.എഫണ്ടും നഗരസഭയുടെ ഫണ്ടുകളും കോടികൾ ഒഴുകിയെത്തുമ്പോഴും, ഒരു ചെറിയ സോഫ്റ്റ്‌വെയർ പോലും പുതുക്കാൻ കഴിയാത്തവിധം ഇവിടുത്തെ ഭരണം മരവിച്ചിരിക്കുകയായിരുന്നു. ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ടോക്കൺ കിട്ടാതെ മണിക്കൂറുകളോളം രോഗികൾ ക്യൂവിൽ വലയുകയായിരുന്നു. സോഫ്റ്റ്‌വെയർ പുതുക്കാൻ പണമില്ലെന്ന മുടന്തൻ ന്യായമായിരുന്നു ആശുപത്രി അധികൃതർക്ക് പറയാനുണ്ടായിരുന്നത്. എന്നാൽ നഗരസഭ ചെയർപേഴ്സൺ പി.കെ സുബൈർ ഉടൻ തന്നെ സോഫ്റ്റ്‌വെയർ കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടു. ഉടൻ പണം നൽകാമെന്ന് ഉറപ്പുനൽകിയതോടെ, മിനിറ്റുകൾക്കുള്ളിൽ സോഫ്റ്റ്‌വെയർ പ്രവർത്തനസജ്ജമായി. ഭരണസമിതിയുടെ ഈ ചടുലമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രം രോഗികൾ നേരിടുന്ന വലിയൊരു ദുരിതമാണ് പരിഹരിക്കപ്പെട്ടത്. പാലിയേറ്റീവ് ജീവനക്കാർക്ക് നാലുമാസമായി ശമ്പളം നൽകാത്തതിന്, സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ അറിയില്ല എന്ന വിചിത്രമായ മറുപടിയാണ് അധികൃതർ നൽകിയത്. ഇത് കേട്ട് ഞെട്ടിയ ചെയർപേഴ്സണും സംഘവും ശമ്പളം നൽകാതെ അവിടെ നിന്നും പോകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇതോടെ മിനിറ്റുകൾക്കുള്ളിൽ രണ്ട് മാസത്തെ ശമ്പളവും ഇന്ധന അലവൻസും പാസാക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായി.

നഗരസഭ 25 ലക്ഷം രൂപ ചിലവാക്കി നവീകരിച്ച തിമിര ശസ്ത്രക്രിയ വിഭാഗം, മാസങ്ങൾക്കകം തന്നെ പൊളിച്ചുനീക്കി എന്ന ഞെട്ടിക്കുന്ന വിവരമാണ് സമിതിക്ക് ലഭിച്ചത്. പുതിയ ബ്ലോക്കിനായി പഴയ കെട്ടിടം പൊളിച്ചപ്പോൾ ഈ അത്യാധുനിക സജ്ജീകരണങ്ങളും ഇല്ലാതായി. കൂടാതെ കന്റീൻ നടത്തിപ്പുകാരൻ ഇല്ലാത്തതിനാൽ രോഗികൾക്ക് ഭക്ഷണവും ലഭിക്കുന്നില്ല. ടെൻഡർ വിളിച്ചിട്ടും ആളെ കിട്ടിയില്ലെങ്കിൽ കുടുംബശ്രീയെ ഏൽപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ചെയർപേഴ്സൺ നിർദ്ദേശം നൽകി. ആശുപത്രി കവാടത്തിലെ അപകടാവസ്ഥ പരിഹരിക്കാൻ മുനിസിപ്പൽ എഞ്ചിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തു. താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ മാറ്റാൻ പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും  ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ചെറിയ വീഴ്ച പോലും ഇനി അനുവദിക്കില്ലെന്നും, കൃത്യമായ ഇടവേളകളിൽ പരിശോധന തുടരുമെന്നും ചെയർപേഴ്സൺ പി.കെ. സുബൈർ പറഞ്ഞു.

നഗരസഭ ചെയർപേഴ്സൺ പി.കെ സുബൈറിനോടൊപ്പം വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. മുഹമ്മദ് ബഷീർ, പി. വത്സല, പുല്ലായിക്കൊടി ചന്ദ്രൻ, പി.സി നസീർ, പി. റജുല, കൗൺസിലർമാരായ ലതിക, സീമ വൽസൻ, ഫൈസൽ ചെറുകുന്നോൻ, പി.പി ഇസ്മായിൽ, പ്രീത, നഗരസഭ സെക്രട്ടറി കെ.പി സുബൈർ, മുനിസിപ്പൽ എൻജിനിയർ ഷൈനി, ജെ.എച്ച്.ഐ പ്രീഷ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.