എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി.പി. ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്: എം.ടി. രമേശ്

എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി.പി. ദിവ്യയെ പോലീസ് അറസ്റ്റു ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു.

 

കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി.പി. ദിവ്യയെ പോലീസ് അറസ്റ്റു ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചനയില്‍ പങ്കാളിയായ കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് ദിവ്യയെ സംരക്ഷിക്കുന്നത്. സിപിഎം നേതാക്കള്‍ ദിവ്യയെ ഒളിപ്പിക്കുമ്പോഴും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണൂരില്‍ എവിടെയാണ് ദിവ്യയുള്ളതെന്ന് പോലീസിന് അറിയാം. സമരക്കാരെ നേരിടാന്‍ കാണിക്കുന്ന ഉത്സാഹം പോലീസ് ദിവ്യയെ അറസ്റ്റു ചെയ്യാന്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജില്ലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുമ്പോഴും മുഖ്യമന്ത്രിക്ക് ആ അഭിപ്രായം ഉണ്ടോയെന്ന് വ്യക്തമാക്കണം. നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമല്ല മുഖ്യമന്ത്രി ദിവ്യയുടെ കുടുംബത്തോടൊപ്പമാണ് നില്‍ക്കുന്നത്.

ദിവ്യയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ബിജെപിയിലെ പെണ്ണുങ്ങള്‍ അവരെ പിടിച്ചു കെട്ടുമെന്നും ഇത്തരം സാഹചര്യം ഒഴിവാക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും എം.ടി. രമേശ് പറഞ്ഞു. കോടികള്‍ വിലവരുന്ന ബിനാമി സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ സിപിഎം നേതാക്കള്‍ക്ക് എവിടെ നിന്നാണ് പണമെന്നത് വ്യക്തമാക്കണം. സിപിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം.

കണ്ണൂരില്‍ സിപിഎം നടത്തുന്ന ഉദ്യോഗസ്ഥ പീഡനത്തിന്റെ ഇരയാണ് നവീന്‍ബാബു. ഇങ്ങനെ മരിച്ചു ജീവിക്കുന്ന ഉദ്യോഗസ്ഥര്‍ ഒട്ടനവധിയുണ്ടെന്ന് എം.ടി. രമേശ് പറഞ്ഞു. പലരും ജീവിക്കാനുള്ള പേടി കൊണ്ടാണ് ഈകാര്യം തുറന്ന് പറയാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായി കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമാധാനപരമായി നടത്തിയ മാര്‍ച്ച് കലക്‌ട്രേറ്റിന് മുന്നില്‍വെച്ച് തടഞ്ഞ പോലീസ് അകാരണമായി സ്ത്രീകളടക്കമുളള പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ടി.സി. മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ദേശീയ സമിതിയംഗം എ. ദാമോദരന്‍, സംസ്ഥാന സമിതിയംഗങ്ങളായ എ.പി. ഗംഗാധരന്‍, സി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു.