മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ തൃപ്തികരം; പ്രത്യേക ശ്രദ്ധ വേണം: മന്ത്രി സണ്ണി ജോസഫ്

ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് മഴ ശക്തിപ്പെടുന്ന വേളയിൽ പ്രത്യേക ശ്രദ്ധ തുടരണമെന്ന് നിർദേശം നൽകി.

 

കണ്ണൂർ : ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് മഴ ശക്തിപ്പെടുന്ന വേളയിൽ പ്രത്യേക ശ്രദ്ധ തുടരണമെന്ന് നിർദേശം നൽകി. തിങ്കളാഴ്ച വിളിച്ച ഓൺലൈൻ യോഗത്തിലാണ് വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ ധരിപ്പിച്ചത്.


ജില്ലയിൽ മഴക്കാലത്ത് അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രധാന പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും ജില്ലാ കലക്ടർ പി വിഷ്ണുരാജ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടാലുണ്ടാവുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിച്ച് കളക്ടർ തിങ്കളാഴ്ച യോഗം വിളിച്ചിരുന്നു. വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്തു.

അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കുന്ന കാര്യം മന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു. ആപത്ക്കരമെന്ന് ഇതുവരെ ട്രീ കമ്മിറ്റി കണ്ടെത്തിയ എല്ലാ മരങ്ങളും മുറിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടി അടങ്ങുന്ന ട്രീ കമ്മിറ്റിയാണ് മുറിക്കേണ്ട മരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

ഇതുവരെ ജില്ലയിൽ 1726 ശുചീകരണ പ്രവൃത്തികൾ നടത്തി. ഇതിൽ 1557 പൊതുസ്ഥലങ്ങളാണ്. 104 ഹോട്ട്‌സ്‌പോട്ടുകൾ വൃത്തിയാക്കി. 313.05 ടൺ മാലിന്യം നീക്കം ചെയ്തു. തോടുകൾ, നീർചാലുകൾ, ഓടകൾ എന്നിവ ചേർന്ന് 914.31 കിലോമീറ്റർ  വൃത്തിയാക്കി. 2,50,273 കിണറുകളിൽ ക്ലോറിനേഷൻ നടത്തി. 507 കുളങ്ങൾ വൃത്തിയാക്കി.

മഞ്ഞപ്പിത്ത ബാധ അടുത്തിടെ റിപ്പോർട്ട് ചെയ്തത് വൃത്തിഹീനമായ വെള്ളം കല്യാണം പോലുള്ള പരിപാടികൾക്ക് ഉപയോഗിച്ചതിലൂടെ ആണെന്ന് ഡി.എം.ഒ ഇൻ-ചാർജ് അറിയിച്ചു. ഇക്കാര്യത്തിൽ ശുചിത്വ ബോധവത്കരണ പ്രവർത്തനം നടത്തിവരുന്നു. ജില്ലയിൽ ആവശ്യത്തിനുള്ള മരുന്ന് നിലവിൽ സ്റ്റോക്കുണ്ട്.
ഉത്സവകാലമായതിനാൽ കൊട്ടിയൂരിലേക്ക് സർക്കാർ ഡോക്ടർമാരെ ടീമായി ഷിഫ്റ്റ് വ്യവസ്ഥയിൽ നിയോഗിച്ചുവരുന്നു. മൂന്ന് സ്വകാര്യ ആശുപത്രികളോട് ഡോക്ടർമാരെ കൊട്ടിയൂരിലേക്ക് വിട്ടുനൽകാൻ അഭ്യർഥിച്ചിട്ടുണ്ട്.

അഗ്‌നിശമന സേനയുടെ എല്ലാ സ്റ്റേഷനുകളിലും മരം മുറിക്കേണ്ട ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അഗ്‌നിശമന സേന ഓഫീസർ അറിയിച്ചു. സേനയുടെ കീഴിലുള്ള പരിശീലനം ലഭിച്ച സിവിൽ സർവീസ് വളണ്ടിയർ സജീവമായുണ്ട്.

വിനോദസഞ്ചാര മേഖലയിൽ പാലക്കയം തട്ട്, പൈതൽമല,  ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. പഴശ്ശി ഡാമിലെ ജലനിരപ്പ് തിങ്കളാഴ്ച 21 മീറ്റർ ആണെന്ന് പഴശ്ശി ഇറിഗേഷൻ വിഭാഗം അറിയിച്ചു.

മഴക്കാലത്തിന് മുന്നോടിയായിട്ടുള്ള പ്രവൃത്തികൾ വൈദ്യുത മേഖലയിൽ 100 ശതമാനം പൂർത്തിയാക്കിയതായി കെ.എസ്.ഇ.ബി അറിയിച്ചു. ട്രാൻസ്മിഷൻ തടസ്സം മൂലം ഉണ്ടായ വൈദ്യുതി തടസ്സം പരിഹരിച്ചു കഴിഞ്ഞു.

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കിയതായി ജില്ലാ സാമൂഹ്യനീതി ഓഫീസർ പറഞ്ഞു. മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരും മുന്നൊരുക്ക പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ്, റൂറൽ എസ്.പി അനൂജ് പലിവാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.