ചന്തപ്പുര തെയ്യം മ്യൂസിയം പ്രവൃത്തി പുരോഗതി എം വിജിൻ എംഎൽഎ വിലയിരുത്തി

ചന്തപ്പുര തെയ്യം മ്യൂസിയത്തിന്റെ പ്രവൃത്തി പുരോഗതി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി. തികച്ചും ആചാരാനുഷ്ഠിതമായ ഒരു കലാരൂപം എന്ന നിലയിൽ അതിന്റെ വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കുമൊന്നും ഒരു കോട്ടവും വരാതെ തന്നെ തെയ്യമെന്ന അനുഷ്ഠാനകലയുടെ കഥ പറയുന്ന മ്യൂസിയമാണ് കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിൽ

 

പരിയാരം :ചന്തപ്പുര തെയ്യം മ്യൂസിയത്തിന്റെ പ്രവൃത്തി പുരോഗതി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി. തികച്ചും ആചാരാനുഷ്ഠിതമായ ഒരു കലാരൂപം എന്ന നിലയിൽ അതിന്റെ വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കുമൊന്നും ഒരു കോട്ടവും വരാതെ തന്നെ തെയ്യമെന്ന അനുഷ്ഠാനകലയുടെ കഥ പറയുന്ന മ്യൂസിയമാണ് കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിൽ വണ്ണാത്തി പുഴയോരത്ത് ഒരുങ്ങുന്നതെന്ന് എംഎൽഎ പറഞ്ഞു.മ്യൂസിയത്തിന്റെ രൂപരേഖയുടെ ഓരോ ഘട്ടത്തിലും ഈ രംഗത്തുള്ള ആചാര സ്ഥാനീയരുമായും കോലധാരികളുമായും മറ്റും ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് ഡീറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് (ഡി പി ആർ)  ഉൾപ്പടെ തയ്യാറാക്കിയത്. 

തെയ്യം മ്യൂസിയത്തിനായി 90 സെന്റ് സ്ഥലം മുൻസർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ്  വിട്ടു നൽകിയിരുന്നു. സ്ഥലം ഏറ്റെടുത്ത്  മ്യൂസിയത്തിനുള്ള രൂപരേഖയും മറ്റും തയ്യാറാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ  കരാർ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട്  7.96 കോടി രൂപയുടെ പുതിയ ഭരണാനുമതി നൽകുകയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ നിർമ്മാണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഡിസംബർമാസത്തോടെ ആദ്യഘട്ടം പൂർത്തികരിക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.

എംഎൽഎയ്‌ക്കൊപ്പം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ടി വി ചന്ദ്രൻ, വൈസ് പ്രസിണ്ടന്റ് വി എ കോമളവല്ലി, തെയ്യം മ്യൂസിയം സൂപ്രണ്ട് ചാർജ് ഓഫീസർ പ്രിയരാജൻ പി എസ്, യുഎൽസിസി ഡീനിയർ പ്രൊജക്ട് എഞ്ചിനിയർ അർജുൻ കെ.എം, ആർക്കിടെക് ആദർശ്, വി പി സുഭാഷ്, ടി വി മോഹനൻ എന്നിവരും ഉണ്ടായിരുന്നു.