ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും എം.എൽ.എയ്ക്ക് വിലക്ക്; സംഘാടകർക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്
ഉപജില്ലാ സ്കൂൾ കലോത്സവം, ശാസ്ത്രമേള തുടങ്ങിയ പൊതുപരിപാടികളിൽ നിന്ന് തളിപ്പറമ്പ് എം.എൽ.എയെ തുടർച്ചയായി ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി. സി.പി.എം രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാണ് പ്രാദേശിക സംഘാടക സമിതികൾ സ്ഥലം എം.എൽ.എയെ മനഃപൂർവം മാറ്റിനിർത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തളിപ്പറമ്പ്: ഉപജില്ലാ സ്കൂൾ കലോത്സവം, ശാസ്ത്രമേള തുടങ്ങിയ പൊതുപരിപാടികളിൽ നിന്ന് തളിപ്പറമ്പ് എം.എൽ.എയെ തുടർച്ചയായി ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി. സി.പി.എം രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാണ് പ്രാദേശിക സംഘാടക സമിതികൾ സ്ഥലം എം.എൽ.എയെ മനഃപൂർവം മാറ്റിനിർത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ചട്ടുകപ്പാറയിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയ്ക്ക് പിന്നാലെ, നവംബർ 10 മുതൽ 13 വരെ മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിലും എം.എൽ.എയെ ഒഴിവാക്കിയിരിക്കുകയാണ്. മേളയുടെ ഉദ്ഘാടന, സമാപന സമ്മേളനങ്ങളുടെ പ്രചാരണ പോസ്റ്ററുകളിൽ നിന്ന് പോലും എം.എൽ.എയെ പൂർണ്ണമായും തഴഞ്ഞതായും അവർ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കണമെന്ന സർക്കാർ മാർഗനിർദേശങ്ങളും പ്രോട്ടോകോളും ലംഘിച്ചാണ് സംഘാടകരുടെ ഈ നടപടി. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.
വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് സംഘാടക സമിതിയുടെ നിലപാട് തിരുത്തിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഉസ്മാൻ കൊമ്മച്ചി, അഷ്റഫ് പുളുക്കൂൽ, ആസിഫ് ചപ്പാരപ്പടവ്, അനീഫ മദ്രസ എന്നിവർ പങ്കെടുത്തു.