കണ്ണൂർ കന്റോൻമെന്റ് പ്രദേശത്തെ വിവിധ പദ്ധതികൾ : എംഎൽഎയും സിഇഒയും വിവിധ പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തി
പയ്യാമ്പലത്തെ കന്റോൻമെന്റ് പ്രദേശത്ത് മുടങ്ങി കിടക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ കന്റോൻമെന്റ് ബോർഡ് യോഗത്തിന് ശേഷം പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി അഡ്വ. ടി ഒ മോഹനൻ എംഎൽഎയും കന്റോൻമെന്റ് സിഇഒ ഡോ. പ്രശാന്ത് കുമാർ ബി ഒ യും സംയുക്ത പരിശോധന നടത്തി.
കണ്ണൂർ: പയ്യാമ്പലത്തെ കന്റോൻമെന്റ് പ്രദേശത്ത് മുടങ്ങി കിടക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ കന്റോൻമെന്റ് ബോർഡ് യോഗത്തിന് ശേഷം പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി അഡ്വ. ടി ഒ മോഹനൻ എംഎൽഎയും കന്റോൻമെന്റ് സിഇഒ ഡോ. പ്രശാന്ത് കുമാർ ബി ഒ യും സംയുക്ത പരിശോധന നടത്തി.
ജില്ലാ ആശുപത്രി, ഫിഷ് മാർക്കറ്റിന് മുൻവശം എന്നിവിടുത്തെ റോഡ്, സെന്റ് തെരെസാസ് സ്കൂൾ റോഡിലെ തകർന്ന കലുങ്ക്,
പുതിയ ബസ് സ്റ്റാൻഡിന് പിറകുവശത്തെ നടപ്പാത എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ജില്ലാ ആശുപത്രിക്ക് മുൻപിലെ റോഡ് ഫുട്പാത്തിൽ നിന്ന് വളരെ ഉയർന്നുനിൽക്കുന്നതിനാൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകടമുണ്ടാക്കുന്നതിനാൽ പ്രസ്തുത പ്രദേശം അടിയന്തരമായി കോൺക്രീറ്റ് അല്ലെങ്കിൽ ഇന്റർലോക്ക് ഉപയോഗിച്ച് ഫുട്പാത് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
ഫിഷ് മാർക്കറ്റിന് മുന്നിൽ വളരെ കാലമായി തകർന്നു കിടക്കുന്ന റോഡ് കൺടോൺമെന്റിന്റെ അനുമതി കിട്ടാത്തതിനാൽ അറ്റകുറ്റപണി നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ കോർപ്പറേഷൻ അടിയന്തരമായി എസ്റ്റിമേറ്റ് തയ്യാറാക്കി കൗൺസിലിന്റെ അംഗീകാരത്തോടെ അനുമതിക്കായി കണ്ടോൺമെന്റ് അധികൃതർക്ക് സമർപ്പിച്ചാൽ അനുമതി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സിഇഒ അറിയിച്ചു. മഴ കഴിഞ്ഞാൽ ഉടൻ ടാറിങ് പ്രവർത്തികൾ ആരംഭിക്കാൻ കഴിയും എന്ന് എംഎൽഎ അറിയിച്ചു.
സെന്റ് തെരേസാസ് സ്കൂൾ റോഡിൽ തകർന്ന കലുങ്ക് അടിയന്തരമായി പുനർനിർമ്മിക്കാൻ ആവശ്യമായ നടപടികൾ കന്റോൻണ്മെന്റ് അധികൃതർ സ്വീകരിക്കും.കലുങ്ക് വീതി കൂട്ടി പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ബി ഇ എം എൽ പി സ്കൂൾ അധികൃതർ നൽകാമെന്ന് നേരത്തെ എംഎൽഎ യുമായി നടത്തിയ ചർച്ചയിൽ സി എസ് ഐ അധികൃതർ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ഇതിന് സമീപത്ത് കവറിംഗ് സ്ലാബ് ഇല്ലാത്ത ഓടകൾക്ക് മുകളിൽ സ്ലാബ് ഇട്ട് മൂടുന്നതിനുള്ള നടപടികളും സ്വീകരിക്കും.
പുതിയ ബസ് സ്റ്റാൻഡിന് പിറകുവശത്ത് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന ഡ്രൈനേജും ലൈറ്റ് സ്ഥാപിക്കലും പ്രവർത്തി കാന്റോൺമെന്റ് അധികൃതരുടെ അനുമതി ലഭിക്കാത്തതിനാൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിലും പരിശോധന നടത്തി അതിർത്തി മാർക്ക് ചെയ്ത് ആവശ്യമായ അനുമതി ലഭ്യമാക്കുമെന്നും സിഇഒ അറിയിച്ചു.
ഇതോടൊപ്പം അഞ്ചു കണ്ടി റോഡ് ഉൾപ്പെടെ പ്രദേശത്തെ തകർന്നുകിടക്കുന്ന മുഴുവൻ റോഡുകളും ഡിസംബറിനകം ഗതാഗതയോഗ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു. കന്റോൻമെന്റ് പ്രദേശത്തെ പദ്ധതികൾ സംബന്ധിച്ച് സംയുക്ത പരിശോധന നടത്തുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച സിഇഒ യുമായി നടത്തിയ ചർച്ചയിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് കന്റോൺമെന്റ് യോഗത്തിനുശേഷം സ്ഥല പരിശോധന നടത്താമെന്ന് സി ഇ ഒ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയും സി ഇ ഒ യും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം തല പരിശോധന നടത്തിയത്.
അഡ്വ. ടി ഒ മോഹനൻ എംഎൽഎ, കന്റോൻമെന്റ് സിഇഒ ഡോ. പ്രശാന്ത് കുമാർ ബി ഒ എന്നിവരെ കൂടാതെ കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, കൗൺസിലർ സിറാജുദ്ദീൻ മാങ്ങാട്, കന്റോൺമെന്റ് സ്റ്റേഷൻ സ്റ്റാഫ് ഓഫീസർ കേണൽ എൻ രമേഷ്, കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രശ്മി, അസിസ്റ്റന്റ് എൻജിനീയർ അമ്പിളി തുടങ്ങിയവരും പങ്കെടുത്തു.