കൃഷിക്കാരുടെ ആത്മാഭിമാനം വീണ്ടെടുക്കും: മന്ത്രി ടി സിദ്ദീഖ്
കൃഷിക്കാരുടെ ആത്മാഭിമാനവും കാർഷിക മേഖലയുടെ കരുത്തും വീണ്ടെടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി-മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.
കണ്ണൂർ : കൃഷിക്കാരുടെ ആത്മാഭിമാനവും കാർഷിക മേഖലയുടെ കരുത്തും വീണ്ടെടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി-മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. പേരാവൂർ നവനീതം ഓഡിറ്റോറിയത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആത്മ കർഷക അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ അന്നം തരുന്ന കർഷകരെപ്പറ്റി ചിന്തിക്കാറില്ല. അരിയുടെയും പച്ചക്കറികളുടെയും വിലയെക്കുറിച്ച് ചിന്തിക്കും. വിയർപ്പിന്റെ ചൂരും മണ്ണിന്റെ ഗന്ധവുമുള്ള കർഷകരുടെ അധ്വാനത്തെപ്പറ്റി ഓർക്കാൻ പോലും നമുക്ക് സമയമില്ല. കാർഷികവൃത്തി രണ്ടാം തരമാണെന്ന ചിന്ത എല്ലായിടത്തും കടന്നുവന്നിട്ടുണ്ട്. മനുഷ്യജീവൻ നിലനിർത്താൻ ഏറ്റവും അനിവാര്യമായ ജോലിയും ഉത്തരവാദിത്തപ്രവർത്തനവുമാണ് കൃഷി. മാന്യതയും അഭിമാനവുമുള്ള പ്രവർത്തനമാണത്. കർഷകരെ മാറ്റിനിർത്തി മുന്നോട്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകണം. കർഷകരില്ലെങ്കിൽ നമ്മളില്ല, കുടുംബമില്ല, സമൂഹമില്ല, ഒന്നുമില്ല. അതിനാൽ കർഷകരെ നിലനിർത്താനാവശ്യമായ, അവരുടെ കാലുകൾ മണ്ണിൽ ഉറപ്പിച്ച് നിർത്താൻ ആവശ്യമായ പ്രവർത്തനങ്ങളാണ് സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. അത്തരം പ്രവർത്തനങ്ങൾക്കൊപ്പം എന്നും കൃഷി വകുപ്പ് ഉണ്ടാകുമെന്ന ഉറപ്പ് നൽകുന്നതായും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിൽ നിന്നും അന്യംനിന്ന് പോകുന്ന പുതു തലമുറയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ കൃഷി വകുപ്പും സർക്കാരും പ്രതിജ്ഞാബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ തുടങ്ങിയത്. കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. വിഷാംശമുള്ള പച്ചക്കറികളാണ് നാം പലപ്പോഴും കഴിക്കുന്നത്. ജൈവകാർഷിക മേഖലയിലേക്ക് പോവുക എന്നതാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷാംശമടങ്ങിയ പച്ചക്കറികളെ പുറത്താക്കാമുള്ള മാർഗ്ഗം. വനിതാ കർഷകർക്കായി കൃഷിശക്തി എന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകിയത് ഇതിന്റെ ഭാഗമായാണ്. ആത്മവിശ്വാസമുള്ളവരായി കൃഷിക്കാരെ കൃഷിയിടങ്ങളിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വരൾച്ചയ്‌ക്കെതിരെയുള്ള മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി ടി സിദ്ദീഖ് അറിയിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട് ആമുഖഭാഷണം നടത്തി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ ചുമതലയുള്ള അജിത് മോഹൻ പദ്ധതി വിശദീകരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ നിഷ ബാലകൃഷ്ണൻ (പേരാവൂർ), ലിസി ജോസഫ് (കേളകം), സിസിലി കണ്ണന്താനം (കൊട്ടിയൂർ), ഡോ. ത്രേസ്യ പോൾ (കണിച്ചാർ), അഡ്വ. ജാഫർ നല്ലൂർ (മുഴക്കുന്ന്), സുരേഷ് ബാബു മാസ്റ്റർ (മാലൂർ), പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ ലിസമ്മ ജോസഫ്, ജയ്ഷ ബിജു, നൂറുദ്ദീൻ മുള്ളേരിക്കൽ, അബ്ദുൽ റഷീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയ്‌സൺ കാരക്കാട്, നവ്യ സുരേഷ്, സിജു രാജീവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി അശ്വതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ, മറ്റ് ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മികച്ച സമിശ്ര കർഷകനുള്ള അവാർഡ് കണിച്ചാർ ഗ്രാമപഞ്ചായത്തിലെ കെ എ ജിന്റോയും വനിത കർഷകയ്ക്കുള്ള അവാർഡ് ഷീജ മനോജും ഏറ്റു വാങ്ങി. കോളയാട് ഗ്രാമപഞ്ചായത്തിലെ വി ബാബു മികച്ച എസ് ടി കർഷകനുള്ള അവാർഡ് ഏറ്റുവാങ്ങി. പേരാവൂർ ഗ്രാമപഞ്ചായത്തിലെ അജിത്ത് പീറ്ററാണ് മികച്ച ക്ഷീര കർഷകൻ. ടി യു അജിത്ത് മികച്ച യുവ കർഷകനുള്ള അവാർഡ് നേടി. കേളകം ഗ്രാമപഞ്ചായത്തിലെ അമൃത ബിജു പ്രത്യേക ആദരവിന് അർഹയായി. തുടർന്ന് ആത്മ പേരാവൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക സെമിനാറിൽ മാലൂർ കൃഷി ഓഫീസർ ഷിനു തോമസ് ക്ലാസ്സെടുത്തു.