എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തും: മന്ത്രി ഒ.ആർ കേളു
പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് വിവിധ വായ്പകൾ നൽകി അവരുടെ സാമ്പത്തിക സാമൂഹിക നിലവാരം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ കെ.എസ്.ഡി.സി വഴി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി,
കണ്ണൂർ : പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് വിവിധ വായ്പകൾ നൽകി അവരുടെ സാമ്പത്തിക സാമൂഹിക നിലവാരം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ കെ.എസ്.ഡി.സി വഴി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷന്റെ തളിപ്പറമ്പ് സബ് ഓഫീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ഡി.സിയുടെ സേവനം എല്ലാ പ്രദേശങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് സബ് ഓഫീസുകൾ ആരംഭിക്കുന്നതെന്നും ഇതിന്റെ സേവനം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
തളിപ്പറമ്പ് സീലാൻഡ് ബിൽഡിംഗിലാണ് പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ 21-ാമത് സബ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. മറ്റു ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് നിരവധി ഇളവുകളോടെയാണ് കെ.എസ്.ഡി.സി വായ്പ ലഭ്യമാക്കുന്നത്.
തളിപ്പറമ്പ് മുനിസിപ്പാലിറ്റി ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടിയിൽ സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷൻ ചെയർമാൻ കെ.കെ ഷാജു അധ്യക്ഷനായി. ആന്തൂർ നഗരസഭ അധ്യക്ഷ വി സതീദേവി, തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഉപാധ്യക്ഷ ദീപ രഞ്ജിത്ത്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി രമേശൻ മാസ്റ്റർ എന്നിവർ കുടുംബശ്രീ വായ്പകൾ വിതരണം ചെയ്തു. തളിപ്പറമ്പ് മുനിസിപ്പാലിറ്റി അംഗങ്ങളായ കെ.വി മുഹമ്മദ് കുഞ്ഞി, ടി ബാലകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺമാരായ രാജി നന്ദകുമാർ, കെ.പി ശ്യാമള, സി.വി സ്മിത, കെ.എസ്.ഡി.സി മാനേജിംഗ് ഡയറക്ടർ വി.പി സുബ്രമണ്യൻ, പട്ടികജാതി സംസ്ഥാന ഉപദേശക സമിതി അംഗം കെ ജനാർദനൻ, തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സി ജീന, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ടി.കെ സജിത, കണ്ണൂർ പട്ടികജാതി, പട്ടികവർഗ കോർപ്പറേഷൻ ഓഫീസർ ഇൻ ചാർജ് ടി.ഒ ജയപ്രഭ എന്നിവർ പങ്കെടുത്തു.