കരാർ പുതുക്കി നൽകിയില്ല: കണ്ണൂർ കെ.എസ്.ആർ.ടിസിക്ക് മുൻപിലെ ഫുഡ് ട്രക്കിന് താഴുവീണു

കണ്ണൂർ നഗരത്തിൽ രാത്രി വൈകിയെത്തുന്നവർക്ക് ആശ്വാസമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മിൽമയുടെ ഫുഡ് ട്രക്കിന് താഴുവീണു. ഇതിനായുള്ള അനുമതി കെ.എസ്.ആർ.ടി.സി പുതുക്കി നൽകാത്തതാണ് പൂട്ടാൻ കാരണമായതെന്ന് നടത്തിപ്പുകാർ പറഞ്ഞു.
 

കണ്ണൂർ: കണ്ണൂർ നഗരത്തിൽ രാത്രി വൈകിയെത്തുന്നവർക്ക് ആശ്വാസമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മിൽമയുടെ ഫുഡ് ട്രക്കിന് താഴുവീണു. ഇതിനായുള്ള അനുമതി കെ.എസ്.ആർ.ടി.സി പുതുക്കി നൽകാത്തതാണ് പൂട്ടാൻ കാരണമായതെന്ന് നടത്തിപ്പുകാർ പറഞ്ഞു. ചായക്കട രാവിലെ മുതൽ രാത്രി ഏറെ വൈകിയും തുറക്കാറുള്ളതിനാൽ യാത്രക്കാർക്കും ഉപകാരപ്രദമായിരുന്നു. 

തിരുവനന്തപുരത്ത് തുടങ്ങിയ ലഘുഭക്ഷണശാലയുടെ മാതൃകയിൽ കണ്ണൂരിന് പുറമെ പാലക്കാട്, പെരിന്തൽമണ്ണ, കാസർകോട് എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ ലഘുഭക്ഷണശാലകൾ തുടങ്ങിയിരുന്നത്. കാലപ്പഴക്കത്താൽ കട്ടപ്പുറത്തായ ബസ് രൂപമാറ്റം വരുത്തിയാണ് ലഘു ഭക്ഷണശാലയാക്കി മാറ്റിയത്. ഇതിനായുള്ള ബസും അത് നിർത്തിയിടാൻ ഡിപ്പോയ്ക്ക് സമീപത്തായി സ്ഥലവും കെ.എസ്. ആർ.ടി.സി നൽകി. ബസിൻ്റെ അകത്തളം രൂപ മാറ്റം വരുത്തി ഇതിനായി തയ്യാറാക്കിയത് മിൽമയാണ്.

യാത്രക്കാർക്ക് ബസിനകത്ത് ഇരുന്ന് ചായയും പലഹാരവും കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. ബസിന് പുറത്തുനിന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ചായയും പലഹാരവും മാത്രമല്ല, മിൽമയുടെ 48 ഇനം ഉത്പന്നങ്ങളും ബസിനകത്ത് വില്പനക്കായി വെച്ചിരുന്നു. മിൽമ ഇതിൻ്റെ നടത്തിപ്പ് ചുമതല സ്വകാര്യവ്യക്തിക്കായിരുന്നു നൽകിയിരുന്നത്.

2021 ജൂലായ് 18-ന് അന്നത്തെ മന്ത്രി എം.വി. ഗോവിന്ദനായിരുന്നു ചായക്കട ഉദ്ഘാടനം ചെയ്തത്. മൂന്നു വർഷത്തേക്കാണ് മിൽമയ്ക്ക് ഫുഡ് ട്രക്കിനായി കെ.എസ്.ആർ.ടി.സി. അനുമതി നൽകിയിരുന്നത്. കാലാവധി കഴിഞ്ഞതോടെ മിൽമ ഇത് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇനി പുതുക്കേണ്ടെന്നാണ് കെ.എ സ്.ആർ.ടി.സിയുടെ തീരുമാനം. 

കൂടുതൽ ലാഭകരമായ മറ്റു മാർഗങ്ങൾ കണ്ടെത്താനാണ് തീരുമാനം. മാസം 20,000 രൂപയാണ് വാടകയായി മിൽമ ആദ്യം കെ.എസ്.ആർ.ടി. സി.ക്ക് നൽകിയത്. പിന്നീടത് 30,000 രൂപയോളമായിരുന്നു. എന്നാൽ, നഗരത്തിലെ തിരക്കേറിയ ഇടമായതിനാൽ കൂടുതൽ തുകയ്ക്ക് ഈ സ്ഥലത്ത് രണ്ട് ബങ്കുകൾ തുടങ്ങാനാണ് കെ.എസ്.ആർ.ടി. സിയുടെ തീരുമാനം.