അതിഥി തൊഴിലാളി എൻജിനീയറായി; അഭിമാന നേട്ടവുമായി ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ്
അഞ്ച് വർഷങ്ങൾക്ക് മുമ്പ് അതിഥി തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശിയെ എഞ്ചിനീയറിംഗ് ബിരുദധാരിയാക്കി മാറ്റിയ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിൻ്റെ അഭിമാന നേട്ടം ഏറെ ശ്രദ്ധേയമാകുന്നു
ചെമ്പേരി: അഞ്ച് വർഷങ്ങൾക്ക് മുമ്പ് അതിഥി തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശിയെ എഞ്ചിനീയറിംഗ് ബിരുദധാരിയാക്കി മാറ്റിയ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിൻ്റെ അഭിമാന നേട്ടം ഏറെ ശ്രദ്ധേയമാകുന്നു. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ മാട്ടിപ്പോദ ഗ്രാമത്തിലെ പരേതനായ അലെജ് ഉത്തൻ സിംഗ്-പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് എൻജിനീയറിംഗ് ബിരുദം നേടിയ റിങ്കു ഉത്തൻ സിംഗ്. റിങ്കുവിൻ്റെ മാതാപിതാക്കൾ കൃഷിപ്പണിയും വിവിധ കൂലിപ്പണികളും ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. 2011 ൽ പിതാവിൻ്റെ മരണത്തോടെ ജീവിതം പ്രതിസന്ധിയിലായപ്പോൾ മക്കൾക്ക് തുണയായത് അമ്മയുടെ കഠിനാധ്വാനം മാത്രമായിരുന്നു.
ഉയർന്ന മാർക്കോടെ പ്ലസ് ടു പരീക്ഷ വിജയിച്ച റിങ്കുവിന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നെങ്കിലും ഉപരിപഠനവുമായി മുന്നോട്ടുപോകാൻ കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ അനുവദിച്ചില്ല. റിങ്കുവിൻ്റെ ജ്യേഷ്ഠസഹോദരന്മാരായ രണ്ടുപേർ ഇതിനിടെ ഉപജീവനമാർഗം തേടി കേരളത്തിലെത്തിയിരുന്നു. ചെങ്കൽ പണകളിൽ ജോലി ചെയ്തിരുന്ന സഹോദരൻമാർക്കൊപ്പം ജോലി ചെയ്യാൻ തയാറായി റിങ്കുവും കേരളത്തിലെത്തുകയാണുണ്ടായത്. ചെങ്കൽ പണയിലെ കഠിനാധ്വാനം തുടരുമ്പോഴും ഉപരിപഠനമെന്ന സ്വപ്നം റിങ്കുവിൻ്റെ മനസിലുണ്ടായിരുന്നു. റിങ്കുവിന് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്കും പഠനത്തിലുള്ള താത്പര്യവും കഴിവും ശ്രദ്ധയിൽപെട്ട ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് അധികൃതർ സ്പെഷൽ സ്കോളർഷിപ്പോടെയാണ് റിങ്കുവിന് കോളജിൽ അഡ്മിഷൻ നൽകിയത്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ പ്രവേശനം നേടിയ റിങ്കു തനിക്ക് ലഭിച്ച അസുലഭാവസരം പൂർണമായും പ്രയോജനപ്പെടുത്തി ഏറെ ആത്മാഭിമാനത്തോടെയാണിപ്പോൾ എൻജിനീയറിംഗ് ബിരുദം സ്വന്തമാക്കിയിട്ടുള്ളത്. അതേ സമയം ഈ വിജയം തൻ്റേതുമാത്രമല്ലെന്നും രണ്ട് സഹോദരന്മാരുടെ അധ്വാനവും ത്യാഗവും സ്നേഹവും ചേർന്നതാണെന്നും റിങ്കു പറഞ്ഞു. കഴിഞ്ഞ ദിവസം കോളജിൽ നടന്ന ബിരുദദാന ചടങ്ങിൽ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന സന്തോഷ നിമിഷത്തിൽ പങ്കുചേരാൻ റിങ്കുവിൻ്റെ മാതാവും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും എത്തിയിരുന്നു. ഇതിനിടെ കോളജിലെ പ്ലേസ്മെൻ്റ് ഡ്രൈവ് മുഖേന റിങ്കുവിന് ചെന്നൈയിലെ പ്രമുഖ കമ്പനിയിൽ ജോലിയും ലഭ്യമായിട്ടുണ്ട്.