മട്ടന്നൂർ നഗരസഭാ കൗൺസിലർ കെ കെ അഭിമന്യുവിന് നാടിന്‍റെ അന്ത്യാഞ്ജലി
കഴിഞ്ഞ ദിവസം അന്തരിച്ച മട്ടന്നൂർ നഗരസഭ കൗൺസിലറും സിപിഐ എം കരേറ്റ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ അഭിമന്യു (64)വിന് നാടിന്‍റെ അന്ത്യാഞ്ജലി.
മട്ടന്നൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മട്ടന്നൂർ നഗരസഭ കൗൺസിലറും സിപിഐ എം കരേറ്റ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ അഭിമന്യു (64)വിന് നാടിന്‍റെ അന്ത്യാഞ്ജലി. ഉരുവച്ചാലിലെ രാഷ്ട്രീയത്തിൽ ജനകീയ മുഖമായ അഭിമന്യുവിനെ അവസാനമായി ഒരുനോക്കു കാണുവാനും ആദരാഞ്ജലി അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് മൃതദേഹം പൊതുദർശനത്തിന് വെച്ച ഉരുവച്ചാൽ ടാക്സി സ്റ്റാൻഡിലും വീട്ടിലും നഗരസഭയിലും എത്തിയത്.
മട്ടന്നൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച വി കെ സനോജിന് ഉരുവച്ചാലിൽ സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് കഴിഞ്ഞദിവസം അഭിമന്യു ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്. ഇതേതുടർന്ന് കണ്ണൂർ ചാലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത് ഉരുവച്ചാൽ ടാക്സി സ്റ്റാൻഡിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗവും നിയുക്ത എംഎൽഎയുമായ വി കെ സനോജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ, ഏരിയാ സെക്രട്ടറി എം രതീഷ്, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ഭാസ്കരൻ, ടി കൃഷ്ണൻ, എം രാജൻ, എ കെ ബീന, ലോക്കൽ സെക്രട്ടറി എ കെ സുരേഷ് കുമാർ എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു. മൃതദേഹം പൊറോറ നിദ്രാലയത്തിൽ സംസ്കരിച്ചു.
സ്പീക്കർ എ എൻ ഷംസീർ, ഡോ. വി ശിവദാസൻ എം പി, സി സദാനന്ദൻ എം പി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ചന്ദ്രൻ, പനോളി വത്സൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി ഗോപിനാഥ്, എം വി സരള, കെ ധനഞ്ജയൻ, സക്കീർ ഹുസൈൻ, ഇരിട്ടി നഗരസഭാ ചെയർമാൻ വി വിനോദ് കുമാർ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി സജീവൻ, കൂടാളി പഞ്ചായത്ത് പ്രസിഡന്‍റ് ഇ സജീവൻ, മാലൂർ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് ബാബു, മുഴക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ജാഫർ നല്ലൂർ, കെ ശ്രീധരൻ, കെ ടി ചന്ദ്രൻ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് സി രജനി, സിപിഐ നേതാക്കളായ എ പ്രദീപൻ, സി വിജയൻ, സി എച്ച് വത്സലൻ, ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി ഡി മുനീർ, ആർജെഡി ജില്ലാ സെക്രട്ടറി കെ പി രമേശൻ, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ പി അനിൽകുമാർ, കോൺഗ്രസ് നേതാക്കളായ ടി വി രവീന്ദ്രൻ, എ കെ രാജേഷ്, മുസ്ലിംലീഗ് നേതാവ് ഇ പി ഷംസുദ്ദീൻ എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.