മട്ടന്നൂർ കോളജ് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടൽ ഭീഷണിയിൽ: പ്രതിഷേധം ശക്തമാകുന്നു

കഴിഞ്ഞ 60 വർഷത്തിലധികമായി മട്ടന്നൂർ കോളേജ് പി.ഒ. എന്ന പേരിൽ കോളേജിനകത്ത് പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള അധികൃതരുടെ തീരുമാനം വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും പ്രദേശവാസികളിലും ആശങ്ക സൃഷ്‌ടിക്കുന്നു.

 

മട്ടന്നൂർ: കഴിഞ്ഞ 60 വർഷത്തിലധികമായി മട്ടന്നൂർ കോളേജ് പി.ഒ. എന്ന പേരിൽ കോളേജിനകത്ത് പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള അധികൃതരുടെ തീരുമാനം വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും പ്രദേശവാസികളിലും ആശങ്ക സൃഷ്‌ടിക്കുന്നു. കഴിഞ്ഞ  12 ന് കൂത്തുപറമ്പ പോസ്റ്റ് ഓഫീസ് ഇൻസ്പെക്ടർ ഇറക്കിയ സർക്കുലറിൽ മട്ടന്നൂർ കോളേജ് പോസ്‌റ്റ് ഓഫീസ് മട്ടന്നൂർ സെക്ഷനിൽ ലയിപ്പിക്കുന്നതിൻ്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരിയോട് മറ്റു പോസ്റ്റ് ഓഫീസിലേക്ക് ഓപ്ഷൻ നൽകുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. 

പോസ്റ്റ് ഓഫീസ് അർബൻ ഏരിയയിൽ സ്ഥിതിചെയ്യുന്നുവെന്ന  കാരണം ചൂണ്ടിക്കാണിച്ചാണ് കോളേജ് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുവാനുള്ള ശ്രമം പോസ്റ്റൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടക്കുന്നത്. മട്ടന്നൂർ നഗരസഭയുടെ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന പോസ്റ്റ് ഓഫീസ് കൂടാളി പഞ്ചായത്തിലെ വെള്ളിയാപറമ്പ  മേഖലയിലെ ജനങ്ങൾക്ക് മട്ടന്നൂർ നഗരത്തിൻ പോകാതെതന്നെ പോസ്റ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിച്ചതാണ്. നിലവിലെ ജനസംഖ്യാനുപാതം വച്ചുനോക്കിയാലും പോസ്റ്റ് ഓഫീസ് എടുത്തുകളയേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. 

പുതു തലമുറയിലെ വിദ്യാർത്ഥികൾക്ക് പോസ്റ്റൽ സേവനങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടുകൂടി  ഇന്ത്യൻ പോസ്റ്റൽ സർവീസ് മുന്നോട്ട് പോകുമ്പോൾ കോളേജ് ക്യാമ്പസിലെ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടിനുള്ള  നീക്കത്തിനെതിരെ ശക്തമായപ്രതിഷേധം ഉയരുന്നുണ്ട്.തപാൽ വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ പൂട്ടിയത് 36 പോസ്റ്റ് ഓഫീസുകളാണ്. 86 എണ്ണം അടുത്തഘട്ടം പൂട്ടുമെന്നാണ് അറിയിപ്പ്. പോസ്റ്റൽ ഡിവിഷനുകൾക്കുകീഴിലെ സബ്, ബ്രാഞ്ച് ഓഫീസുകളാണ് പൂട്ടിയത്. ഒറ്റപ്പാലം -അഞ്ച്, പാലക്കാട് - മൂന്ന്, കൊല്ലം - ഒന്ന്, കണ്ണൂർ - നാല്, തൃശൂർ - രണ്ട്, മഞ്ചേരി രണ്ട്, തിരൂർ - രണ്ട്, കാസർകോട് - മൂന്ന്, വടകര -രണ്ട്, എറണാകുളം -രണ്ട്, ഇരിങ്ങാലക്കുട-മൂന്ന്, തിരുവനന്തപുരം നോർത്ത് -രണ്ട്, തിരുവനന്തപുരം സൗത്ത് – രണ്ട്, ചങ്ങനാശേരി - മൂന്ന് എന്നിങ്ങനെയാണ് പൂട്ടിയ പോസ്റ്റ് ഓഫീസുകളുടെ എണ്ണം.