കെ. സുധാകരനെതിരെ മമ്പറം ദിവാകരൻ,കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കിയാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുന്നറിയിപ്പ്
ധർമ്മടം:നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂർ കോൺഗ്രസിൽ പോര് മുറുകുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ സ്ഥാനാർത്ഥിയാക്കിയാൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ പ്രഖ്യാപിച്ചു.
ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സുധാകരനെതിരെ ആഞ്ഞടിച്ചത്. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാഴ്ത്തി സീറ്റ് കൈക്കലാക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുമ്പോൾ അത് ഇല്ലാതാക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. സുധാകരനെ മത്സരിപ്പിച്ചാൽ കണ്ണൂർ സീറ്റ് കോൺഗ്രസിന് നഷ്ടപ്പെടുമെന്നും മമ്പറം ദിവാകരൻ മുന്നറിയിപ്പ് നൽകി.
കെ.സുധാകരന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ എല്ലാ കാര്യങ്ങളും തനിക്ക് അറിയാമെന്നും വരും ദിവസങ്ങളിൽ അവയെല്ലാം തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ മമ്പറം ദിവാകരന്റെ പരസ്യമായ ഈ കലാപക്കൊടി പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്