എം. ജയലക്ഷ്മി പുരസ്കാരം മുരളി ടീച്ചർക്ക് നൽകും

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന എം. ജയലക്ഷ്മിയുടെ പേരിൽ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരം ഈ വർഷം സാമൂഹ്യപ്രവർത്തകയായ മുരളിടീച്ചർക്ക് നൽകും .

 


കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന എം. ജയലക്ഷ്മിയുടെ പേരിൽ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരം ഈ വർഷം സാമൂഹ്യപ്രവർത്തകയായ മുരളിടീച്ചർക്ക് നൽകും .കേരളത്തിലെ  സാമൂഹ്യമുന്നേറ്റങ്ങൾക്ക്  നേർസാക്ഷ്യമായ ജീവിതമാണ് മുരളി ടീച്ചറുടേത്. സാമൂഹ്യ പരിഷ്കർത്താക്കളായ പള്ളം കൃഷ്ണൻ നമ്പൂതിരി- ആര്യ പള്ളം ദമ്പതികളുടെ മകളായ മുരളി ടീച്ചർ ജീവിതത്തിൽ നവോത്ഥാന മൂല്യങ്ങൾ പാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും മികച്ച മാതൃകയായി നിലകൊള്ളുന്നു.

നവോത്ഥാന നായകരുടെയും കമ്യൂണിസ്റ്റ്  പാർടി പ്രവർത്തകരുടെ യും കേന്ദ്രമായിരുന്ന പട്ടാമ്പി കൊപ്പത്തെ പള്ളത്ത് മനയിൽ 1933 ലാണ് മുരളി ടീച്ചർ ജനിച്ചത്. അനാചാരങ്ങൾക്കെതിരെ നിരന്തരം സ്വരമുയർന്ന, പോരാട്ടങ്ങൾ സജീവമായിരുന്ന  അന്തരീക്ഷത്തിലാണ്  മുരളി ടീച്ചറും സഹോദരങ്ങളും വളർന്നത്. മാതാപിതാക്കൾ കാട്ടിയ വഴിയിലൂടെ യായിരുന്നു എന്നും സഞ്ചാരം. വസൂരി, കോളറ ചികിത്സകനും നാടകരചന, സംവിധാനം, അഭിനയം, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനം എന്നിവയിൽ ശ്രദ്ധേയനുമായിരുന്നു അച്ഛൻ കൃഷ്ണൻ നമ്പൂതിരി. വള്ളുവനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. അമ്മ ആര്യ പള്ളം കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ നവോത്ഥാന പ്രവർത്തകയും.

ആമയൂർ നോർത്ത് എ എൽ പി സ്കൂൾ, തൃശൂർ നമ്പൂതിരി വിദ്യാലയം എന്നിവിടങ്ങളി ലായിരുന്നു മുരളി ടീച്ചറുടെ പ്രാഥമിക വിദ്യാഭ്യാസം. പട്ടാമ്പി സി ഇ നായർ സ്കൂളിലായിരുന്നു ഹൈസ്കൂ‌ൾ പഠനം. ഒറ്റപ്പാലം ഗാന്ധി ആശ്രമം ബേസിക് ടീച്ചേഴ്‌സ് ട്രെയിനിങ് സ്കൂളിൽനിന്ന് അധ്യാപകപരിശീലനം നേടി. പട്ടാമ്പി ഗവ. ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായി. 

25-ാം വയസ്സിൽ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്ന പള്ളിശേരി മനയിലെ കൃഷ്ണൻ നമ്പൂതിരിയുമായി വിവാഹം. പഠനകാലത്ത് വിദ്യാർഥി പ്രസ്ഥാ നത്തിൽ സജീവമായിരുന്നു. അധ്യാപികയായപ്പോൾ കേരള ഗവ. പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ, കെജിപിടിഎ. കെജിടിഎ, എഫ്‌എസ്ഇടിഒ തുടങ്ങിയ സംഘടനകളുടെ സംസ്ഥാനതല ഭാര വാഹിയായി. 

കെഎസ്എസ്‌പിയു, മഹിളാ അസോസിയേഷൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളുടെ യും ഭാരവാഹിയായി. നിലവിൽ സി പിഐ എം മേലേ പട്ടാമ്പി ബ്രാഞ്ച് അം ഗമാണ്. പട്ടാമ്പി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചു.കൊപ്പം അഭയം ട്രസ്‌റ്റിന്റെ പ്രവർ ത്തനങ്ങളിൽ തുടക്കംമുതൽ സജീവമാണ്. ട്രസ്റ്റിൻ്റെ ചെയർപേഴ്‌സണായും പ്രവർത്തിച്ചു. പള്ളത്തുനിന്ന് ഭാഗമായി കിട്ടിയ മൂന്നേക്കർ ഭൂമി ട്രസ്റ്റിന് സൗജന്യമായി നൽകി. 2017ൽ ശാരീരിക അവശത ബാധിക്കുന്നതുവരെ അഭയത്തിലെ സ്ത്രീകളുടെ ഹോം മാനേജരായിരുന്നു.അഭയത്തിൽ വിശ്രമജീവിതം നയിക്കുന്ന മുരളി ടീച്ചറുടെ ജീവിതം വരും തലമുറകൾക്ക് .വഴികാട്ടിയാണ്. ജൂലൈ 25 ന് കൊപ്പത്തെ അഭയത്തിൽ നടക്കുന്ന ചടങ്ങിൽ   മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത പുരസ്കാരം സമ്മാനിക്കും.