ടേണിങ് പോയിൻറ്  വിദ്യാഭ്യാസ എക്സ്പോയ്ക്ക് തളിപ്പറമ്പ് ഒരുങ്ങുന്നു : ലോഗോ പ്രകാശനം ചെയ്തു

 വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയുന്നതിന് അവസരമൊരുക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനുമായി തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന 'ടേണിങ് പോയിൻറ്' വിദ്യാഭ്യാസ എക്സ്പോയുടെ മൂന്നാം പതിപ്പിന് തുടക്കമാവുകയാണ്. '

 

തളിപ്പറമ്പ :  വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയുന്നതിന് അവസരമൊരുക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനുമായി തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന 'ടേണിങ് പോയിൻറ്' വിദ്യാഭ്യാസ എക്സ്പോയുടെ മൂന്നാം പതിപ്പിന് തുടക്കമാവുകയാണ്. 'ടേണിങ് പോയിൻറ്' ലോഗോ എം.വി. ഗോവിന്ദൻ  നിഖില വിമലിന് നൽകി പ്രകാശനം നിർവഹിച്ചു.കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ശ്രീ. അനൂപ് കുമാർ , ശ്രീ കെ.സി. സുനിൽ,പി.ഒ. മുരളീധരൻ, ശ്രീ മനോജ് കുമാർ , ശ്രീമതി. ജാൻസി ജെയിംസ് എന്നിവർ സംസാരിച്ചു ഡോ. രാജേഷ്.കെ.പി സ്വാഗതം ആശംസിച്ചു.

 എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായാണ് ടേണിങ് പോയിൻ്റ് വിദ്യാഭ്യാസ എക്സ്പോ സംഘടിപ്പിക്കുന്നത്.കഴിഞ്ഞ രണ്ട് തവണയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയായി ടേണിങ് പോയിൻ്റ്
മാറിയിരുന്നു.

 ഇത്തവണ കൂടുതൽ മികവുറ്റ രീതിയിൽ എക്സ്പോ സംഘടിപ്പിക്കുകയാണ്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ടേണിങ് പോയിൻറ് വിദ്യാഭ്യാസ എക്സ്പോ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ 2024 നവംബർ 14, 15 തീയ്യതികളിൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.

ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് അഭിരുചിക്കനുസരിച്ച് ഏത് കോഴ്സ് തിരഞ്ഞെടുക്കണം, ജോലി സാധ്യതകൾ എന്തൊക്കെയാണ്, ഏതെല്ലാം മേഖലയിൽ സ്കോളർഷിപ്പ് സംവിധാനത്തോടെ പഠിക്കാം, നൂതനമായ കോഴ്സുകൾ ഏതൊക്കെ , വിദ്യാർത്ഥികളുടെ മുന്നേറ്റത്തിൽ രക്ഷിതാക്കളുടെ ഉത്തരവാദിത്തങ്ങൾ തുടങ്ങി വിവിധ മേഖലകളെ കുറിച്ച്  ദിശാബോധം നൽകുന്ന സവിശേഷമായ ഇടപെടലാണ് ടേണിങ് പോയിൻ്റ്.

ഉന്നത ബിരുദം നേടിയ വിദ്യാർത്ഥികൾക്കും  വിവിധ തൊഴിൽ മേഖലകൾ ഏതൊക്കെയാണ് എന്ന് പരിചയപ്പെടുന്നതിനും അനുയോജ്യമായ തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനും ടേണിങ് പോയിൻ്റ് ലക്ഷ്യമിടുന്നു. വിവിധ മേഖലകളിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗം, സ്പേസ് എൻജിനീയറിങ്, നാനോ ടെക്നോളജി, ജനറ്റിക് എഞ്ചിനീയറിങ്,  മൈക്രോബയോളജി, ഇൻഫർമേഷൻ ടെക്നോളജി, ശാസ്ത്രം, സാങ്കേതികം, ആർട്സ്, സ്കിൽ എജ്യുക്കേഷൻ, ഡാറ്റാ സയൻസ്,  സിവിൽ സർവീസ്, പാരന്റിംഗ്, അകൗണ്ടിങ് മേഖലയിലെ ഉന്നത പഠന സാധ്യതകൾ, വിദേശ പഠന സാധ്യതകൾ, മാനേജ്മെൻ്റ് പഠന സാധ്യതകൾ തുടങ്ങിയ വിവിധ മേഖലകളിലെ വിദ്യാഭ്യാസ വിദഗ്ധരുമായി വിദ്യാർത്ഥികൾക്ക് സംസാരിക്കാനുള്ള അവസരം  എക്സ്പോയിൽ ഉണ്ടാവും. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്ന സെഷനുകളും ഇതിനുപുറമേ എല്ലാ മേഖലയിലുള്ളവർക്കും പങ്കെടുക്കാവുന്ന സെഷനുകളും എക്സ്പോയിൽ ഉണ്ടാകും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സർവകലാശാലകൾ, വിദേശ സർവകലാശാലകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് അടുത്തറിയുന്നതിനും വിവിധ സ്കോളർഷിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ, ഡിജിറ്റൽ പഠന സാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനും എക്സ്പോ ലക്ഷ്യമിട്ടുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ധർ, കലാകായിക മേഖലകളിലെ പ്രശസ്തർ, കരിയർ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ സെമിനാറുകൾ എക്സ്പോയുടെ പ്രത്യേകതയാണ്.ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ ഇൻ്ററാക്റ്റീവ് സെമിനാർ സെഷനുകൾ ഉണ്ടായിരിക്കും. ഓരോ വിദ്യാർത്ഥിക്കും അവർക്ക് ആവശ്യമായ സെഷനുകളിൽ പങ്കെടുക്കുന്നതിന് അവസരം നൽകും. വിദ്യാർത്ഥികൾക്ക് വിജ്ഞാനപ്രദമാകുന്ന തരത്തിൽ വിവിധ യൂണിവേഴ്സിറ്റികൾ, മറ്റ് ഉന്നത  വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും സേവനങ്ങളും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. 

മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് അവരുടെ അഭിരുചി മനസ്സിലാക്കി ഏതൊക്കെ കോഴ്സുകൾ തിരഞ്ഞെടുക്കണം എന്ന് മനസ്സിലാക്കുന്നതിന് കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ രണ്ട് ദിവസവും എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് ഈ പരീക്ഷ. ഇതിലൂടെ വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും ഏതു മേഖലയിലാണ് അവർക്ക് തിളങ്ങാനാവുക എന്ന് തിരിച്ചറിയാം. ഇതനുസരിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ പഠനം ക്രമീകരിക്കുവാനും സാധിക്കും.

സ്കൂളുകളിലും കോളേജുകളിലും നേരത്തെ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് ടേണിങ് പോയിൻ്റ് വിദ്യാഭ്യാസ എക്സ്പോയിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാവുക. മുൻകൂട്ടി രജിസ്ട്രേഷൻ എക്സ്പോയിൽ പങ്കെടുക്കുന്നതിന് നിർബന്ധമാണ് . ഓരോ കുട്ടിയുടെയും താൽപര്യവും അഭിരുചിയും അനുസരിച്ച്  ഏതൊക്കെ സെഷനുകളിലാണ് പങ്കെടുക്കുന്നത്തിന് താലപര്യം എന്നതിൻ്റെ അടിസ്ഥാനത്തിൽ ഓരോ വിദ്യാലയത്തിലെയും കരിയർ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ആയിരിക്കും രജിസ്ട്രേഷൻ നടത്തുന്നത്. മണ്ഡലത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേരിട്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് 8848649239 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നവംബർ 14,15 തീയതികളിലായി സംഘടിപ്പിക്കുന്ന എക്സ്പോയുടെ വിവിധ സെഷനുകളിൽ സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് എങ്ങനെ പഠിക്കാം, മാനേജ്മെൻ്റ് പഠനം , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ അനലറ്റിക്സ്, കൊമേഴ്സ് ആൻഡ് ചാർട്ടേഡ് കോഴ്സുകൾ ,  9, 10 ക്ലാസ് വിദ്യാർത്ഥികളുടെ ഉന്നത പഠന സാധ്യതകൾ, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പാരന്റിങ്, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സ്റ്റാർട്ടപ്പ് ആൻഡ് എൻ്റർപ്രണർഷിപ്പ്,സ്പേസ് എൻജിനീയറിങ്,ന്യൂ ട്രെൻഡ്സ് ഇൻ കരിയർ,വിദേശ പഠനം, മാനവിക വിഷയങ്ങളിലെ പഠന സാധ്യത,മെഡിക്കൽ, പാരാമെഡിക്കൽ മേഖലയുടെ സാധ്യതകൾ, എൻജിനീയറിങ് മേഖലയുടെ സാധ്യതകൾ, മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസിൽ എങ്ങനെ മുന്നേറാം തുടങ്ങിയ വിപുലമായ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ സഹായകരമാകുന്ന വിവിധ വിഷയങ്ങളാൽ സവിശേഷമായ ശ്രദ്ധയാകർഷിക്കുന്നതായിരിക്കും ടേണിങ് പോയിൻ്റ് വിദ്യാഭ്യാസ എക്സ്പോയുടെ ഈ മൂന്നാമത് പതിപ്പ്. 

തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വൈജ്ഞാനിക മേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളുടെ അനുമോദിക്കുന്ന ചടങ്ങ് ഈ വർഷം വളരെ മികച്ച രീതിയിൽ നമുക്ക് നടത്താൻ സാധിച്ചു.  കുട്ടികൾക്ക് പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിന് 'പരിരക്ഷ' എന്ന പേരിൽ മോട്ടിവേഷൻ ക്ലാസും കൗൺസിലിംഗ് ക്ലാസുകളും എല്ലാ വിദ്യാലയങ്ങളിലും  സംഘടിപ്പിക്കുന്നതിനും നമുക്ക് സാധിച്ചിട്ടുണ്ട്. 

കുട്ടികൾക്കും വിദ്യാലയ പ്രവർത്തകർക്കും എംഎൽഎയോട് സംസാരിക്കുന്നതിനും വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ പങ്കുവെക്കുന്നതിനും  L2 Care mobile App വിദ്യാലയങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികളുടെ കായിക ക്ഷമത ഉറപ്പുവരുത്തുന്നതിനായി യോഗ പരിശീലനം ഉൾപ്പെടെയുള്ള ഇടപെടലുകൾ നടത്തിവരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ഇതുവരെ ഇല്ലാത്ത മുന്നേറ്റമാണ് തളിപ്പറമ്പിൽ ഉണ്ടായിട്ടുള്ളത്. ഭൂരിപക്ഷം സർക്കാർ വിദ്യാലയങ്ങൾക്കും കെട്ടിടം നിർമ്മിക്കുന്നതിനായി ഫണ്ട് ഈ സർക്കാർ നൽകുകയുണ്ടായി. സ്കൂളുകൾക്ക് ആവശ്യമായ കമ്പ്യൂട്ടർ ലാബ് , കളിക്കാനുള്ള മൈതാനം എന്നിവയൊക്കെ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചു. 

തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വളരെ പ്രധാനപ്പെട്ട മറ്റൊരു പദ്ധതിയായ ടേണിങ് പോയിൻ്റ് കരിയർ ഗൈഡൻസ് എക്സ്പോയും ഈ രീതിയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രധാന വിദ്യാഭ്യാസ പരിപാടികളിൽ ഒന്നാണ്.