ലൈഫ് മിഷൻ: കണ്ണൂർ ജില്ലയിൽ 23,372 വീടുകളുടെ നിർമ്മാണം പൂർത്തിയായി
ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിൽ 2017 മുതൽ ഇതുവരെ കണ്ണൂർ ജില്ലയിൽ 23,372 വീടുകളുടെ നിർമ്മാണം പൂർത്തിയായി. ഇതുവരെ ആകെ 26,046 വീടുകൾ അനുവദിച്ചതിൽ ബാക്കി
കണ്ണൂർ : ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിൽ 2017 മുതൽ ഇതുവരെ കണ്ണൂർ ജില്ലയിൽ 23,372 വീടുകളുടെ നിർമ്മാണം പൂർത്തിയായി. ഇതുവരെ ആകെ 26,046 വീടുകൾ അനുവദിച്ചതിൽ ബാക്കി 2674 വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിൽ ഭൂമിയുള്ള ഭവന രഹിതരും ഭൂരഹിത ഭവന രഹിതരും ഉൾപ്പെടുന്നു. സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 24ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കുകയാണ്.
ജില്ലയിൽ ഭൂമിയുള്ള ഭവന രഹിതരിൽ 24,317 പേർക്ക് വീട് അനുവദിച്ചതിൽ 21,955 പേർ ഭവന നിർമ്മാണം പൂർത്തീകരിച്ചു. 2362 പേരുടെ വീട് അന്തിമ ഘട്ടത്തിലാണ്. ഭൂരഹിത ഭവന രഹിതരിൽ 1729 പേർക്ക് വീട് അനുവദിച്ചതിൽ 1417 പേർ വീട് നിർമ്മാണം പൂർത്തീകരിച്ചു. 312 പേരുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.കടമ്പൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ലൈഫ് ഭവന സമുച്ചയത്തിൽ ഭൂരഹിത, ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 44 പേർക്ക് ഫ്ളാറ്റ് അനുവദിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ കെയർ ഹോം ഫ്ളാറ്റിൽ കുറുമാത്തൂർ, ആന്തൂർ, പരിയാരം, മയ്യിൽ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും 18 ഭൂരഹിത ഭവന രഹിതരെയും പുനരധിവസിപ്പിച്ചു. ജില്ലാ പഞ്ചായത്തും പട്ടിക ജാതി വകുപ്പും സംയുക്തമായി ഏഴോം ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഭവന സമുച്ചയത്തിൽ ഏഴോം, മാടായി, പാപ്പിനിശ്ശേരി, ചിറക്കൽ, മാട്ടൂൽ, കണ്ണപുരം ഗ്രാമ പഞ്ചായത്തിലെ 18 പട്ടിക ജാതി ഗുണഭോക്താക്കൾക്ക് ഫ്ളാറ്റ് ലഭ്യമാക്കി. പട്ടുവം ഗ്രാമ പഞ്ചായത്തിൽ ഹൗസിംഗ് ബോർഡ് നിർമ്മിച്ച 24 അപ്പാർട്ട്മെൻറുകളോടുകൂടിയ ഭവന സമുച്ചയം പട്ടുവം ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് കൈമാറാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് അപ്പാർട്ട്മെൻറുകളോടുകൂടിയ ഫ്ളാറ്റ് സമുച്ചയം എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര, രാമന്തളി, കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തുകളിലെ ഓരോ ഗുണഭോക്താക്കൾക്ക് നൽകി.ജില്ലയിലെ ആകെ 81ൽ 64 തദ്ദേശ ഭരണ സ്ഥാപനങ്ങൾ ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിലെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ഭവന നിർമ്മാണ ആനുകൂല്യം നൽകി. ആദ്യഘട്ടത്തിൽ വിവിധ പദ്ധതികളിലായി നിർമ്മാണം പാതിവഴിയിലെത്തി വീടുകളുടെ പൂർത്തീകരണമാണ് ലക്ഷ്യമിട്ടത്. ഇതിൽ 2645 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടാംഘട്ടമായി ഭൂമിയുള്ള ഭവന രഹിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട 2546 വീടുകളും മൂന്നാംഘട്ടം ഭൂമിയും വീടും ഇല്ലാത്തവർക്ക് വേണ്ടിയായിരുന്നു. ഈ ഘട്ടത്തിൽ 751 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്.
തുടർന്ന് അഡീഷണൽ ലിസ്റ്റ് തയ്യാറാക്കി. പട്ടികജാതി, പട്ടികവർഗം, മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ അഡീഷണൽ ലിസ്റ്റിൽ നിന്നും 1693 ഗുണഭോക്താക്കളെ കണ്ടെത്തി. കൂടാതെ അതിദരിദ്ര ഗുണഭോക്താക്കൾക്കുൾപ്പെടെ 6187 ഗുണഭോക്താക്കളുടെ ലൈഫ്-2020 പട്ടിക തയ്യാറാക്കി. വിവിധ വകുപ്പുകൾ മുഖേന 2023 ഗുണഭോക്താക്കളുടെയും പി എം എ വൈ അർബൻ, പിഎംഎവൈ റൂറൽ പട്ടികകളിൽനിന്ന് 7498 പേരുടേയും ഭവന നിർമ്മാണം പൂർത്തികരിക്കുന്നതിന് സാധിച്ചു
'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നായി 280 സെന്റ് ഭൂമി വാഗ്ദാനം ലഭിക്കുകയും ആയതിൽ 265 സെന്റ് ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ച് ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന 15 സെന്റ് ഭൂമി ആലക്കോട് ഗ്രാമ പഞ്ചായത്തിൽ നിന്നും വാഗ്ദാനം ലഭിച്ചതാണ്. രജിസ്ട്രേഷൻ നടപടി പുരോഗമിച്ചു വരുന്നു. 11 ഗുണഭോക്താക്കൾക്ക് ചിറ്റിലപ്പിള്ളി ഭവന നിർമ്മാണ പദ്ധതി വഴി ഭൂമി വാങ്ങുന്നതിനുള്ള ആനുകൂല്യവും നൽകിയിട്ടുണ്ട്.