വസ്തുത മനസ്സിലാക്കാതെ പ്രതികരിക്കുന്നു; ആധാരമെഴുത്തുകാരുടെ സംഘടനയെ വിമർശിച്ച് ലെൻസ്ഫെഡ് ജില്ലാ കമ്മറ്റി ഭാരവാഹികൾ

എൻജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ വാല്വേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാരം രജിസ്റ്റർ ചെയ്തെന്ന പരാതിക്ക് പിന്നിൽ എൻജിനീയർമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണെന്ന ആധാരമെഴുത്തുകാരുടെ സംഘടനയുടെ പ്രതികരണം വസ്തുത മനസിലാക്കാതെയെന്ന് ലെൻസ്ഫെഡ് ജില്ലാ കമ്മറ്റി ഭാരവാഹികൾ.
 

തളിപ്പറമ്പ: എൻജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ വാല്വേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാരം രജിസ്റ്റർ ചെയ്തെന്ന പരാതിക്ക് പിന്നിൽ എൻജിനീയർമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണെന്ന ആധാരമെഴുത്തുകാരുടെ സംഘടനയുടെ പ്രതികരണം വസ്തുത മനസിലാക്കാതെയെന്ന് ലെൻസ്ഫെഡ് ജില്ലാ കമ്മറ്റി ഭാരവാഹികൾ. തളിപ്പറമ്പിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലെൻസ്ഫെഡ് ഭാരവാഹികൾ പ്രതികരണവുമായി രംഗത്ത് വന്നത്.

ലെൻസ്ഫെഡ് തളിപ്പറമ്പ് ഈസ്റ്റ് യൂനിറ്റ് മെമ്പറായ ജമുന ജോസഫിൻ്റെ വ്യാജസീലും ഒപ്പും ഉപയോഗിച്ച് 2024 ജനുവരി മുതൽ മൂന്നു മാസം കൊണ്ട് വ്യാജവാല്വേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാക്കി 64 ആധാരങ്ങൾ 
ആലക്കോട് സബ്ബ് റജിസ്ട്രാർ ഓഫിസിൽ രജിസ്ട്രേഷൻ നടത്തിയതുമായി ബന്ധപ്പെട്ട് ആലക്കോട് പൊലിസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ യാതൊരു യോഗ്യതയുമില്ലാത്തയാൾ എൻജിനിയരുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് വ്യാജ വാല്വേഷൻ സർട്ടിഫിക്കറ്റ് നൽകിയതിനെ ന്യായീകരിച്ചു കൊണ്ട് എൻജിനീയർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പരാതിക്കു പിന്നിലെന്ന് ആധാരം എഴുത്തുകാരുടെ സംഘടന പത്രക്കുറിപ്പിറക്കിയെന്നും ഇത് യാഥാർത്ഥ്യത്തിന് നിരക്കാത്തതും വസ്തുതകൾ പരിശോധിക്കാതെയുള്ള പ്രതികരണമാണെന്നും ലെൻസ്ഫെഡ് ഭാരവാഹികൾ പറഞ്ഞു. 

ആലക്കോട് നടന്ന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വ്യാജവാല്വേഷൻ സർട്ടിഫിക്കറ്റ് നൽകിയ വ്യക്തിക്ക് നിലവിൽ പ്ലാൻ തയ്യാറാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കുന്നതിനുള്ള യോഗ്യതയില്ല. വാല്വേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് എൻജിനീയർ ബി, എൻജിനീയർ എ മുതൽ മുകളിലോട്ടുള്ള ലൈസൻസികൾക്ക് മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഗ്രാജേറ്റ് എഞ്ചിനീയർമാർക്ക് മാത്രമാണ് നേരിട്ട് എഞ്ചിനീയർ എ ലൈസൻസ് ലഭിക്കുന്നത്. 

വാല്വേഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് ഇത്രയും യോഗ്യതയും പ്രവർത്തിപരിചയവും ആവശ്യമാണെന്നിരിക്കെ യാതൊരു യോഗ്യതയുമില്ലാത്തയാൾ എൻജിനിയരുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് വ്യാജ വാല്വേഷൻ സർട്ടിഫിക്കറ്റ് നൽകിയതിനെ ന്യായീകരിച്ചു കൊണ്ടാണ് ആധാരം എഴുത്തുകാരുടെ സംഘടന പത്രക്കുറിപ്പിറക്കിയത്. ഈ പ്രസ്‌താവന അടിസ്ഥാനരഹിതമാണെന്നും 
അതോടൊപ്പം ലൈസൻസികളല്ലാത്ത വ്യക്തികൾ നടത്തുന്ന പ്ലാൻ സമർപ്പിക്കലുമായി ബന്ധപ്പെട്ട ഓഫീസുകൾക്കെതിരെയും  വ്യാജന്മാർക്കെതിരെയും സംസ്ഥാന സർക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കർശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

തളിപ്പറമ്പിൽ നടന്ന സമ്മേളനത്തിൽ ലെൻസ്‌ ഫെഡ് ജില്ലാപ്രസിഡണ്ട് കെ.വി പ്രസീജ് കുമാർ, ജില്ലാ സെക്രട്ടറി വി.സി ജഗത്‌പ്യാരി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഏ.സി. മധുസൂദനൻ, ഏരിയ പ്രസിഡണ്ട് റെജീഷ് മാത്യു,ജമുന ജോസഫ് എന്നിവർ പങ്കെടുത്തു.