മുങ്ങിമരണങ്ങളില്ലാത്ത നാട്’: പയ്യന്നൂരിൽ ചാൾസൺ സ്വിമ്മിംഗ് അക്കാദമിയുടെ നീന്തൽ യജ്ഞം

മുങ്ങിമരണങ്ങളില്ലാത്ത നാട്, ലോകസമാധാനം നീന്തലിലൂടെ എന്ന സന്ദേശവുമായി ചാള്‍സണ്‍ സ്വിമ്മിംങ്ങ് അക്കാദമിയുടെ നേതൃത്വത്തില്‍ പെരുമ്പ പുഴയില്‍ നീന്തല്‍ മഹായജ്ഞം സംഘടിപ്പിച്ചു. 31 ന് വൈകുന്നേരം കണ്ണൂര്‍ പയ്യാമ്പലം കടലില്‍ നടത്തുന്ന സത്യാഗ്രഹത്തിന്റേയും കടല്‍ ജലശയനത്തിന്റേയും ഭാഗമായാണ് പെരുമ്പ പുഴയില്‍ നീന്തല്‍ യജ്ഞം സംഘടിപ്പിച്ചത്

 


പയ്യന്നൂര്‍: മുങ്ങിമരണങ്ങളില്ലാത്ത നാട്, ലോകസമാധാനം നീന്തലിലൂടെ എന്ന സന്ദേശവുമായി ചാള്‍സണ്‍ സ്വിമ്മിംങ്ങ് അക്കാദമിയുടെ നേതൃത്വത്തില്‍ പെരുമ്പ പുഴയില്‍ നീന്തല്‍ മഹായജ്ഞം സംഘടിപ്പിച്ചു. 31 ന് വൈകുന്നേരം കണ്ണൂര്‍ പയ്യാമ്പലം കടലില്‍ നടത്തുന്ന സത്യാഗ്രഹത്തിന്റേയും കടല്‍ ജലശയനത്തിന്റേയും ഭാഗമായാണ് പെരുമ്പ പുഴയില്‍ നീന്തല്‍ യജ്ഞം സംഘടിപ്പിച്ചത്. രാവിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് നീന്തല്‍ യജ്ഞം ആരംഭിച്ചത്. ലോകം മുഴുവന്‍ സമാധാനത്തിന്റെ തണലിലാകാന്‍ കായികമായ കരുത്തും മാനസികമായ ശാന്തിയും ഒത്തുചേരേണ്ടതിന്റെ ആവശ്യകതയിലൂന്നി നടത്തിയ നീന്തല്‍ യജ്ഞത്തില്‍ 40 പേര്‍ പങ്കെടുത്തു. 

നീന്തല്‍ പരിശീലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമല യജ്ഞത്തിന് നേതൃത്വം നല്‍കി. സമാപന പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സരിന്‍ ശശി നിര്‍വ്വഹിച്ചു. നീന്തല്‍ യജ്ഞത്തില്‍ പങ്കെടുത്തവരെ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ.പി. സന്തോഷ് ആദരിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ. അബ്ദുള്‍ ജലീല്‍, ഡോ. മിധുന്‍ രമേശ്,ഫയര്‍ ഓഫീസര്‍ അജിത്ത് കീഴറ, എക്‌സൈസ് റെയ്ഞ്ച് ഓഫീസര്‍ കെ.പി. ഹംസക്കുട്ടി, മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ കെ.രാജിവന്‍ എന്നിവര്‍ സംസാരിച്ചു. 40 തവണയും പുഴ കുറുകെ നീന്തുകയെന്ന ലക്ഷ്യവുമായാണ് പെരുമ്പ പുഴയില്‍ പരിപാടി സംഘടിപ്പിച്ചത്. 

കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഈ ലക്ഷ്യം സാക്ഷാത്കരിച്ചപ്പോള്‍ പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിലെ ഫയര്‍ ഓഫീസര്‍ അജിത്ത് കീഴറ 52 തവണയും കൂത്തുപറമ്പ് എക്‌സൈസിലെ കെ.പി. ഹംസക്കുട്ടി 51 തവണയും , നീന്തി ലോകസമാധാന സന്ദേശത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. തൃക്കരിപ്പൂരിലെ സുജിത്തിൻ്റെ മകള്‍ സാന്‍വിയും, സുജിത്തും 40 തവണ പുഴ നീന്തിക്കടന്നത് 'നീന്തൽ യജ്ഞത്തിൽ ശ്രദ്ധേയമായി. ഡിസം:31 ന് വൈകുന്നേരം മൂന്നുമുതല്‍ ആറുവരെ കണ്ണൂര്‍ പയ്യാമ്പലം കടലില്‍ സത്യാഗ്രഹവും കടല്‍ ജലശയനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെരുമ്പപുഴയില്‍ നീന്തല്‍ യജ്ഞം സംഘടിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ചാള്‍സണ്‍ സ്വിമ്മിംങ്ങ് അക്കാദമി പുഴ-കായല്‍-കടല്‍ എന്നിവിടങ്ങളിലൂടെ 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നീന്തല്‍ യജ്ഞം സംഘടിപ്പിച്ചിരുന്നു. കവ്വായി കായലില്‍ 115 പേരെ പങ്കെടുപ്പിച്ച് ലോക സമാധനത്തിനായി കായല്‍ ജല ശയനവും സംഘടിപ്പിച്ചിരുന്നു