അവിവാഹിതരായ പുരുഷന്മാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കുന്നോത്തുപറമ്പ് പഞ്ചായത്ത്; മാട്രിമോണിയൽ വെബ്സൈറ്റും സമൂഹവിവാഹവും പരിഗണനയിൽ
വിവാഹപ്രായമെത്തിയിട്ടും വിവിധ കാരണങ്ങളാൽ വിവാഹം നടക്കാതെ പ്രയാസപ്പെടുന്ന യുവാക്കളുടെയും മധ്യവയസ്കരുടെയും പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാൻ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മുഹമ്മദലി അവതരിപ്പിച്ച നിർദേശത്തിന് ഭരണസമിതി യോഗം കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗീകാരം നൽകി.
Nov 18, 2026, 14:27 IST
കണ്ണൂർ: വിവാഹപ്രായമെത്തിയിട്ടും വിവിധ കാരണങ്ങളാൽ വിവാഹം നടക്കാതെ പ്രയാസപ്പെടുന്ന യുവാക്കളുടെയും മധ്യവയസ്കരുടെയും പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാൻ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മുഹമ്മദലി അവതരിപ്പിച്ച നിർദേശത്തിന് ഭരണസമിതി യോഗം കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗീകാരം നൽകി. പഠനത്തിനായി പി.കെ. മുഹമ്മദലി ചെയർമാനും ടി.വി. കുഞ്ഞിക്കണ്ണൻ കൺവീനറുമായി പ്രത്യേക ഉപസമിതിക്കും രൂപം നൽകിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പഞ്ചായത്ത് പരിധിയിലെ അവിവാഹിതരായ പുരുഷന്മാരുടെ വിവരങ്ങൾ ശേഖരിച്ച് ഇവർ നേരിടുന്ന സാമൂഹികവും വ്യക്തിപരവുമായ തടസ്സങ്ങൾ വിലയിരുത്തും. സർവേ പൂർത്തിയായ ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാട്രിമോണിയൽ വെബ്സൈറ്റ് ആരംഭിക്കുന്നതും സമൂഹവിവാഹം നടത്തുന്നതും ഉൾപ്പെടെയുള്ള തുടർനടപടികൾ പരിഗണനയിലുണ്ട്.