മുതിർന്ന മാധ്യമപ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ നിര്യാതനായി

കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി.

 

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ജന്മഭൂമിയുടെ ആരംഭം മുതൽ പത്രപ്രവർത്തനത്തിൽ പ്രവേശിച്ചു. ഔദ്യോഗികമായിവിരമിച്ച ശേഷവും ഇപ്പോൾ തിരുവനന്തപുരത്ത് റസിഡന്റ് എഡിറ്ററായിരുന്നു. 50 വർഷമായി, ജന്മഭൂമിയുടെ തുടക്കം മുതൽ പത്രപ്രവർത്തകനായി തുടർന്നു.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തിൽ.

തിങ്കളാഴ്ച (07-09-2026) വൈകിട്ട് വീട്ടിൽ നിന്നും തലയിടിച്ച് വീണതിനാൽ രാത്രിയോടെ ബോധക്ഷയമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു  അന്ത്യം. 1968-ലെ തളിപ്പറമ്പിൽ  ഗോൾവാൾക്കർ പങ്കെടുത്ത ആർ എസ് എസ് ശിബിരത്തിൽ പങ്കെടുത്തു. ഉറച്ച സ്വയം സേവകനായിമാറി. ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിൻ്റെ മുഴുവൻ സമയ പ്രവർത്ത കനായി കാസർകോട്, കണ്ണൂർ താലൂക്കുകളിൽ പ്രവർത്തിച്ചു.

അടിയന്തരാവസ്ഥയ്ക്കു ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു. പേരാവൂർ, കണ്ണൂർ നിയോ ജകമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ദീർഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെൻ സർ ബോർഡ് അംഗം, ടെലികോം അഡ്വൈസറി ബോർഡ് അംഗം, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

കെ.ജി. മാരാരുടെ ജീവ ചരിത്രം (കെ .ജി.മാരാർ ഒരു സ്നേഹ സാഗരം, കെ.പി. മാരാർ മനുഷ്യപ്പറ്റിൻ്റെ പര്യായം), മറുപുറം, അടൽജി എന്ന വിസ്മയം, കേരളത്തിലെ രാഷ്ട്രീയ ചരിത്രം എന്നീ പുസ്‌തകങ്ങൾ രചിച്ചു. മുതിർന്ന പത്രപ്രവർത്തകനുള്ള കേരള നിയമസഭയുടെ ആദരം ലഭിച്ചിട്ടുണ്ട്. കൂടാതെ ബി.കെ. ശേഖർ പുരസ്ക‌ാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്കാരം, ഗുരുജി സേവാസമിതി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.കണ്ണൂർ ജില്ലയിലെ ഇരിക്കൂർ കുട്ടാവ് ഗ്രാമത്തിലാണ് 1954-ൽ ജനിച്ചത്. ഇപ്പോൾ തിരുവനന്തപുരത്തായിരുന്നു സ്ഥിരതാമസം. ഭാര്യ: പരേതയായ പ്രേമജ. മക്കൾ: പ്രകുല (ഏഷ്യാനെറ്റ്), മഞ്ഞില. മരുമകൻ: രതീഷ് (മാതൃഭൂമി ന്യൂസ്). പേരമക്കൾ: ഗൗതമി, ബാലാമണി.