ഇനി നിശബ്ദ പ്രചരണ നാളുകൾ : കണ്ണൂരിൽ കളറായി കൊട്ടിക്കലാശം
കണ്ണൂരിൽ കളറായി കൊട്ടിക്കലാശം' അതിരറ്റ ആവേശം വാരിവിതറിക്കൊണ്ടു കണ്ണൂരിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശം സമാപിച്ചു.
കണ്ണൂർ : കണ്ണൂരിൽ കളറായി കൊട്ടിക്കലാശം' അതിരറ്റ ആവേശം വാരിവിതറിക്കൊണ്ടു കണ്ണൂരിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശം സമാപിച്ചു. സ്ഥാനാർത്ഥികളെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്രയും ഡി.ജെനൃത്തവും ബൈക്ക് റാലിയുമൊക്കെ കലാശക്കൊട്ടിന് ഹരമേകി. നേതാക്കൾ ഉൾപ്പെടെ അണികളിൽ ആവേശം വിതറി കൊണ്ടു ആഘോഷത്തിൽ പങ്കാളികളായി. രണ്ടാഴ്ച്ച നീണ്ടുനിന്ന തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ശബ്ദപ്രചാരണ രംഗത്തിന് കൊട്ടിക്കലാശമായതോടെ ഇനി നിശബ്ദ പ്രചരണത്തിൻ്റെ മണിക്കൂറുകളാണ് അവശേഷിക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കണ്ണൂർ കോർപറേഷനിൽ മൂന്നു മുന്നണികളുടെയും ശക്തി പ്രകടനത്തോടെയാണ് കണ്ണൂർ നഗരത്തിൽ ശബ്ദ പ്രചാരണത്തിന് സമാപനമായത്. കണ്ണൂർ തെക്കിബസാറിൽ നിന്നാണ് എൽഡിഎഫ് കൊട്ടിക്കലാശം പ്രകടനമായി ആരംഭിച്ചത്. നേതാക്കളായ സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,എൻ ചന്ദ്രൻ ,എം. പ്രകാശൻ കെ.പി.സഹദേവൻ സി.പി സന്തോഷ് കുമാർ തുടങ്ങിയവർ മുൻനിരയിൽ അണിചേർന്നു. പഴയ ബസ് സ്റ്റാൻഡിലാണ് പ്രകടനം അവസാനിച്ചത്. നേതാക്കൾ സംസാരിച്ചു. കണ്ണൂർ കോർപ്പറേഷനിൽ ഒരു സ്ഥലം കേന്ദ്രീകരിച്ച യുഡിഎഫ് കൊട്ടിക്കലാശം ഉണ്ടായില്ല. ഡിവിഷനുകളിൽ ആയിട്ടായിരുന്നു പ്രവർത്തകർ കൊട്ടിക്കലാശം നടത്തിയത്.
എൻ.ഡി.എ യുടെ കൊട്ടിക്കലാശം പ്രഭാത് ജംഗ്ഷനിൽ നിന്നാണ് തുടങ്ങിയത്. ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി ദേശീയ സമിതി അംഗം സി.രഘുനാഥ്, ജില്ല പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ, യു.ടി. ജയന്തൻ തുടങ്ങിയവർ നയിച്ച പ്രകടനം മുനീശ്വരൻ കോവിൽ ജംങ്ഷനിലാണ് സമാപിച്ചത്. യു.ഡി.എഫ് ഇക്കുറി നഗരത്തിൽ നിന്നും മാറി ഓരോ ഡിവിഷൻ കേന്ദ്രീകരിച്ചും കൊട്ടി കലാശം നടത്തി. കണ്ണൂർ സിറ്റിയിൽ നിന്നും തായത്തെ രുവരെ സ്ഥാനാർത്ഥികളെയും ആനയിച്ചു കൊണ്ടു ഘോഷയാത്ര നടത്തി.