കണ്ണൂർ കോർപറേഷൻ മേയർ നടത്തിയ അഴിമതിവിജിലൻസ് അന്വേഷിക്കണം: കെ കെ രാഗേഷ്
കണ്ണൂർ കോർപറേഷനിൽ മുൻ മേയറും ഇപ്പോഴത്തെ മേയറും നടത്തിയ എല്ലാ അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്ന് സിപിഐഎം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് സി.പി.എംകണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ മുൻ മേയറും ഇപ്പോഴത്തെ മേയറും നടത്തിയ എല്ലാ അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്ന് സിപിഐഎം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് സി.പി.എംകണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ചേലോറ ട്രഞ്ചിങ്, പടന്നപ്പാലം മാലിന്യ സംസ്‌കരണ കേന്ദ്രം, നഗരത്തിലെ മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം എന്നിവയിലെല്ലാം കഴിഞ്ഞ മേയറും ഇൗ മേയറും കോടികളുടെ അഴിമതി നടത്തി. ഇപ്പോൾ മരക്കാർകണ്ടിയിലും സമാനമായ അഴിമതിയാണ് നടന്നത്. ആദ്യം വച്ച 40 കോടിയുടെ ടെൻഡറിന് മാത്രമാണ് മരക്കാർകണ്ടിയിൽ പരസ്യം നൽകിയത്. രണ്ടാമത് 140 കോടിയുടെ പദ്ധതിക്കായി പേരുപോലും മാറ്റി പുതിയ ടെൻഡറാക്കി. ഇതിനായി പത്രപരസ്യം നൽകിയില്ല. ഇപ്പോഴും വെബ്‌സൈറ്റിൽ പഴയ ടെൻഡർ രേഖകളാണ് ഉള്ളതെന്നും കെ കെ രാഗേഷ് പറഞ്ഞു.
മരക്കാർകണ്ടിയിലെ മലിനജല ശുദ്ധീകരണ സംസ്‌കരണ പ്ലാന്റിന് കരാറുകാർക്കായി നൽകിയ സ്വീകാര്യതാ പത്രത്തിന്റെയും തുടർന്നുള്ള ടെൻഡർ നടപടികളുടെയും സുതാര്യത സംശയാസ്‌പദവും വ്യാജവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടാണ്
സംസ്ഥാന തല അമൃത് സാങ്കേതിക കമ്മിറ്റി. ടെൻഡർ നടപടികൾ റദ്ദാക്കിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സാങ്കേതിക കമ്മിറ്റിയാണ് ടൈൻഡർ നപടികളുടെ ക്രമക്കേടുകൾ എണ്ണിയെണ്ണി പറഞ്ഞത്. സാങ്കേതിക വിദഗ്‌ദരടങ്ങുന്ന ഏഴംഗ സമിതിയാണ് ടെൻഡർ നടപടികൾ, തദ്ദേശ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് റദ്ദാക്കിയത്.
ജല അതോറിറ്റിയാണ് സംസ്ഥാനത്തെ എല്ലാ പ്രധാന ജല ശുദ്ധീകരണ പ്ലാന്റുകളുടെയും വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി ടെൻഡറിലേക്ക് പോയത്. എന്നാൽ കണ്ണൂരിൽ കോർപറേഷൻ നേരിട്ട് നടത്തുമെന്ന് അറിയിച്ചതിനാൽ നിബന്ധനകൾക്ക് വിധേയമായി സംസ്ഥാനതല അമൃത് കമ്മിറ്റി അനുമതി നൽകി. എന്നാൽ ഡിപിആർ പോലുമില്ലാത്ത പദ്ധതിയുടെ ടെൻഡറിനാണ് കോർപറേഷൻ സ്വീകര്യതാ പത്രം നൽകിയതെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കവറേജ് ഏരിയ, ലൊക്കേഷൻ നെറ്റുവർക്ക്, സാങ്കേതിക ജോലികൾ തുടങ്ങിയവയൊന്നും പഠിക്കാതെയാണ് ടെൻഡറിലേക്ക് പോയത്. ആദ്യഘട്ട താൽപര്യപത്രത്തിൽ 40 കോടിയുട പദ്ധതിയാണെന്നാണ് പറഞ്ഞത്. ഇതേ തുടർന്ന് 14 കമ്പനികൾ എത്തി. അവരെ പലതരം മാനദണ്ഡങ്ങൾ പറഞ്ഞ് ഒഴിവാക്കി. പിന്നീട് ഒറ്റ കമ്പനിയിലേക്ക് മാത്രം ചുരുക്കി. 20 ദിവസം കഴിഞ്ഞ് തുക 140 കോടിയാക്കി. ഒടുവിൽ 151.815 കോടിക്ക് ടെൻഡറിനുള്ള സ്വീകാര്യതാ പത്രം ഹൈദരാബാദ് കന്പനിക്ക് കൈമാറി.
വിശദ പദ്ധതി റിപ്പോർട്ട്, സാങ്കേതിക വിലയിരുത്തൽ, എവിടെയൊക്കെ ബാധിക്കും, മാലിന്യം കൈകാര്യം ചെയ്യുന്നതെങ്ങിനെ തുടർന്നുള്ള കാര്യങ്ങൾ പഠിച്ച് സംസ്ഥാന തല സാങ്കേതിക കമ്മിറ്റിയുടെ അനുമതിയോടെ മാത്രമെ ടെൻഡർ നടപടിയിലേക്ക് പോകാവൂ എന്നാണ് അമൃത് കമ്മിറ്റയുടെ ചട്ടം. ഇതൊന്നും പാലിക്കാത്തിനാലാണ് ഇപ്പോൾ ടെൻഡർ അവർ റദ്ദാക്കിയതെന്നും കെ കെ രാഗേഷ് പറഞ്ഞു.