ഭരണമാറ്റത്തിൽ രാഷ്ട്രീയ പ്രതികാര നടപടിയെന്ന് ആക്ഷേപം; കണ്ണൂരിൽ കെ.ജി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറിയെ ആലപ്പുഴയിലേക്ക് സ്ഥലംമാറ്റി
സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തിൽ വ്യാപക രാഷ്ട്രീയ പ്രതികാര നടപടികൾ ആരംഭിച്ചതായി ആക്ഷേപം. സി.പി.എം അനുകൂല ഗസറ്റഡ് ഓഫീസേഴ്സ് സംഘടനയായ കെ.ജി.ഒ.എ (KGOA) യുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയും നിലവിൽ കണ്ണൂർ സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാറുമായ എം.കെ സൈബുന്നിസയെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. കണ്ണൂരിൽ നിന്നും തീർത്തും അപ്രതീക്ഷിതമായാണ് സൈബുന്നിസയെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയത്.
തളിപ്പറമ്പ്: സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തിൽ വ്യാപക രാഷ്ട്രീയ പ്രതികാര നടപടികൾ ആരംഭിച്ചതായി ആക്ഷേപം. സി.പി.എം അനുകൂല ഗസറ്റഡ് ഓഫീസേഴ്സ് സംഘടനയായ കെ.ജി.ഒ.എ (KGOA) യുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയും നിലവിൽ കണ്ണൂർ സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാറുമായ എം.കെ സൈബുന്നിസയെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. കണ്ണൂരിൽ നിന്നും തീർത്തും അപ്രതീക്ഷിതമായാണ് സൈബുന്നിസയെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയത്. സംസ്ഥാനത്ത് നിലനിൽക്കുന്ന പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളെയും സർവീസ് റൂളുകളെയും പൂർണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് പുതിയ ഭരണകൂടത്തിന്റെ ഈ അടിയന്തര നടപടി എന്നാണ് ആക്ഷേപം. ഇത് ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രമുഖ സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്റെ ഭാര്യയാണ് എം.കെ സൈബുന്നിസ.
അംഗീകൃത സർവീസ് സംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികളെ കാലാവധി പൂർത്തിയാകുന്നതിന് മുൻപോ, മാനദണ്ഡങ്ങൾ ലംഘിച്ചോ പീഡന സ്വഭാവത്തോടെ സ്ഥലം മാറ്റാൻ പാടില്ലെന്ന വ്യക്തമായ നിയമം നിലനിൽക്കെയാണ് ഇവിടെ ചട്ടലംഘനം നടന്നത്. ഇതിനുപുറമെ, മിശ്രവിവാഹം കഴിച്ച ഉദ്യോഗസ്ഥർക്ക് അവരുടെ സർവീസ് കാലയളവിൽ സ്ഥലംമാറ്റങ്ങളിൽ പ്രത്യേക പരിഗണനയും സംരക്ഷണവും നൽകണമെന്ന് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവുകളും നിലവിലുണ്ട്. ഈ രണ്ട് പ്രധാന മാനദണ്ഡങ്ങളും പൂർണ്ണമായി അവഗണിച്ചുകൊണ്ടാണ് സൈബുന്നിസയുടെ കാര്യത്തിൽ ഈ അടിയന്തര നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഭരണമാറ്റം ഉണ്ടായ ഉടൻ തന്നെ പ്രതിപക്ഷ സംഘടനകളിൽ പെട്ട പ്രമുഖരെയും ജനകീയ മുഖങ്ങളായ ഉദ്യോഗസ്ഥരെയും തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന സമീപനമാണ് പുതിയ സർക്കാരിന്റേതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. കാലങ്ങളായി പൊതു സർവീസിൽ പാലിച്ചുപോരുന്ന മാന്യതയും ജീവനക്കാരുടെ അവകാശങ്ങളും കാറ്റിൽപ്പറത്തിയാണ് കണ്ണൂരിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ഈ അച്ചടക്ക നടപടിയുടെ സ്വഭാവമുള്ള സ്ഥലംമാറ്റം അടിച്ചേൽപ്പിച്ചിരിക്കുന്നത്.
ഭരണപക്ഷ അനുകൂല സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ നാടുകടത്തൽ എന്നാണ് സൂചന. രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഈ സ്ഥലംമാറ്റ ഉത്തരവിനെതിരെ ശക്തമായ നിയമപോരാട്ടത്തിനും വൻ പ്രതിഷേധ പരിപാടികൾക്കും കെ.ജി.ഒ.എ ഒരുങ്ങുന്നതായാണ് വിവരം.