കേസരി നായനാർ പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിക്കും

കണ്ണൂർ ജില്ലയിലെ കലാ- സാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്കാരം നാടക-ചലച്ചിത നടി നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കലാ- സാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്കാരം നാടക-ചലച്ചിത നടി നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയാളത്തിലെ ആദ്യ കഥാകൃത്തും നിയമസഭാ സമാജികനും സാമൂഹ്യ പരിഷ്കരണ വാദിയുമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണയ്ക്ക് 2014 മുതൽ നൽകി വരുന്നതാണ് കേസരി നായനാർ പുരസ്കാരം.

ഇ.പി രാജഗോപാലൻ, കരിവെള്ളൂർ മുരളി, ഡോ. ജിനേഷ് കുമാർ എരമം എന്നിവരാണ് ജൂറി അംഗങ്ങൾ. ഏഴു പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ അഭിനയ ജീവിതത്തിലൂടെ മലയാള നാടകവേദിയെ ശക്തമാക്കുകയും ശ്രദ്ധേയമാക്കുകയും ചെയ്ത പെൺ കരുത്തിൻ്റെ എക്കാലത്തെയും വലിയ പ്രതീകമാണ് നിലമ്പൂർ ആയിഷയെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു. 25,000 രൂപ കാഷ് അവാർഡും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് കേസരി നായനാർ പുരസ്കാരം. 

ഈ വരുന്ന ഡിസംബർ ആദ്യവാരം മാതമംഗലത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര വിതരണം നടത്തും. വാർത്താ സമ്മേളനത്തിൽ ഇപി രാജഗോപാലൻ, ഡോ. ജിനേഷ് കുമാർ എരമം, പുരസ്കാര സമിതി ചെയർമാൻ സി.സത്യപാലൻ , കൺവീനർ കെ.വി സുനു കുമാർ, ഫെയ്സ് സെക്രട്ടറി പി. ദാമോദരൻ എന്നിവർ പങ്കെടുത്തു.