കേരള സൂപ്പര്‍ ലീഗ് : കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന് വിസില്‍ മുഴങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തകൃതി. ആദ്യമത്സരം 25ന് നിലവിലെ ചാംപ്യന്‍മാരായ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മൈതാനമായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും.
 

കണ്ണൂര്‍: കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന് വിസില്‍ മുഴങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തകൃതി. ആദ്യമത്സരം 25ന് നിലവിലെ ചാംപ്യന്‍മാരായ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മൈതാനമായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് മൂന്നാം സീസണിലേക്കുള്ള താരങ്ങളുടെ സൈനിങ് പൂര്‍ത്തിയായി. 26 അംഗ ടീമില്‍ ആറ് വിദേശ താരങ്ങളും എട്ട് കണ്ണൂര്‍ താരങ്ങളുമുണ്ട്.

മത്സരത്തിന് മുന്നോടിയായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം മിനുക്കല്‍ പണികള്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രൗണ്ടിനു ചുറ്റുമുള്ള കാടുകള്‍ വെട്ടി തെളിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. സൂപ്പര്‍ ലീഗ് മത്സരത്തിന് അനുയോജ്യമായ രീതിയില്‍ സ്‌റ്റേഡിയത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടില്‍ പുല്ല് വച്ച് പിടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഗ്യാലറിയുടെ പെയിറ്റിങ്, സ്റ്റേഡിയത്തില്‍ താല്‍കാലികമായ ലൈറ്റ് വച്ച പിടിപ്പിക്കുക, ഡ്രെസിംങ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംങിന് വേണ്ട പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയ പ്രര്‍ത്തികള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും. 

സ്റ്റേഡിയം കിഴക്കേ പവലിയന് ബലക്ഷയമനുഭവപ്പെട്ടതിനാല്‍ കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നും കാണികള്‍ക്ക് കളി കാണാനുള്ള അവസരമുണ്ടായിരുന്നില്ല. ഇതില്‍ ആരാധകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പതിനായിരക്കണക്കിന് കായിക പ്രേമികളാണ് കഴിഞ്ഞ വര്‍ഷം ഓരോ കളി കാണാനും ഇവിടെ എത്തിയത്. ഇതില്‍ കൂടുതല്‍ പേര്‍ക്ക് സ്റ്റേഡിയത്തിനുള്ളില്‍ കയറാനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇതോടെ ഇവര്‍ സ്‌റ്റേഡിയത്തിന് പുറമേ നില്‍ക്കുയാണുണ്ടായത്. പുറത്ത് ബിഗ് സ്‌ക്രീന്‍ വെക്കണമെന്ന ആവശ്യവും നിറവേറ്റിയിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ കെ.എസ്.എല്‍ കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും ബലക്ഷയമുള്ള കിഴക്കേ പവലിയന്‍ നവീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഇതോടെ ഈ വര്‍ഷം കിഴേക്ക് പവലിയന് സമീപം താല്‍ക്കാലിക ഗ്യാലറി ഒരുക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.എല്‍ അധികൃതര്‍.

 ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല. കണ്ണൂര്‍ കോര്‍പറേഷന്റെ അധീനതയിലാണ് ജവഹര്‍ സ്റ്റേഡിയം. എന്നാല്‍ എസ്.എല്‍.കെ നടക്കുന്നതിനാല്‍ കേരള ഫുടബോള്‍ അസോസിയേഷനാണ് മൈതാനത്തിന്റെ ചുമതലയുള്ളത്. മൂന്നുവര്‍ഷത്തെ കരാറാണുള്ളത്. ഇക്കാലയളവില്‍ മൈതാനത്തിന്റെ സംരക്ഷണവും നടത്തിപ്പും കെ.എഫ്.എയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, കഴിഞ്ഞ എസ്.എല്‍.കെ മത്സരങ്ങള്‍ക്ക് ശേഷം മൈതാനത്തില്‍ യാതൊരു പ്രവൃത്തിയും നടത്താന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തയാറായിട്ടില്ല. നിലവില്‍ കാടുപിടിച്ചു കിടക്കുന്ന മൈതാനം കണ്ണൂര്‍ വാരിയേഴ്‌സിന്റെ നേതൃത്വത്തിലാണ് ശുചിയാക്കുന്നത്. മൈതാനത്തിന് ചുറ്റുമുള്ള ഇരുമ്പുവേലിയില്‍ മുഴുവന്‍ വള്ളികള്‍ പടരുകയും ചുറ്റും പാഴ്മരങ്ങള്‍ വളരുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ വിഷയത്തില്‍ കോര്‍പറേഷനും ഫുട്‌ബോള്‍ അസോസിയേഷനും പഴി ചാരുന്ന സാഹചര്യമാണെന്ന് എസ്.എല്‍.കെ ഭാരവാഹികള്‍ പറയുന്നു.