കേരള പോലീസ് സ്പോർട്സ് മീറ്റ് : 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' ദീപശിഖാ പ്രയാണത്തിന് സെപ്റ്റംബർ 5ന് കണ്ണൂരിൽ സ്വീകരണം

: 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന ശക്തമായ ലഹരിവിരുദ്ധ സന്ദേശവുമായി കേരള പോലീസ് സ്പോർട്സ് മീറ്റ് 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തിന് സെപ്റ്റംബർ 5 ശനിയാഴ്ച രാവലെ 11.30 ന് കണ്ണൂരിൽ ആവേശോജ്ജ്വല വരവേൽപ്പ് നൽകും. കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ദീപശിഖയെ കണ്ണൂർ സിറ്റി പോലീസിന്റെ

 

 കണ്ണൂർ: 'യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന ശക്തമായ ലഹരിവിരുദ്ധ സന്ദേശവുമായി കേരള പോലീസ് സ്പോർട്സ് മീറ്റ് 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തിന് സെപ്റ്റംബർ 5 ശനിയാഴ്ച രാവലെ 11.30 ന് കണ്ണൂരിൽ ആവേശോജ്ജ്വല വരവേൽപ്പ് നൽകും. കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ദീപശിഖയെ കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെയാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ പോരാട്ടത്തിൽ യുവജനങ്ങളെയും പൊതുസമൂഹത്തെയും കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ എ.കെ.ജി ആശുപത്രി പരിസരത്തുനിന്നാണ് മാരത്തണും സൈക്കിൾ റാലിയും ആരംഭിക്കുന്നത്. തുടർന്ന് പോലീസ് ബാൻഡ്, ശിങ്കാരിമേളം, എസ്.പി.സി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് എന്നിവയുടെ അകമ്പടിയോടെ ദീപശിഖ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ പ്രധാന വേദിയിലേക്ക് എത്തിക്കും.  

പോലീസ് മൈതാനത്ത് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ് സ്വാഗതം ആശംസിക്കും. അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കണ്ണൂർ എം.പി ശ്രീ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കളക്ടർ വിഷ്ണുരാജ് ഐ.എ.എസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ മുഖ്യാതിഥികളായി സംബന്ധിക്കും. ഐഡിയ സ്റ്റാർ സിംഗർ ഫെയിം കുമാരി ദേവന ചടങ്ങിൽ അതിഥി താരമായി പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം കാണികളെ ആവേശം കൊള്ളിക്കുന്ന വിവിധ കലാ-കായിക പരിപാടികൾ വേദിയിൽ അരങ്ങേറും. ഏച്ചൂർ വിശ്വഭാരതി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം, വനിതാ പോലീസ് ടീം അവതരിപ്പിക്കുന്ന 'തൂഫാൻ' നൃത്താവിഷ്കാരം, സെന്റ് തെരേസാസ് ടീമിന്റെ ഫ്ലാഷ് മോബ് എന്നിവ ഇതിന്റെ പ്രധാന ആകർഷണങ്ങളാകും. കൂടാതെ വിവിധ വകുപ്പുകളിലെ അത്‌ലറ്റുകൾ മാറ്റുരയ്ക്കുന്ന റിലേ മത്സരവും സെലിബ്രിറ്റി ടീമും മീഡിയ പ്രസ് ക്ലബ് ടീമും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും കണ്ണൂർ സിറ്റി K 9 സ്ക്വാഡിന്റെ ഡോ​ഗ് ഷോയും ലഹരിവിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ടുള്ള ബലൂൺ പറത്തലും ഇതോടൊപ്പം നടക്കും. കായികരംഗത്തിലൂടെ യുവതലമുറയെ ലഹരിയിൽ നിന്നകറ്റി ആരോഗ്യപൂർണ്ണമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.