കെൽട്രോണിന് 168 കോടിയുടെ ഓർഡർ ലഭിച്ചു

കെൽട്രോണിന് ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ (എഫ്‌സിഐ) നിന്ന്‌ 168 കോടി രൂപയുടെ ഓർഡർ ലഭിച്ചു

 

കണ്ണൂർ: കെൽട്രോണിന് ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ (എഫ്‌സിഐ) നിന്ന്‌ 168 കോടി രൂപയുടെ ഓർഡർ ലഭിച്ചു. കെൽട്രോൺ. എഫ്‌സിഐ ഉടമസ്ഥതയിൽ രാജ്യത്തുടനീളമുള്ള 561 ഡിപ്പോകളിൽ സിസിടിവി ക്യാമറകളുടെ സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിങ്‌, കമീഷനിങ്‌, ഓപ്പറേഷൻസ് എന്നീ പ്രവർത്തനങ്ങൾക്കാണ്‌ ഓർഡർ. 

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽടെൽ കോർപ്പറേഷൻ, ടെലി കമ്യൂണിക്കേഷൻ ഇന്ത്യ ലിമിറ്റഡ് (ടിസിഐഎൽ) ഉൾപ്പെടെ അഞ്ചു സ്ഥാപനങ്ങൾക്കൊപ്പം മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്താണ് കെൽട്രോൺ ഓർഡർ സ്വന്തമാക്കിയത്‌.

എൻവയോൺമെന്റൽ സെൻസറുകൾ, 23,000 ക്യാമറ സിസ്റ്റങ്ങൾ, വീഡിയോ അനലിറ്റിക്‌സ് സോഫ്‌റ്റ്‌വെയർ, ഡിപ്പോ ലെവലിലുള്ള വ്യൂവിങ്‌ സ്റ്റേഷനുകൾ, ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ ആൻഡ്‌ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ എന്നിവയുടെ ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന പദ്ധതിയാണിത്. ഒമ്പതു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കും.

അടുത്തിടെ മഹാരാഷ്ട്രയിലെ നാഗ്‌പുർ കോർപറേഷനിൽനിന്ന്‌ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ നേടിയിരുന്നു. കെൽട്രോൺ വികസിപ്പിച്ച ഇന്റലിജൻറ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായിരുന്നു ഓർഡർ. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളോട്‌ മത്സരിച്ചാണ്‌ ഈ ഓർഡറും കെൽട്രോൺ സ്വന്തമാക്കിയത്‌.