സൂപ്പർ ലീഗിൽ നിലനിൽപ്പ് പരീക്ഷണത്തിൽ കണ്ണൂർ വാരിയേഴ്സ്; സെമി പ്രതീക്ഷകൾ കടുകട്ടി
സൂപ്പർ ലീഗ് കേരളയിൽ നിർണ്ണായകമായ അവസാന മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, മുഖ്യപരിശീലകൻ ആൻഡ്രേ ചെർണിഷോവിനെ പുറത്താക്കി കണ്ണൂർ വാരിയേഴ്സ് എഫ്.സി. സഹപരിശീലകൻ ഷഫീഖ് ഹസ്സൻ മഠത്തിൽ താൽക്കാലികമായി സ്ഥാനം ഏറ്റെടുത്തെങ്കിലും, ടീമിന് സെമി ഫൈനലിലേക്കുള്ള വഴി ഏറെ കടുപ്പമേറിയതാണ്. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും നാല് തോൽവിയുമായി ഏഴ് പോയിന്റോടെ പട്ടികയിൽ അവസാന സ്ഥാനത്താണ് കണ്ണൂർ വാരിയേഴ്സ്.
കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ നിർണ്ണായകമായ അവസാന മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, മുഖ്യപരിശീലകൻ ആൻഡ്രേ ചെർണിഷോവിനെ പുറത്താക്കി കണ്ണൂർ വാരിയേഴ്സ് എഫ്.സി. സഹപരിശീലകൻ ഷഫീഖ് ഹസ്സൻ മഠത്തിൽ താൽക്കാലികമായി സ്ഥാനം ഏറ്റെടുത്തെങ്കിലും, ടീമിന് സെമി ഫൈനലിലേക്കുള്ള വഴി ഏറെ കടുപ്പമേറിയതാണ്. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും നാല് തോൽവിയുമായി ഏഴ് പോയിന്റോടെ പട്ടികയിൽ അവസാന സ്ഥാനത്താണ് കണ്ണൂർ വാരിയേഴ്സ്. ഏഴ് പോയിന്റുള്ള തൃശൂർ മാജിക് എഫ്.സിയും എട്ട് പോയിന്റുള്ള തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുമാണ് തൊട്ടുമുന്നിലുള്ളത്.
കണ്ണൂരിന് സെമി ഫൈനലിൽ കടക്കണമെങ്കിൽ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയം അനിവാര്യമാണ്. ഒപ്പം തൃശൂർ മാജിക്, തിരുവനന്തപുരം കൊമ്പൻസ് എന്നീ ടീമുകളുടെ പ്രകടനവും മത്സര ഫലങ്ങളും കണ്ണൂരിന്റെ വിധിയെ സ്വാധീനിക്കും.വരുന്ന മത്സരങ്ങളിൽ നവംബർ 15-ന് കാലിക്കറ്റ് എഫ്.സിക്കെതിരെയും 20-ന് ഫോഴ്സ കൊച്ചിക്കെതിരെയും കണ്ണൂർ മാറ്റുരയ്ക്കും. ഇവ രണ്ടും എവേ മത്സരങ്ങളാണ്. നവംബർ 25-ന് മലപ്പുറം എഫ്.സിക്കെതിരെ നടക്കുന്ന പോരാട്ടം മാത്രമാണ് കണ്ണൂരിന്റെ ഹോം മാച്ച്. പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള കരുത്തരായ കാലിക്കറ്റ്, കൊച്ചി, മലപ്പുറം ടീമുകളെ നേരിടേണ്ടി വരുന്നത് കണ്ണൂരിന് വലിയ വെല്ലുവിളിയാണ്. ഇതുവരെ കാലിക്കറ്റ് എഫ്.സി മാത്രമാണ് സെമി ഫൈനൽ യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. സെമി ഉറപ്പിക്കാൻ മലപ്പുറത്തിനും കൊച്ചിക്കും വിജയം ആവശ്യമുള്ളതിനാൽ വരും ആഴ്ചകളിൽ പോരാട്ടം കടുക്കും. നവംബർ 27-ന് നടക്കുന്ന തൃശൂർ - തിരുവനന്തപുരം മത്സരവും ടൂർണമെന്റിൽ നിർണ്ണായകമാകും.