മൂന്നാം സീസണിനായുള്ള ഒരുക്കം ശക്തമാക്കി കണ്ണൂര്‍ വാരിയേഴ്സ് എഫ്സി; അഞ്ച് താരങ്ങള്‍ക്കൂടിയെത്തി 

സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി മൂന്നാം സീസണിനായുള്ള ഒരുക്കം ശക്തമാക്കി. സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അസിയര്‍ ഗോമസ്, മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരം പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, പരിചയസമ്പന്നനായ വിങ്ങര്‍ ഫസലു റഹ്‌മാന്‍, യുവതാരങ്ങളായ ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി എന്നിവരെ കണ്ണൂര്‍ വാരിയേഴ്‌സ് ടീമിലെത്തിച്ചു. 

 

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി മൂന്നാം സീസണിനായുള്ള ഒരുക്കം ശക്തമാക്കി. സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അസിയര്‍ ഗോമസ്, മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരം പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, പരിചയസമ്പന്നനായ വിങ്ങര്‍ ഫസലു റഹ്‌മാന്‍, യുവതാരങ്ങളായ ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി എന്നിവരെ കണ്ണൂര്‍ വാരിയേഴ്‌സ് ടീമിലെത്തിച്ചു. സ്‌പെയിന്‍ അണ്ടര്‍-16 ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള താരമായ അസിയര്‍ ഗോമസ് മൂന്നാം തവണയാണ് കണ്ണൂര്‍ വാരിയേഴ്‌സിനൊപ്പം കളിക്കുന്നത്. 

ആദ്യ സീസണില്‍ രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ താരം രണ്ടാം സീസണില്‍ നാല് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഫൈനലില്‍ വിജയഗോള്‍ നേടിയതും അസിയര്‍ ഗോമസായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി 37 മത്സരങ്ങള്‍ കളിച്ച താരമാണ് പ്രഗ്യാന്‍. ഐ-ലീഗ്, ഐ-ലീഗ് 2, സൂപ്പര്‍ ലീഗ് കേരള തുടങ്ങിയ ടൂര്‍ണമെന്റുകളിലും കളിച്ച അനുഭവസമ്പത്തുള്ള താരമാണ്. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്. 

കഴിഞ്ഞ രണ്ട് സൂപ്പര്‍ ലീഗ് കേരള സീസണില്‍ മലപ്പുറം എഫ്‌സിക്ക് വേണ്ടി കളിച്ച താരമാണ് ഫസലു റഹ്‌മാന്‍. തുടര്‍ന്ന് ഒഡിഷ്യന്‍ ക്ലബ് സണ്‍റൈസ് എഫ്സിക്കായി ഐ-ലീഗ് 3 പ്ലേഓഫ് കളിച്ച താരം അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 75-ാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. ഗോകുലം കേരള എഫ്സിക്കൊപ്പം കേരള പ്രീമിയര്‍ ലീഗ് കിരീടവും മുഹമ്മദന്‍സ് എഫ്സിക്കൊപ്പം കൊല്‍ക്കത്ത ലീഗ് കിരീടവും നേടിയിട്ടുണ്ട്.പ്രതിരോധ താരമായ ജോബിന്‍ കേരള പ്രീമിയര്‍ ലീഗില്‍ മുത്തൂറ്റ് എഫ്എ, കേരള പോലീസ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരമാണ്. 2023 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കേരള ടീമിനൊപ്പം കിരീടം നേടിയിട്ടുണ്ട്. മുഹമ്മദ് ഷാഫി കഴിഞ്ഞ രണ്ട് സീസണുകളിലും തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിക്കായി കളിച്ച താരമാണ്.