കണ്ണൂർ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റിൽ പങ്കെടുത്ത് ഐഷി ഘോഷ് ഡൽഹിക്ക് മടങ്ങി

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ അനുമതി നിഷേധിച്ച പാലയാട് ലീഗൽ സ്റ്റഡീസ് ക്യാംപസിൽ വിദ്യാർത്ഥി യൂണിയൻ ഷീ ഫെസ്‌റ്റ് പരിപാടിയിൽ പങ്കെടുത്ത് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ഡൽഹിയിലേക്ക് മടങ്ങി.

 

തലശേരി:കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ അനുമതി നിഷേധിച്ച പാലയാട് ലീഗൽ സ്റ്റഡീസ് ക്യാംപസിൽ വിദ്യാർത്ഥി യൂണിയൻ ഷീ ഫെസ്‌റ്റ് പരിപാടിയിൽ പങ്കെടുത്ത് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ഡൽഹിയിലേക്ക് മടങ്ങി. സർവ്വകലാശാല പാലയാട് ക്യാമ്പസിലാണ് തിങ്കളാഴ്ച്ച ഉച്ചയോടെ ഐഷി എത്തിയത്. ഇവർക്ക് പ്രസംഗിക്കാൻ ഓഡിറ്റോറിയം അനുവദിക്കാത്തതോടെ എസ് എഫ് ഐ പ്രതിഷേധം ഉയർന്നിരുന്നു ഇതോടെ ക്യാപസിലെ  വേദിയിൽ പ്രസംഗിക്കുകയായിരുന്നു ഐഷി.തൻ്റെ പ്രസംഗത്തിൽ സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ ഐഷി രൂക്ഷ വിമർശനം ഉയർത്തി. എസ്എഫ്‌ഐ ആർഎസ്എസിനെ എതിർക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നൽകാതിരുന്നതെന്നും താൻ പരിപാടിയിൽ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്‌നമെന്ന് വി സി വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു.

പരിപാടി നടക്കുന്നത് ആർഎസ്എസ് ശാഖയിലോ നാഗ്പൂരിലോ അല്ല. കാമ്പസിലാണ്. വൈസ് ചാൻസലറെ സംവാദത്തിന് ക്ഷണിക്കുകയാണെന്നും ഐഷി ഘോഷ് പ്രതികരിച്ചു. ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയന്റെ ഷീ ഫെസ്റ്റിനായിരുന്നു കണ്ണൂർ സർവ്വകലാശാല അനുമതി നിഷേധിച്ചത്. വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണത്താലായിരുന്നു നടപടി. എന്നാൽ മുൻകൂട്ടി അനുമതി നൽകിയിരുന്നുവെന്നും ഐഷി ഘോഷാണ് പരിപാടിയിലെ മുഖ്യാതിഥി എന്ന കാരണത്താലാണ് വൈസ് ചാൻസലർ അനുമതി നിഷേധിച്ചതെന്നുമായിരുന്നു എസ്എഫ്‌ഐ ആരോപണം. തുടർന്ന് സർവ്വകലാശാല വിലക്ക് മറികടന്ന് എസ്എഫ്‌ഐ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.