കണ്ണൂർ തയ്യിൽ ജ്യോതിഷ് വധക്കേസ്: ഏഴ് സി.പി.എം പ്രവർത്തകരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

കണ്ണൂർ തയ്യിലിലെ ബി.ജെ.പി പ്രവർത്തകൻ ജ്യോതിഷ് വധക്കേസിൽ ഏഴ്സി.പി.എം പ്രവർത്തകരുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി വെറുതെവിട്ടു

 

കണ്ണൂർ: കണ്ണൂർ തയ്യിലിലെ ബി.ജെ.പി പ്രവർത്തകൻ ജ്യോതിഷ് വധക്കേസിൽ ഏഴ്സി.പി.എം പ്രവർത്തകരുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി വെറുതെവിട്ടു. 2009 സെപ്റ്റംബർ 28ന് രാത്രി കണ്ണൂർ നഗരത്തിലെ സവിത തിയറ്ററിനടുത്ത് വെച്ച് വടിവാളും ഇരുമ്പുവടികളുമായി അക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ബബിനേഷ്, മൂന്നാംപ്രതി ടി.എൻ. നിഖിൽ, അഞ്ചുമുതൽ ഏഴുവരെ പ്രതികളായ ടി. റിജുൽ രാജ്, സി. ഷഹൻ രാജ്, വി.കെ. വിനീഷ്, 10-ാം പ്രതി കെ.പി. വിമൽ രാജ്, 12-ാം പ്രതി എം. ടോണി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 

അന്വേഷണത്തിലെ പിഴവുകളും സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകളുമടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തലശ്ശേരി സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് പ്രതികൾ സമർപ്പിച്ച അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.

കണ്ണൂർ നഗരത്തിലെ തട്ടുകടയിൽ വെച്ച് ഒന്നാംപ്രതിയും ജ്യോതിഷും തമ്മിൽ നടന്ന അടിപിടിയെത്തുടർന്നുണ്ടായ പ്രതികാരമാണ് കൊലപാതകമെന്നായിരുന്നു ക ണ്ടെത്തൽ. സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് ജ്യോതിഷും സുഹൃത്ത് ശരത്തും പുറത്തിറങ്ങിയപ്പോഴാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്.

ഗുരുതര പരിക്കേറ്റ ജ്യോതിഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പരിക്കേറ്റ ശരത്തും സ്ഥലത്തുണ്ടായിരുന്ന മിഥുൻ, സുമിത് എന്നിവരുമായിരുന്നു പ്രധാന ദൃക്സാക്ഷികൾ. എന്നാൽ, പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തിയില്ലെന്നും ഒമ്പതുവർഷത്തിന് ശേഷം വിചാരണ കോടതിയിൽവെച്ചാണ് പ്രോസിക്യൂഷൻ സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യംചെയ്യാത്തതും വീഴ്‌ചയാണെന്ന് കോടതി വിലയിരുത്തി.

ഒന്നാംപ്രതിയെ തിരിച്ചറിയുന്ന വിവരങ്ങൾ നൽകാൻ പ്രധാന സാക്ഷിയായ ശരത്തിന് കഴിഞ്ഞില്ല. ഇയാളുടെ മൊഴിയിലെ വൈരുധ്യത്തിന് പുറമെ സംഭവത്തെക്കുറിച്ച് മറ്റു ദൃക്സാക്ഷികൾ പറയുന്നതിലും പൊരുത്തക്കേടുകളുണ്ട്. 

പ്രധാന സാക്ഷികളിലൊരാളായ സുമിത് കൂറുമാറുകയും ചെയ്തു. ഇതോടെ പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ മതിയായ തെളിവുകളില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തുകയായിരുന്നു. ഇവർക്കുപു റമെ പ്രതിചേർക്കപ്പെട്ട മറ്റുള്ളവരെ വിചാരണ കോടതി തെളിവില്ലെന്നു കണ്ട് വെറുതെവിട്ടിരുന്നു.