കണ്ണൂർ സൂപ്പർ ഡിവിഷൻ ലീഗ് ഫുട്ബോളിന് 25 ന് തുടക്കമാകും

കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ സൂപ്പർ ഡിവിഷൻ ലീഗ് ഫുട്ബോളിന് ഏപ്രിൽ 25 ന് തുടക്കമാകും. കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30 നാണ് മത്സരങ്ങൾ നടക്കുക.   

 

 കണ്ണൂർ: കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ സൂപ്പർ ഡിവിഷൻ ലീഗ് ഫുട്ബോളിന് ഏപ്രിൽ 25 ന് തുടക്കമാകും. കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30 നാണ് മത്സരങ്ങൾ നടക്കുക.  കണ്ണൂർ യുണൈറ്റഡ് എഫ്.സി, സ്പോർട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റ്, എസ്.എൻ.കോളേജ്, കേനന്നൂർ സ്പിരിറ്റഡ് യൂത്ത് ക്ലബ്, പയ്യന്നൂർ കോളേജ്, ദി ബ്രദേഴ്സ് ക്ലബ്, ജിംഖാന എഫ്.സി, യങ്ങ് ചാലഞ്ചേർസ് ക്ലബ്, മയ്യിൽ എന്നീ എട്ട് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുക. ലീഗ് അടിസ്ഥാനത്തിലാണ് മത്സരം നടക്കുക. 

ലീഗിലെ വിജയിക്ക് കേരള പ്രീമിയർ ലീഗ് രണ്ടാം ഡിവിഷന്റെ യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കഴിഞ്ഞ സീസണിൽ കണ്ണൂർ യണൈറ്റഡ് എഫ്.സി. ആണ് ചാമ്പ്യൻമാർ. ആദ്യ മത്സരത്തിൽ കണ്ണൂർ യുണൈറ്റഡ് എഫ്സി സ്പോർട്സ് ഡവലപ്പ്മെന്റ് ട്രസ്റ്റുമായി ഏറ്റുമുട്ടും. 28 ദിവസം നീണ്ടു നിൽക്കുന്നതാണ് ചാമ്പ്യൻഷിപ്പ്.  കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ മെയർ അഡ്വ. പി ഇന്ദിര നിർവഹിച്ചു. 

ജവഹർ സ്റ്റേഡിയത്തിൽ ലൈറ്റ് സ്ഥിരമായി സ്ഥാപിക്കുന്നതിനുള്ള ലൈറ്റ് പോളുകൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയാണെങ്കിൽ സൂപ്പർ ലീഗ് കേരളയുടെ കൈവശമുള്ള ഒന്നര കോടി രൂപയുടെ ഫ്‌ളഡ് ലൈറ്റുകൾ കോർപ്പറേഷന് സൗജന്യമായി നൽകാൻ തയ്യാറാണെന്ന് കെ.എഫ്.എ. പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.  കണ്ണൂരിലെ ഫുട്‌ബോൾ ആരാധകരുടെ ആവേശം മുൻനിർത്തി ജവഹർ സ്റ്റേഡിയത്തെ ഉന്നത നിലവാരമുള്ള സ്റ്റേഡിയം ആക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മെയർ പറഞ്ഞു. 

5000 പേർക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമടക്കമുള്ള വികസനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിനുള്ള ഡി.പി.ആർ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.  ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.കെ. അബ്ദുൽ നിസാർ ജില്ലാ ലീഗുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പിന്റെ ലോഗോ ജില്ലാ സെക്രട്ടറി അശോക് കുമാർ കെ.വി. പ്രകാശനം ചെയ്തു. അതോടൊപ്പം ലീഗ് മത്സരത്തിനുള്ള ബോൾ ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ് ഐ.പി.എസ് ലോഞ്ച് ചെയ്തു.  ചടങ്ങിൽ വിജയികൾക്ക് ലഭിക്കുന്ന കെ. കൃഷ്ണൻ മെമ്മോറിയൽ ഷീൽഡും അവതരിപ്പിച്ചു. 

കണ്ണൂർ സൂപ്പർ ഡിവിഷൻ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാരെ കണ്ടെത്താൻ ജില്ലാ ഫുട്ബോൾ അസോസിഷൻ പ്രത്യേകം സെലക്ഷൻ കമ്മറ്റിയെ നിയമിച്ചു. മുൻ ഇന്ത്യൻ താരങ്ങളായിരുന്ന പി.കെ. ബാലചന്ദ്രൻ, എൻ, നജീബ്, കേരള പോലീസ് താരങ്ങളായ മുരളി വി, എൻ മോഹനൻ എന്നിവരടങ്ങുന്നതാണ് സെലക്ഷൻ കമ്മറ്റി അംഗങ്ങൾ.