കണ്ണൂർ റവന്യൂ ജില്ല ശാസ്ത്രോത്സവം: ശ്രദ്ധ ആകർഷിച്ച് ട്രോഫി ഡിസ്പ്ലേയും എ.പി.ജെ. കലാമിനൊപ്പമുള്ള ഫോട്ടോ കൗണ്ടറും
കണ്ണൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ട്രോഫി ഡിസ്പ്ലേ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ 101-ാം നമ്പർ മുറിയിലാണ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഭാരതത്തിന്റെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൽ നിന്ന് ട്രോഫി വാങ്ങുന്ന മാതൃകയിലുള്ള ഫോട്ടോ എടുക്കാൻ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
തളിപ്പറമ്പ്: കണ്ണൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ട്രോഫി ഡിസ്പ്ലേ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ 101-ാം നമ്പർ മുറിയിലാണ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഭാരതത്തിന്റെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൽ നിന്ന് ട്രോഫി വാങ്ങുന്ന മാതൃകയിലുള്ള ഫോട്ടോ എടുക്കാൻ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
മുറിക്ക് പുറത്ത് ഭാരതീയ ശാസ്ത്ര രത്നങ്ങളെ പരിചയപ്പെടുത്തുന്ന വലിയ ചാർട്ട് സന്ദർശകർ ഏറെ കൗതുകത്തോടെയാണ് വായിക്കുന്നത്. ആര്യഭടൻ, സുബ്രഹ്മണ്യൻ ചന്ദ്രശേഖർ, മേഘനാഥ് സാഹ, പി.സി. മഹാലോബിസ്, സി.വി. രാമൻ, എം.എസ്. സ്വാമിനാഥൻ, ജഗദീശ് ചന്ദ്രബോസ്, ഹോമി ജെ. ഭാഭ, കൽപ്പന ചൗള, സത്യേന്ദ്രനാഥ് ബോസ്, വിക്രം സാരാഭായ്, രാമാനുജൻ, പ്രഫുല്ലചന്ദ്ര റായ്, എ.പി.ജെ. അബ്ദുൾ കലാം എന്നിവരെക്കുറിച്ചുള്ള ലഘു വിവരങ്ങളാണ് ഈ ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഇവരുടെ കട്ടൗട്ടുകളും ട്രോഫി റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്.
മത്സരങ്ങളിൽ എല്ലാ ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് ട്രോഫി നൽകാനുള്ള ഒരുക്കങ്ങൾ ട്രോഫി കമ്മിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ മത്സരത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് സർട്ടിഫിക്കറ്റ് മാത്രമാണ് നൽകിയിരുന്നതെങ്കിൽ, ഇക്കുറി അദ്ധ്യാപകർക്കും ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ടെന്നത് പ്രത്യേകതയാണ്.തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ഒ.പി. ജിഷ കൺവീനറായുള്ള കമ്മിറ്റിയാണ് ട്രോഫിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ശാസ്ത്രോത്സവത്തോടനുബന്ധിച്ചുള്ള ട്രോഫി ഡിസ്പ്ലേ റൂം തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.