കണ്ണൂർ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ശക്തമാക്കി; സമരപന്തൽ ആശുപത്രി കോമ്പൗണ്ടിലേക്ക് മാറ്റി
കണ്ണൂർജില്ലയിലെ ആറു സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാർ സമരത്തിന്റെ 32-ാം ദിവസം സമരപന്തൽ ആശുപത്രി കോമ്പൗണ്ടിലേക്ക് മാറ്റി സമരം ശക്തമാക്കി.
കണ്ണൂർ : കണ്ണൂർജില്ലയിലെ ആറു സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാർ സമരത്തിന്റെ 32-ാം ദിവസം സമരപന്തൽ ആശുപത്രി കോമ്പൗണ്ടിലേക്ക് മാറ്റി സമരം ശക്തമാക്കി.ധനലക്ഷ്മി ആശുപത്രിയിൽ നടന്ന സമരപരിപാടി എ.ഐ.ടി.യു.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ് സ്വാഗതം പറഞ്ഞു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സി.പി.ഐ പ്രതിനിധിയും സമരസഹായ സമിതി വൈസ് ചെയർമാനുമായ അഡ്വ. അജയകുമാർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷാക്കിർ ആഡൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വരുൺ, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) നേതാവ് എം.കെ. ഷഹസാദ്, ഐ.എൻ.എൽ.സി സ്റ്റേറ്റ് പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറി അനൂപ് ജോൺ, എ.ഐ.എം.എസ്.എസ് ജില്ലാ സെക്രട്ടറി രശ്മി രവി എന്നിവർ സംസാരിച്ചു.
പരിപാടിക്ക് ശേഷം സമരസഹായ സമിതി അംഗങ്ങൾ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തി. ചർച്ചയ്ക്കിടെ, നഴ്‌സുമാരുമായി കരാറിൽ എത്താൻ മാനേജ്മെന്റിനെ സി ഐ ടിയു അനുവദിക്കുന്നില്ലെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റർ അറിയിച്ചതെന്ന് സമരസഹായ സമിതി ആരോപിച്ചു. ഇതുകൂടാതെ, ചർച്ച നടക്കുന്ന സമയത്ത് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി .വി. ബാലകൃഷ്ണൻ ആശുപത്രി അഡ്മിനിസ്ട്രേറ്ററേ നിരവധി തവണ ഫോണിൽ ബന്ധപ്പെടുന്നതായും സമരസഹായ സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സി.ഐ.ടി.യുവും ബി.എം.എസും അവരുടെ അംഗങ്ങളായ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് വ്യവസ്ഥയിൽ എത്തിയതിനെ തുടർന്ന് സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനത്തിൽ താഴെയുള്ള കരാറിന് തയ്യാറാകാൻ നഴ്‌സുമാർ വിസമ്മതിച്ചതിനാലാണ് നഴ്‌സുമാർ സമരം തുടരുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
ഈ വിഷയത്തിൽ സി.പി.ഐഎം നേതൃത്വവും കണ്ണൂർ ജില്ലയിലെ നഴ്‌സുമാരുടെ സമരത്തോട് മുഖംതിരിഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നും സമരനേതാക്കൾ ആരോപിച്ചു.ഇനിയുള്ള ദിവസങ്ങളിൽ സമരം ആശുപത്രി കോമ്പൗണ്ടിനുള്ളിൽ തുടരുമെന്നും, മിനിമം വേതനം നടപ്പാക്കും വരെ സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരനേതാക്കൾ അറിയിച്ചു.പരിപാടിയിൽ ഐ.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടെജി മോൾ നന്ദി പറഞ്ഞു.