കണ്ണൂർ പ്രസ്ക്ലബ് രജിത് റാം സ്മാരക പത്രപ്രവർത്തക അവാർഡ് കെ.സി രമേശന്
കണ്ണൂർ: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകൽപനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാർഡിന് ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ കെ.സി രമേശൻ അർ ഹനായി. 25000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് പിന്നീട് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാതൃഭൂമി സബ് എഡിറ്റർ രജിത് റാമിന്റെ സ്മരണയ്ക്കായി കണ്ണൂർ പ്രസ്ക്ലബും രജിത് റാം സുഹൃദ്സംഘവും ചേർന്നാണ് അവാർഡ് നൽകുന്നത്.ദേശാഭിമാനി ദിനപത്രത്തിൽ 2025 ജൂലൈ 4 ന് കണ്ണൂർ പ്രാദേശിക എഡിഷനിൽ പ്രസിദ്ധീകരിച്ച നാലാം പേജാണ് അവാർഡിന് അർഹമായത്.
മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റർ ടി സുരേഷ്ബാബു, കേരള കൗമുദി പ്രത്യേക ലേഖകനും കൈരളി ടിവി എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്ന ചലച്ചിത്ര സംവിധായകൻ ഇഎം അഷറഫ്, കേരള കൗമുദി ന്യൂസ് എഡിറ്ററായിരുന്ന സിപി സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
പരേതനായ കുമാരൻ - ലീല ദമ്പതികളുടെ മകനായ രമേശൻ കണ്ണൂർ ചെക്കുകുളം കുണ്ടിലക്കണ്ടി സ്വദേശിയാണ്. ഭാര്യ : സി അജിത. മകൾ : കെസി ലിയോണ.വാർത്താസമ്മേളനത്തിൽ പ്രസ്ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, കെ.കെ സുബൈർ (രജിത് റാം സുഹൃത് സംഘം) എന്നിവർ പങ്കെടുത്തു.