അപൂർവ അർബുദത്തെ അതിജീവിച്ച് കണ്ണൂർ സ്വദേശിനി; നിർണായകമായത് കണ്ണൂർ ആസ്റ്റർ മിംസിലെ നൂതന ഹൈപെക് ചികിത്സ
ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒരേ ദിവസം പൂർത്തിയാക്കി അപൂർവവും ജീവന് ഭീഷണിയുമായ അർബുദത്തെ അതിജീവിച്ച് 51-കാരിയായ കണ്ണൂർ സ്വദേശിനി. അത്യാധുനിക ചികിത്സാരീതിയായ ഹൈപെക് (ഹൈപ്പർതെർമിക് ഇൻട്രാപെരിട്ടോണിയൽ കിമോതെറാപ്പി) ശസ്ത്രക്രിയയും തുടർന്ന് നൽകുന്ന പ്രത്യേക കീമോതെറാപ്പിയിലൂടെയാണ് കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം ഒറ്റ ദിവസം കൊണ്ട് രോഗിക്ക് പുതുജീവൻ നൽകിയത്
കണ്ണൂർ: ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒരേ ദിവസം പൂർത്തിയാക്കി അപൂർവവും ജീവന് ഭീഷണിയുമായ അർബുദത്തെ അതിജീവിച്ച് 51-കാരിയായ കണ്ണൂർ സ്വദേശിനി. അത്യാധുനിക ചികിത്സാരീതിയായ ഹൈപെക് (ഹൈപ്പർതെർമിക് ഇൻട്രാപെരിട്ടോണിയൽ കിമോതെറാപ്പി) ശസ്ത്രക്രിയയും തുടർന്ന് നൽകുന്ന പ്രത്യേക കീമോതെറാപ്പിയിലൂടെയാണ് കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം ഒറ്റ ദിവസം കൊണ്ട് രോഗിക്ക് പുതുജീവൻ നൽകിയത്. ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലും സർജിക്കൽ സംഘത്തിന്റെ സമാനതകളില്ലാത്ത ചികിത്സാമികവുമാണ് രോഗിയെ അതിവേഗം പൂർണ്ണ ആരോഗ്യത്തിലേക്ക് നയിച്ചത്.
ഉദരസംബന്ധമായ അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ എത്തിയ രോഗിയിലാണ് ഉദരത്തിലെ ആന്തരിക പാളികളെ ബാധിക്കുന്ന നിശബ്ദവും അപൂർവവുമായ സ്യൂഡോമിക്സോമ പെരിറ്റോണി എന്ന അർബുദം കണ്ടെത്തിയത്. അപ്പൻഡിക്സിലോ മറ്റ് ആന്തരികാവയവങ്ങളിലോ രൂപപ്പെടുന്ന ട്യൂമർ തകരുമ്പോൾ അതിനുള്ളിലുള്ള ദ്രാവകം ഉദരത്തിലെ മറ്റ് അവയവങ്ങളിലേക്ക് വേഗത്തിൽ പടരുന്നതോടൊപ്പം പുതിയ ട്യൂമർ കോശങ്ങൾ ഉദ്പാദിപ്പിക്കുന്ന മാരകമായ ഘട്ടത്തിലേക്ക് നയിക്കും. ആദ്യഘട്ടങ്ങളിൽ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതാണ് ഈ രോഗത്തിന്റെ പ്രധാന വെല്ലുവിളി.
അതിനാൽ ഇത്തരം അർബുദ ബാധിതരിൽ സാധാരണയായി നടത്തുന്ന ക്യാൻസർ ചികിത്സകളിലൂടെ ജീവൻ നിലനിർത്തുക എന്നത് ഫലപ്രദമല്ലാത്തതിനാലാണ് നൂതന ചികിത്സാരീതിയായ ഹൈപെക് ശസ്ത്രക്രിയ മെഡിക്കൽ സംഘം സ്വീകരിച്ചത്. അർബുദം ബാധിച്ച കോശങ്ങളെ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി നീക്കം ചെയ്ത ശേഷം പ്രത്യേക താപനിലയിലാക്കിയ കീമോതെറാപ്പി മരുന്നുകൾ ഉദരത്തിനുള്ളിൽ നേരിട്ട് കടത്തിവിടുന്ന നൂതന ചികിത്സാരീതിയാണ് ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം വിജയകരമായി പൂർത്തിയാക്കിയത്. സാധാരണ അർബുദ ചികിത്സകളിൽ നിന്ന് വ്യത്യസ്തമായി ഒരു ദിവസം കൊണ്ടു തന്നെ അനുബന്ധ ചികിത്സകൾ പൂർത്തിയാക്കി മറ്റ് തുടർചികിത്സകൾ ആവശ്യമില്ല എന്നതാണ് ഈ നൂതന ചികിത്സാരീതിയുടെ പ്രധാന സവിശേഷത.
ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഫഹീം അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മണിക്കൂറുകൾ നീണ്ട അതീസങ്കീർണ്ണ ശസ്ത്രക്രിയ പൂർത്തീകരിച്ചത്. സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അബ്ദുള്ള കെ.പി, ഗ്യാസ്ട്രോ സർജൻ ഡോ. അമിത് ബി.എൽ, മെഡിക്കൽ ഓങ്കോളജിസ്റ് ഡോ. മനു പ്രസാദ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്ത്, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. റിനോയ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
പത്തുലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന അപൂർവവും സങ്കീർണ്ണവുമായ ഇത്തരം അർബുദ ബാധകളിൽ രോഗിയുടെ ജീവൻ രക്ഷിക്കുകയെന്ന വെല്ലുവിളിയേറ്റെടുത്ത് ഈ സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചത് ഓങ്കോളജി സംഘത്തിന്റെ കൃത്യമായ ഏകോപനവും വൈദഗ്ധ്യവുമാണെന്ന് കണ്ണൂർ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി പൂർണ്ണ സൗഖ്യം പ്രാപിച്ചു. ചികിത്സയ്ക്കായി മറ്റ് ദൂര നഗരങ്ങളെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് പ്രാദേശികമായി തന്നെ ഉയർന്ന നിലവാരത്തിലുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് കണ്ണൂർ ആസ്റ്റർ മിംസ് അധികൃതർ വ്യക്തമാക്കി.