ജനാധിപത്യത്തിന് പുത്തൻ ഉണർവ് നൽകുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്ന് : കണ്ണൂർ മേയർ അഡ്വ. ഇന്ദിര

രക്തരഹിതമായ ഗാന്ധിയൻ പ്രക്ഷോഭത്തിൻറെ വിജയമാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ഇന്ദിര പ്രസ്താവിച്ചു.

 

കണ്ണൂർ:രക്തരഹിതമായ ഗാന്ധിയൻ പ്രക്ഷോഭത്തിൻറെ വിജയമാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ഇന്ദിര പ്രസ്താവിച്ചു. വിദ്യാർത്ഥി യുവത്വവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഡൽഹിയിലെ തെരുവുവീഥികളിൽ ചോര ചിന്തി എടുത്തതാണ് ഈ വിജയമെന്നും പ്രക്ഷോഭച്ചൂടിൽ ഗത്യന്തരമില്ലാതെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെച്ചതെന്നും ജനാധിപത്യത്തിന് പുത്തൻ ഉണർവ് നൽകുന്നതാണ് മന്ത്രിയുടെ രാജിയെന്നും മേയർ അഡ്വ. പി ഇന്ദിര പറഞ്ഞു .

നൂറിലധികം മീഡിയ കോൺഫറൻസ് നടത്തിയ ഡോക്ടർ മൻമോഹൻ സിംഗിനെ മൗനി ബാബയെന്ന് അധിക്ഷേപിച്ചവർക്ക് രാജ്യത്ത് പ്രതിസന്ധികളും ക്രമക്കേടുകളും പ്രക്ഷോഭങ്ങളുമുണ്ടാകുമ്പോൾ അർധരാത്രി ഞെട്ടിയെഴുന്നേറ്റ് ടെലി പ്രോംപ്റ്ററിൻറെ സഹായത്തോടെ സെൽഫി വീഡിയോയിൽ അഭയം പ്രാപിക്കേണ്ടിവരുന്നത് പ്രധാനമന്ത്രിയുടെ ഗതികേടും പി ആർ വർക്കുകൾ കൊണ്ട് മെനഞ്ഞെടുത്ത കപടമൂടുപടം വെളിവാക്കുന്നതുമാണ്. 

ഭരണകൂടം സ്പോൺസർ ചെയ്ത ഡൽഹി പോലീസിൻറെ മനസാക്ഷിയില്ലാത്ത ക്രൂരമർദ്ധനങ്ങൾക്ക് കാലം കണക്കു പറയിക്കുക തന്നെ ചെയ്യും. രാജ്യത്തെ ജെൻസി വിദ്യാർത്ഥിസമൂഹം കേവലമായ സിനിമാറ്റിക്, മ്യൂസിക് വൈബുകൾക്കപ്പുറം രാജ്യത്തിൻറെ ഉന്നതമായ ജനാധിപത്യ മതനിരപേക്ഷസംവിധാനങ്ങളെ നെഞ്ചോട് ചേർത്ത് പോരാടാൻ പ്രാപ്തമായ സമൂഹമാണെന്ന് ഭരണകൂടത്തെ നീറ്റ് പരീക്ഷാ പ്രക്ഷോഭം ബോധ്യപ്പെടുത്തിയെന്നും മേയർ പറഞ്ഞു.