കണ്ണൂർ ജയിലിൽ ഉദ്യോഗസ്ഥർ തടവുകാരാക്കപ്പെടുന്ന സ്ഥിതി: അഡ്വ. മാർട്ടിൻ ജോർജ്ജ്

ജയിലിൽ വരുന്ന തടവുകാർ ജയിൽ ഉദ്യോഗസ്ഥരെ പോലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയാണ് കണ്ണൂർ സെൻട്രൽ ജയിലിലെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.  ജയിലിലെ ഉദ്യോഗസ്ഥർ തടവുകാരായി മാറുകയാണ്.    

 

കണ്ണൂർ: ജയിലിൽ വരുന്ന തടവുകാർ ജയിൽ ഉദ്യോഗസ്ഥരെ പോലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയാണ് കണ്ണൂർ സെൻട്രൽ ജയിലിലെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.  ജയിലിലെ ഉദ്യോഗസ്ഥർ തടവുകാരായി മാറുകയാണ്.    കൊലപാതകം ചെയ്ത് വരുന്നവരൊക്കെ ഇവിടുത്തെ  ഉദ്യോഗസ്ഥരെ ഭരിക്കുന്നത് ആഭ്യന്തര വകുപ്പിൻ്റെ കഴിവുകേടാണെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. 
കൊടും ക്രിമിനലായ ഗോവിന്ദച്ചാമിക്ക് തടവു ചാടാൻ വഴിയൊരുക്കിയ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്  പ്രവർത്തകർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ജയിൽ ഉപദേശ സമിതി അംഗങ്ങളാണ്  ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ടത്. എന്നാൽ കണ്ണൂർ സെൻട്രൽ  ജയിലിന്റെ ഉപദേശ സമിതി അംഗം  പി. ജയരാജനാണ്.   പാർട്ടിയിലേക്ക് ക്രിമിനലുകളെ കൊണ്ടുവരികയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരാൾ ജയിൽ ഉപദേശക സമിതി അംഗമായതിൻ്റെ ദുരവസ്ഥ കൂടിയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കാണുന്നതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച പല തവണ വ്യക്തമായിട്ടും നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പ് അധികാരികൾ ഇതിന് ഉത്തരം പറയണം.  കേരളാ പോലീസിൻ്റെ മിടുക്കു കൊണ്ടല്ല നാട്ടുകാരുടെ ജാഗ്രത കൊണ്ടാണ് ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടി കൂടാൻ സാധിച്ചത്.  ജയിൽ ചാടാൻ മാസങ്ങൾക്കു മുമ്പേ ഗോവിന്ദച്ചാമി പദ്ധതിയിട്ടിരുന്നുവെന്ന് പറയുമ്പോൾ അതിന് ജയിലിനകത്ത് കൃത്യമായ സഹായവും ലഭിച്ചിട്ടുണ്ട്. ജയിലിൻ്റെ കമ്പി മുറിച്ച് മാറ്റാനുള്ള ആയുധമടക്കം സംഘടിപ്പിച്ചിട്ടും  ജയിൽ അധികൃതരുടെ ശ്രദ്ധയിൽ പെടാത്തത് ദുരൂഹമാണ്.  

കണ്ണൂർ സെൻട്രൽ ജയിൽ ക്രിമിനലുകൾ ഭരിക്കുന്ന  അവസ്ഥയ്ക്ക് അറുതി വരുത്തിയില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് എന്ന് ആരോപിച്ച്  കോൺഗ്രസ് ൻ്റെ  നേതൃത്വത്തിലാണ് കണ്ണൂർ സെൻട്രൽ ജയിൽ  മാർച്ച് സംഘടിപ്പിച്ചത് . മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയുക, ജയിൽ ചാടാൻ സഹായിച്ച വാർഡന്മാരെയും ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നടന്ന മാർച്ചിന്   കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ  അഡ്വ. ടി.ഒ മോഹനൻ,രാജീവൻ എളയാവൂർ , ടി. ജയകൃഷ്ണൻ, എം. കെ. മോഹനൻ ,റിജിൽ മാക്കുറ്റി, അഡ്വ   പി.ഇന്ദിര, വിജിൽ മോഹനൻ, റോബർട്ട് വെള്ളാംവെള്ളി,  വരുൺ  എം കെ ,ഫർഹാൻ മുണ്ടേരി ,കല്ലിക്കോടൻ രാഗേഷ് ,കെ  ഉഷാകുമാരി  തുടങ്ങിയവർ നേതൃത്വം നൽകി.