നിപ ഭീതി ഒഴിഞ്ഞു; പ്രതിസന്ധിയിൽ അത്താണിയായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് 

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ച് കണ്ണൂരിലെ നിപ ഭീതി ഒഴിഞ്ഞതോടെ, പ്രതിസന്ധിയിൽ അത്താണിയായ കണ്ണൂർ ഗവ മെഡിക്കൽ കോളേജിനും അഭിമാനിക്കാവുന്ന നേട്ടമായി.
 

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ച് കണ്ണൂരിലെ നിപ ഭീതി ഒഴിഞ്ഞതോടെ, പ്രതിസന്ധിയിൽ അത്താണിയായ കണ്ണൂർ ഗവ മെഡിക്കൽ കോളേജിനും അഭിമാനിക്കാവുന്ന നേട്ടമായി. ട്രൂനാറ്റ്, ആർ.ടി.പി.സി.ആർ. പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
 

ആഗസ്റ്റ് 23 വെള്ളിയാഴ്ചയാണ് പനിയും കടുത്ത ഛർദിയുമായി രണ്ടുപേരെ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ണൂർ ഡി.എം.ഒ. ഓഫീസിൽ നിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് നിപ രോഗബാധിതരെന്ന സംശയത്തോടെ രണ്ടു മട്ടന്നൂർ സ്വദേശികളെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള അനുവാദത്തിനായി അപേക്ഷിച്ചത്. നിർദ്ദേശാനുസരണം ആർ.എം.ഒ. ഡോ. സരിനും  ആശുപത്രിയിലെ കൺട്രോൾ റൂമും തുടർ നടപടികൾക്ക് ചുക്കാൻ പിടിച്ചു. 

Also read: 'സത്യം തെളിയും, ചലച്ചിത്ര അക്കാദമി ചെയർമാൻ ഏറ്റെടുത്ത അന്നു തൊട്ട് ഒരു സംഘം ഗൂഢാലോചന നടത്തുന്നുണ്ട്' ; നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രഞ്ജിത്ത്

നിലവിൽ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല വാർഡുകളും അടച്ചിട്ട നിലയിലാണെങ്കിലും പണി പൂർത്തിയാകാറായ ഒരു വാർഡിൽ രണ്ടു ഐസൊലേഷൻ മുറികൾ റെക്കോഡ് വേഗത്തിൽ സജ്ജീകരിച്ചു. രോഗികൾ ഗുരുതരാവസ്ഥയിലാണെങ്കിൽ പ്രവേശിപ്പിക്കുവാനായി ഐസൊലേഷൻ ഐസിയു സജ്ജീകരിക്കാനുള്ള നിർദ്ദേശവും നൽകി. ആശുപത്രിയുടെ പിൻവശത്തുള്ള കവാടത്തിനരികിൽ രോഗികളെ  സ്വീകരിക്കുവാനായി പി പി ഇ കിറ്റ് ധരിച്ച ട്രോളി, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളിലെ ജീവനക്കാരും രോഗികളെ  ട്രയാജ് ചെയ്തു കൊണ്ടു പോകുവാനായി പ്രത്യേക ലിഫ്റ്റ് ഇവയും ഒരുങ്ങി. 

അഞ്ചാം നിലയിൽ ലിഫ്റ്റ് എത്തിച്ചേരുന്നയിടത്ത് പി പി ഇ കിറ്റ് ധരിച്ച നഴ്സിംഗ്, ഹൌസ് കീപ്പിങ് ജീവനക്കാരും തയ്യാറായി നിന്നു. രോഗികളെ കൊണ്ടു പോകാനുള്ള വഴിയിൽ നിന്നും സെക്യൂരിറ്റി ജീവനക്കാർ ആളുകളെ അകറ്റി നിർത്തി. വൈകിട്ട് അഞ്ചിന് ആശുപത്രിയിൽ എത്തിച്ചേർന്ന ഉടനെ മുൻകൂട്ടി തയ്യാറാക്കിയ രൂപരേഖയനുസരിച്ച് രോഗികളെ 506-ാം വാർഡിൽ പ്രവേശിപ്പിച്ചു. ശുചീകരണവിഭാഗം ജീവനക്കാർ രോഗികളുടെ സഞ്ചാരപഥം നിമിഷങ്ങൾക്കുള്ളിൽ അണു വിമുക്തമാക്കി. 

തക്കതായ മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ടു ഡ്യൂട്ടി ഡോക്ടറും ഇതര ആരോഗ്യപ്രവർത്തകരും രോഗികളുടെ പരിശോധന പൂർത്തിയാക്കി സ്രവങ്ങളും രക്തം, മൂത്രം തുടങ്ങിയവയും ശേഖരിച്ച് പരിശോധനക്കായി രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയക്കുന്നു. തൊട്ടടുത്ത ദിവസം വൈകുന്നേരത്തോടു കൂടി റിസൽട്ട് നെഗറ്റീവാണെന്നറിഞ്ഞതോടെ മെഡി കോളേജിലും മട്ടന്നൂർ പ്രദേശത്തും കണ്ണൂർ ജില്ലയിലാകെത്തന്നെയും ആശ്വാസനിശ്വാസം പരന്നു. 

ആരോഗ്യഅടിയന്തരാവസ്ഥയുണ്ടാകുന്ന വേളകളിൽ സർക്കാർ ആരോഗ്യ സംവിധാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതുന്നതായി രണ്ടു ദിവസത്തെ പരിയാരം അനുഭവങ്ങൾ. കോവിഡ് കാലത്തുണ്ടാക്കിയെടുത്ത അനുഭവസമ്പത്തും പരിചയവും ഇക്കാര്യത്തിൽ  റെക്കോഡ് വേഗത്തിൽ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നതിൽ വലിയ തുണയേകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു. പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ഉയർന്നു വരുന്നതോടെ ഇത്തരം ഏത് മാരക പകർച്ചവ്യാധികൾ ബാധിച്ച രോഗികളെയും സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുവാനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ലഭ്യമാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.