പതിനാലുവര്‍ഷം കൊണ്ടു താണ്ടിയത് ഏഴു ഭൂഖണ്ഡങ്ങള്‍, 75 രാജ്യങ്ങള്‍ സഞ്ചാരവിസ്മയവുമായി ഒരു കണ്ണൂരുകാരന്‍

മുപ്പത്തിനാലു വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ചു അബുദാബിയില്‍ നിന്നും നാട്ടിലെത്തിയപ്പോഴാണ് എളയാവൂര്‍ വാരം മന്‍ഹലില്‍ ഡോ.ടി.പി അബ്ദുല്‍ ഖാദര്‍ ഒരു സഞ്ചാരിയായി മാറിയത്.  കുട്ടിക്കാലത്ത് എസ്.കെ പൊറ്റക്കാടിന്റെ  യാത്രാവിവരണങ്ങള്‍ വായിച്ച ത്രില്ല് മനസില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. പിന്നെയൊന്നും ആലോചിച്ചില്ല. 
 

 കണ്ണൂര്‍:മുപ്പത്തിനാലു വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ചു അബുദാബിയില്‍ നിന്നും നാട്ടിലെത്തിയപ്പോഴാണ് എളയാവൂര്‍ വാരം മന്‍ഹലില്‍ ഡോ.ടി.പി അബ്ദുല്‍ ഖാദര്‍ ഒരു സഞ്ചാരിയായി മാറിയത്.  കുട്ടിക്കാലത്ത് എസ്.കെ പൊറ്റക്കാടിന്റെ  യാത്രാവിവരണങ്ങള്‍ വായിച്ച ത്രില്ല് മനസില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. പിന്നെയൊന്നും ആലോചിച്ചില്ല. 

ഇനിയുളള കാലം ലോകം  ചുറ്റിക്കറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.നാട്ടിലെത്തിയാല്‍ വിശ്രമജീവിതം എന്ന പതിവുപ്രവാസി രീതിവിട്ടു ലോകം ചുറ്റിക്കറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പതിനാലുവര്‍ഷം പിന്നിടുമ്പോൾ ഏഴു ഭൂഖണ്ഡങ്ങള്‍ താണ്ടി 75 രാജ്യങ്ങള്‍ താണ്ടി കഴിഞ്ഞിരിക്കുന്നു ഈ എഴുപതുവയസുകാരന്‍. ഏഴു മനുഷ്യനിര്‍മിത  ലോകാത്ഭുതങ്ങളില്‍ ആറും നേരില്‍ കണ്ട അബ്ദുല്‍ ഖാദര്‍ ജൂണില്‍ മറ്റൊരു യാത്രയ്ക്കു കൂടി തയ്യാറായിരിക്കുകയാണ്.സൗത്ത് ആഫ്രിക്ക,സാംപിയ, സിംബാവേ എന്നിവടങ്ങള്‍ സന്ദര്‍ശിക്കാനുളള ഒരുക്കത്തിലാണ്. 

അനേകായിരം മനുഷ്യരിലൂടെ ഭാഷയുടെ വേഷത്തിന്റെ ഭക്ഷണത്തിന്റെ ജീവിത രീതിയുടെ വൈവിധ്യങ്ങള്‍ തൊട്ടറിയുമ്പോഴാണ് നല്ലൊരു മനുഷ്യനാവാന്‍ കഴിയുകയെന്ന് ഇദ്ദേഹംപറയുന്നു. ശുചിത്വത്തിലും സമയനിഷ്ഠയിലും നിയമപാലനത്തിലും ദേശഭക്തിയിലും നാം എവിടെ നില്‍ക്കുന്നുവെന്നതാണ് ഓരോ യാത്രയും പഠിപ്പിക്കുന്നതെന്ന് അബ്ദുല്‍ ഖാദര്‍ പറയുന്നു. 

 പ്രവാസകാലത്ത് മലേഷ്യ, സിംഗപ്പൂര്‍, സൗദി അറേബ്യ,  എന്നിവടങ്ങളില്‍ മാത്രമാണ് സഞ്ചരിച്ചത്. നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് യാത്രകളുടെ വിശാലലോകത്തേക്ക് ഇറങ്ങിയത്. പ്രായം ഒന്നിനും തടസമല്ലെന്നു ബോധ്യം കൂടിയതോടെ യാത്രയ്ക്കും വേഗത കൂടി. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടതായിരുന്നു ആദ്യയാത്രകള്‍. ഇറാഖ്,ഫലസ്തീന്‍,  ഇസ്രായേല്‍ എന്നിവടങ്ങളിലേക്കുളള ആദ്യയാത്രയ്ക്ക്  പിന്നാലെ ഉസ്‌ബെിസ്ഥാനിലെത്തി. അവിടുന്ന് ജോര്‍ദാനും സിറിയയുംസന്ദര്‍ശിച്ചു. 

ലോകശക്തികളായ റഷ്യയും ചൈനയും കണ്ടു.ലോകാത്ഭുതങ്ങളും ചരിത്ര ശേഷിപ്പുകളും കണ്ടു കൊണ്ടുളള ഒരു വിസ്മയ യാത്രയായിരുന്നു അത്. യൂറോപ്യന്‍ ശക്തികളായ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവയും മൊറാക്കോ,കെനിയ, തുര്‍ക്കി, യു.കെ, യു. എസ്. എ നെതര്‍ലാന്‍ഡ് ഓസ്്‌ട്രേലിയ, ബെല്‍ജിയം, ജര്‍മനി,വത്തിക്കാന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ അര്‍ജന്റീനയും പെലെയുടെ ബ്രസീലും സന്ദര്‍ശിക്കാനായത് ഇന്നും തന്നെ ത്രില്ലടിപ്പിക്കുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.  

എല്ലാ രാജ്യങ്ങളിലും ഇന്‍ഡ്യക്കാരനെന്ന നിലയില്‍ പ്രത്യേക പരിഗണനയും സ്‌നേഹവുംലഭിച്ചു. താന്‍ കണ്ടതില്‍ വെച്ചു ഏറ്റവും ഹൃദ്യമായി തോന്നിയ രാജ്യം നമ്മുടെ തൊട്ടടുത്തു കിടക്കുന്ന ഭൂട്ടാനാണെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. പ്രകൃതിയോട് അനുയോജ്യമായ നിര്‍മിതിയും ശുചിത്വവുംലളിത ജീവിതവും സഹജീവി സ്‌നേഹവുമൊന്നെ ആരുടെ മനസും കീഴടക്കുമെന്നാണ് ഈ സഞ്ചാരിയുടെ അഭിപ്രായം.