കണ്ണൂർ പായത്തെ വിറപ്പിച്ച രണ്ട് കാട്ടാനകളെ കാട് കയറ്റി
ആറളം വന്യ ജീവി സങ്കേതത്തിൽ നിന്നും ആറളം പുഴ കടന്ന് കിലോമീറ്ററുകൾ താണ്ടി പായം മേഖലയെ യുകെ വിറപ്പിച്ച രണ്ട് കാട്ട് കൊമ്പന്മാരെ ഒരു പകൽ മുഴുവൻ നീണ്ട ശ്രമത്തിനൊടുവിൽ വന്നിടത്തേക്ക് തന്നെ തുരത്തിവിട്ടു.
ഇരിട്ടി: ആറളം വന്യ ജീവി സങ്കേതത്തിൽ നിന്നും ആറളം പുഴ കടന്ന് കിലോമീറ്ററുകൾ താണ്ടി പായം മേഖലയെ യുകെ വിറപ്പിച്ച രണ്ട് കാട്ട് കൊമ്പന്മാരെ ഒരു പകൽ മുഴുവൻ നീണ്ട ശ്രമത്തിനൊടുവിൽ വന്നിടത്തേക്ക് തന്നെ തുരത്തിവിട്ടു. വനാതിർത്തിയിൽ നിന്നും 20 കിലോമീറ്റർ പിന്നിട്ട് പായം പഞ്ചായത്തിലെ പായം, കരിയാൻ, ജബ്ബാർ കടവ് , വട്ടിയറ ഗ്രാമങ്ങളെയാണ് രണ്ട് കാട്ടാനകൾ ഒരു പകൽ മുഴുവൻ ആശങ്കയിൽ നിർത്തിയത്.
നൂറോളം വരുന്ന വനപാലക സംഘം 12 മണിക്കൂറിലധികം നീണ്ട ശ്രമിത്തിനൊടുവിലാണ് ആനകളെ വന്ന വഴിയിലൂടെ കാടുകയറ്റാനായത്. മൂന്ന് പഞ്ചായത്തുകളിലെ ഏഴ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചും പ്രദേശത്തേക്കുള്ള റോഡുകളെല്ലാം അടച്ചും നിർത്താതെ മൈക്കിലൂടെ നടത്തി മുന്നറിയിപ്പുകളുമായി വലിയ സുരക്ഷാ സംവിധാനമാണ് മേഖലയിൽ ഒരുക്കിയത്.
ഇതിനിടയിലും ഒരു ബൈക്ക് യാത്രക്കാരൻ ആനയുടെ മുന്നിൽപെടുകയും അത്ഭൂതകരമായി രക്ഷപ്പെടുകയും ചെയ്തു. റോഡ് മുറിച്ച് കടന്ന് ജനവാസ മേഖലയിലേക്ക് ഓടുന്ന കൊമ്പന് മുന്നിൽപ്പെട്ടപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിച്ച് ജബ്ബാർക്കടവ് സ്വദേശി സനീഷിന് കൈക്കും കാലിനും ചെറിയ പരിക്കുകൾ പറ്റി .
പേരാവൂർ ഡി വൈ എസ് പി പ്രമോദിന്റെ നേതൃത്വത്തിൽ ഇരിട്ടി, ആറളം , മുഴക്കുന്ന് പോലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള പോലീസുകാരും വനം അസിസ്റ്റന്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ ആറളം, കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് റെയിഞ്ചുകളിൽ നിന്നുള്ള വനപാലകരും സണ്ണിജോസഫ് എം എൽ എയുടേയും പായം പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു സംഘവും പ്രദേശത്ത് തമ്പടിച്ചാണ് എട്ട് മണിക്കൂറോളം നീണ്ട ദൗത്വത്തിനൊടുവിൽ കാട്ടാനകളെ ജനവാസ മേഖലയിൽ നിന്നും തുരത്താനായത്.
നൂറിലേറെ പടക്കങ്ങൾ ആനയെ തുരത്താനായി പൊട്ടിച്ചെങ്കിലും പലപ്പോഴും വനപാലകർക്ക് നേരെ പാഞ്ഞടുക്കുന്ന കൊമ്പൻമാർവലിയ ആശങ്കയാണ് ഉണ്ടാക്കിയത്
വ്യാഴാഴ്ച രാവിലെ ആറ്മണിയോടെ പത്ര വിതരണക്കാരനായ കെ .രമേശനാണ് ആദ്യം ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കാഴ്ച പരിമിതിയുള്ള രമേശന് ആനയെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ആന മരക്കമ്പുകൾ ഓടിക്കുന്ന ശബ്ദം കേട്ടാണ് ഏതോ ജീവി തന്റെ സമീപത്ത് ഉള്ളതായി മനസ്സിലാവുന്നത്. ഉടൻതന്നെ സമീപത്തെ കരിന്ത വത്സലയുടെ വീട്ടിലെത്തി കാര്യം പറഞ്ഞു. വീട്ടുകാർ നോക്കിയപ്പോഴാണ് പറമ്പിൽ നിന്നും കൃഷി നശിപ്പിക്കുന്ന ആനയെ കാണുന്നത്. ആദ്യം ഒരു ആനയെ ഉണ്ടായിരുന്നുള്ളൂവെങ്കിലും നാട്ടുകാരുടെ തിരച്ചലിനിടയിൽ മറ്റൊരു കൊമ്പനെ കൂടി കണ്ടെത്തിയതോടെ ജനങ്ങൾ ആകെ ഭീതിയിലായി. വനവകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചു. ജനവാസ മേഖലയും ആളുകൾ ജോലിക്ക് പോകുന്ന സമയവും വിദ്യാർഥികൾ സ്‌കൂളിൽ പോകുന്ന സമയവുമായതിനാൽ പൊലീസും വനവകുപ്പും നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശം നൽകി. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സമീപത്തെ പായം സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. കാട്ടാനയെ തുരത്തുവാനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചു. പടക്കം പൊട്ടിച്ച് ആന വന്ന വഴിയിലൂടെ ആറളം പുഴ കടത്തി ആറളം ഫാം മേഖല വഴി വനത്തിലേക്ക് കടത്തിവിടാനാണ് ശ്രമിച്ചത്.
പടക്കം പൊട്ടിയതോടെ രണ്ടാനുകളും കൂട്ടം തെറ്റി രണ്ട് വഴിക്ക് നീങ്ങിയതോടെ ആശങ്ക ശക്തമായി. ഒരു കൊമ്പനെ പായം ആറളം റോഡ് അരികിൽ പായം സ്‌കൂളിന് സമീപത്തുള്ള പഴശ്ശി പദ്ധതി പ്രദേശത്തെ അക്കേഷ്യ മരങ്ങൾക്കിടയിൽ നിർത്താനായി.ഇതുവഴിയായിരുന്നു ആന ജനവാസ മേഖലയിലേക്ക് കയറിയത്. മറ്റൊരുകൊമ്പൻ വളരെ പെട്ടെന്ന് തന്നെ വീടുകൾക്കും കൃഷിയിടത്തിലൂടെയും കടന്ന് ജബ്ബാർ കടവ് - കരിയാൽ റോഡ് മുറിച്ചുകടന്ന് എരുമത്തടത്തെ റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചു. ഇതിനിടയിലാണ് ഇരുചക്രവാഹന യാത്രികൻ സനീഷ് ആനയുടെ മുന്നിൽപ്പെടുന്നത്. റബ്ബർ തോട്ടത്തിൽ നിന്നും പടക്കം പൊട്ടിച്ചു വലിയ ശബ്ദമുണ്ടാക്കിയും തുരത്താനുള്ള ശ്രമം ഉച്ചവരെ പലതവണ പരാജയപ്പെട്ടു.
റബ്ബർ തോട്ടത്തിൽ നിന്നും കരിയാൽ ടൗണിനോട് ചേർന്നുള്ള ഇലവുങ്കൽ ബിനോയിയുടെ വീടിന്റെ പിറകുവശം വരെ എത്തിയെങ്കിലും പിന്നീട് തിരിഞ്ഞൊടി റബർ തോട്ടത്തിൽ തന്നെ നിലയുറപ്പിച്ചു. ഇതോടെ വനപാലക സംഘം ഒരുമണിയോടെ ദൗത്യം നിർത്തിവെച്ചു.
മൂന്ന് പഞ്ചായത്തുകളിലെ ഏഴു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് വൈകിട്ട് മൂന്ന് മണിയോടെ ആനയെ തുരുത്തുവാനുള്ള ശ്രമം വീണ്ടും തുടങ്ങി. പായം പഞ്ചായത്തിലെ 9, 10,11 വാർഡുകളിലും ആറളം പഞ്ചായത്തിലെ 15,16 വാർഡുകളിലും മുഴക്കുന്ന് പഞ്ചായത്തിലെ 1,2 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആറളം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളിനും ഉച്ചക്ക് ശേഷം അവധി നൽകാനും കുട്ടികൾ വീടുകളിൽ എത്തി എന്ന് ഉറപ്പുവരുത്താനും സ്ഥലത്തെത്തിയ ഇരിട്ടി തഹസിൽദാർ സി. വി. പ്രകാശൻ നിർദ്ദേശം നൽകിയിരുന്നു.