കണ്ണൂരിൽ ഇരുചക്ര വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെ ബോംബെറിഞ്ഞ കേസ് ; ആർ.എസ്.എസ് പ്രവർത്തകർക്ക് 20 വർഷം തടവ്
ഇരുചക്രവാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബോംബെറിഞ്ഞും മർദിച്ചും ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് 20 വർഷം തടവും 1,25000 രൂപ പിഴയും. മുണ്ടേരി ചടയൻ ഹൗസിൽ ലിനേഷ് , ചേലോറ മഠത്തുകുന്നുമ്മൽ സജേഷ് എന്നിവരെയാണ് തലശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്.
തലശേരി : ഇരുചക്രവാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബോംബെറിഞ്ഞും മർദിച്ചും ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് 20 വർഷം തടവും 1,25000 രൂപ പിഴയും. മുണ്ടേരി ചടയൻ ഹൗസിൽ ലിനേഷ് , ചേലോറ മഠത്തുകുന്നുമ്മൽ സജേഷ് എന്നിവരെയാണ് തലശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്.
2013 സപ്തംബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത ഏച്ചൂർ ട്രെഞ്ചിങ് ഗ്രൗണ്ടിന് സമീപത്ത് വെച്ച്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ചക്കരക്കൽ മൗവഞ്ചേരി വാണിയഞ്ചാൽ വീട്ടിൽ ആദർശ്, ചേലോറ സ്വദേശിയായ കാട്ടിലെപ്പുരയിൽ പ്രഹീഷ് എന്നിവരെ ടൂവീലർ തടഞ്ഞുവെച്ച് ഇരുമ്പ് പൈപ്പ് കൊണ്ട് ബോംബെറിഞ്ഞും ഗുരുതരമായി പരുക്കേൽപ്പിച്ചു എന്നാണ് കേസ്.
വിവിധ വകുപ്പുകൾ പ്രകാരം എട്ടുവർഷം തടവും 65000 രൂപ വീതം പിഴയും അടക്കണം, പിഴ അടച്ചാൽ പരാതിക്കാരനായ ആദർശിന് ഒരു ലക്ഷം രൂപയും പ്രഹീഷിന് 25000 രൂപ വീതവും നൽകണം. പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം.
സ്ഫോടകവസ്തു നിരോധന നിയമപ്രകാരം 12 വർഷം തടവിനും ഒരുലക്ഷം രൂപ വീതം പിഴയടക്കുവാനും പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനും കോടതി ഉത്തരവിട്ടു. മൂന്നാംപ്രതി കുനിമേൽ ഹൗസിൽ എ. റിജേഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.
ചക്കരക്കൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ കെ. രാജീവ് കുമാർ, ഷാജി പട്ടേരി, എൻ. ബാലകൃഷ്ണൻ എന്നിവർ കേസന്വേഷണത്തിന് നേതൃത്വം നൽകി. എസ്.ഐ പി. ബിജു കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.