കണ്ണൂർ ജില്ലയിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്ത് സ്‌ക്വാഡുകൾ; 6.25 ലക്ഷം രൂപ പിഴ ചുമത്തി

ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലയിലെ പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുന്നു. ആഗസ്ത് 28 മുതൽ സപ്തംബർ 18 വരെയുള്ള കാലയളവിൽ കോർപ്പറേഷൻ പരിധിയിൽ

 

കണ്ണൂർ: ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലയിലെ പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുന്നു. ആഗസ്ത് 28 മുതൽ സപ്തംബർ 18 വരെയുള്ള കാലയളവിൽ കോർപ്പറേഷൻ പരിധിയിൽ 32 ഉം, മുനിസിപ്പാലിറ്റി പരിധിയിൽ 40 ഉം, പഞ്ചായത്ത് പരിധിയിൽ 53 ഉം അനധികൃത ബോർഡ്, ബാനർ മുതലായവ സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. കോർപ്പറേഷനിൽ 1.6 ലക്ഷം രൂപയും, മുനിസിപ്പാലിറ്റികളിൽ 2 ലക്ഷം രൂപയും, പഞ്ചായത്തുകളിൽ 2.65 ലക്ഷം രൂപയും അടക്കം 6.25 ലക്ഷം രൂപ പിഴ ചുമത്തി.

പഞ്ചായത്ത് തലത്തിൽ ഒരു സ്‌ക്വാഡ് വീതവും ക്ലീൻ സിറ്റി മാനേജറുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി തലത്തിൽ രണ്ട് സ്‌ക്വാഡ് വീതവും കോർപ്പറേഷനിൽ സോണൽ തലത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചുമാണ് പരിശോധന നടത്തുന്നത്. ജില്ലയിൽ പൊതുയിടങ്ങളിലെ അനധികൃത ബോർഡുകൾ, ബാനറുകൾ മുതലായവ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ബോർഡ് ഒന്നിന് 5000 രൂപ വീതം പിഴ ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അറിയിച്ചു.