കണ്ണൂർ ജില്ലയിൽ രാത്രി എട്ടിന് ശേഷം സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് പരിശോധിക്കും : ജില്ലാ വികസന സമിതി

കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം.

 

 കണ്ണൂർ : കണ്ണൂർ ജില്ലയിൽ രാത്രി എട്ടുമണിക്ക് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം. ബസുകൾ ട്രിപ്പ് മുടക്കുന്നതിനാൽ പല ഭാഗങ്ങളിലേക്കും രാത്രി യാത്ര ചെയ്യുന്നതിന് വളരെയധികം പ്രയാസമനുഭവപ്പെടുന്നതായി നാട്ടുകാരുടെ പരാതിയുണ്ടെന്നും നടപടിയെടുക്കണമെന്നും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ആർടിഒക്ക് നിർദ്ദേശം നൽകി.

എംഎൽഎ ഫണ്ടിൽനിന്ന് ഭരണാനുമതി ലഭിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിച്ച പദ്ധതികൾ പല കാരണങ്ങൾ പറഞ്ഞ് നിർത്തിവെക്കാൻ കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി നിർദേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഭരണാനുമതി നൽകുന്നത്. കോർപ്പറേഷൻ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ച പ്രവൃത്തികൾ പരിശോധിച്ച് അവയെല്ലാം പെട്ടെന്ന് തുടങ്ങുന്നതിന് നിർദ്ദേശം നൽകണം. കണ്ണൂർ ഗവ  ഹോമിയോ ആശുപത്രി കെട്ടിടം, കണ്ണൂർ ടൗൺ സ്‌ക്വയർ പാർക്കിംഗ് ഏരിയയിൽ നിർമ്മിക്കുന്ന പന്തൽ, തോട്ടട ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ലൈറ്റ് സ്ഥാപിക്കൽ എന്നിവയ്ക്ക് കോർപ്പറേഷൻ ഇതുവരെ അനുവാദം നൽകാതെ സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനിക്കുന്ന കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. അതിന്റെ ഒരു തുടർച്ചയെന്നോളം പദ്ധതികൾ സാങ്കേതിക ഭൗതിക തടസ്സങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. 

ജില്ലയിലെ എം.എൽ.എ ഫണ്ട് പദ്ധതികളുടെ നിർവ്വഹണം വേഗത്തിലാക്കണമെന്ന് എം എൽ മാരായ ടി.ഐ മധുസൂദനൻ, കെ.വി. സുമേഷ്, കെ.പി. മോഹനൻ എന്നിവർ ആവശ്യപ്പെട്ടു. എം.എൽ.എമാരുടെ ശിപാർശ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഭരണാനുമതിക്കായി സമർപ്പിക്കാനുളളതുമായ പ്രവൃത്തികൾ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദ്ദേശം നൽകി. എം.എൽ.എ ഫണ്ട് പ്രവൃത്തികൾ തുടർച്ചയായി അവലോകനം ചെയ്തു വരുന്നുണ്ട്. 

പാനൂരിൽ അഗ്നിരക്ഷാനിലയത്തിന് പുതുതായി നിർമ്മിച്ച കെട്ടിടം മാർച്ച് ആഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കെ പി മോഹനൻ എം എൽ എ അറിയിച്ചു. കെട്ടിടത്തിന്റെ മുൻ ഭാഗത്ത് മതിൽ നിർമ്മിക്കുന്നതിന് നഗരസഭ അനുമതി നിഷേധിക്കുകയാണെന്നും സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണവും സുഗമമായ പ്രവർത്തനവും ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഐക്യം കൂടുതൽ ശക്തിപ്പെടുത്തണമെന്നും എം എൽ എ പറഞ്ഞു.  

ആറളം ഫാം പുനരധിവാസ മേഖലയിൽ താമസിക്കുന്ന പട്ടികവർഗക്കാരുടെ പട്ടയ അപേക്ഷകളിൽ ഘട്ടം ഘട്ടമായി ഭൂമി അനുവദിച്ച് നൽകുന്നുണ്ടെന്ന് ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇപ്പോൾ എട്ട് കുടുംബങ്ങൾക്ക് പട്ടയം നൽകിയിട്ടുണ്ട്. ആറളം ഫാം പുനരധിവാസ മേഖലയിലെ കുടുംബങ്ങൾക്കായി ബ്ലോക്ക് പത്തിലെ അങ്കണവാടിയിൽ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി എല്ലാ ശനിയാഴ്ചകളിലും ലീഗൽ എയ്ഡ് ക്ലിനിക് നടക്കുന്നുണ്ട്.ആറളം പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്കിൽ വന്യജീവി സങ്കേതത്തിന് അടുത്തായി നിർമ്മിച്ച എൽ പി സ്‌കൂൾ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ കുടുംബശ്രീ മിഷൻ ട്രൈബൽ കമ്മ്യൂണിറ്റി മാനേജ്മെന്റ് ട്രെയിനിങ് സെന്ററായി അനുമതി ലഭിക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീക്ക് കൈമാറും.

മാങ്ങാട്ടുപറമ്പ് കെൽട്രോൺ നഗറിലുള്ള കേന്ദ്രീയ വിദ്യാലത്തിന്റെ പരിസരത്തുകൂടി കടന്നുപോകുന്ന കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ലൈനുകളും 100 കെ.വി.എ ട്രാൻസ്ഫോർമറും പ്രിൻസിപ്പലിന്റെ ആവശ്യപ്രകാരം മാറ്റി സ്ഥാപിക്കുന്നതിന് 5,29,942 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ ഈ തുക ഒടുക്കിയാലുടൻ പ്രവൃത്തി പൂർത്തീകരിച്ച് നൽകുമെന്ന് കെ.എസ്.ഇ.ബി പയ്യന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

ഇരിട്ടി-തളിപ്പറമ്പ് ഹൈവേയിൽ നിന്ന് ആരംഭിച്ച് കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 32 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ റീ ടെണ്ടറുകൾ മാർച്ച് മൂന്നിന് തുറന്ന് പരിശോധിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  
കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പുത്തൂർ ചെമ്മരോട്ട് പാലം പുനർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനാ ഫലം കണ്ണൂർ എൻജിനീയറിങ് കോളേജ് മാർച്ച് പത്തിനകം നൽകുമെന്ന് അറിയിച്ചതായി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. പാലം പുനർനിർമ്മിക്കുന്നതിനുള്ള പ്രാരംഭപ്രവൃത്തികൾ വൈകുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് കെ പി മോഹനൻ എം എൽ എ നിർദേശിച്ചിരുന്നു.  
കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുത്തൂർ പോസ്റ്റ് ഓഫീസ് കൈവേലിക്കൽ ചേരിക്കൽ നിളങ്ങൾ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി പൊളിച്ചു നീക്കിയ റോഡ് ഒരാഴ്ച്ചക്കകം ടാർ ചെയ്ത് നൽകാമെന്നും പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും ചേർന്ന് ശനിയാഴ്ച്ച സംയുക്ത പരിശോധന നടത്താനും തീരുമാനമായി.

പട്ടികജാതി, പട്ടികവർഗ ഉന്നതികളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന സജീവ് ജോസഫ് എംഎൽഎ യുടെ നിർദ്ദേശ പ്രകാരം അടിയന്തിര റിപ്പോർട്ട് ലഭ്യമാക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയതായി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ അറിയിച്ചു. പ്രശ്നപരിഹാരത്തിന് ഫണ്ട് അനുവദിക്കുകയും വിവിധ പഞ്ചായത്തുകൾ വഴി പുതിയ ടാങ്കുകൾ സ്ഥാപിക്കാനുള്ള നടപടികളും അറ്റകുറ്റപ്പണികളും വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ആറളം പുനരധിവാസ മേഖലയിലെ കുടിവെള്ള പദ്ധതിക്കായി ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ പഞ്ചായത്തിന് നൽകിയിട്ടുണ്ട്. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. എടപ്പുഴ അംബേദ്ക്കർ നഗറിൽ 10,000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദേശിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലേക്കുള്ള ജല വിതരമ ശൃംഖലകളുടെ പ്രവൃത്തി പുരോഗമിച്ചുവരുന്നതായി കേരള വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനിയർ പറഞ്ഞു. 

ടേക്ക് എ ബ്രേക്ക് പ്രൊജക്ടുകളുടെ വിവര ശേഖരണം റിസോഴ്സ് പേഴ്സൺസ് മുഖേന എല്ലാ മാസവും ശേഖരിക്കുന്നുണ്ടെന്നും കുടുബശ്രീ മുഖേന സംവിധാനം ഏർപ്പെടുത്തുമെന്നും ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ റിപ്പോർട്ട് ചെയ്തു. ടോയ്‌ലറ്റുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ അറിയിച്ചു. 

പഴയങ്ങാടി താലൂക്കാശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ ആരംഭിച്ചതായി ഡിഎംഒ അറിയിച്ചു. മാർച്ചിനുള്ളിൽ പ്രസ്തുത പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ട ഏജൻസി അറിയിച്ചിട്ടുണ്ട്. ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിലവിൽ വൈദ്യുതി കണക്ഷൻ ലഭ്യമായതായും വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ ഏജൻസിയുടെ പ്രതിനിധികൾ സ്ഥാപനം സന്ദർശിക്കുകയും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചതായും ഡിഎംഒ വ്യക്തമാക്കി.

മലയോര മേഖലയിൽ ബിഎസ്എൻഎൽ മൊബൈൽ കണക്ഷനിൽ റേഞ്ച്, നെറ്റ് വർക്ക് പ്രശ്നത്തെ തുടർന്ന് നിലവിൽ കുറച്ച് മേഖലയിൽ പ്രശനം പരിഹരിച്ചിട്ടുണ്ടെന്നും മറ്റ് മേഖലയിൽ മാർച്ച് അവസാനത്തോടെ പരിഹരിക്കുമെന്നും ബി എസ് എൻ എൽ അധികൃതർ അറിയിച്ചു.

ദീർഘകാല പദ്ധതികൾ ഒഴികെ മറ്റെല്ലാ വിഷയങ്ങളും ജില്ലാ വികസന സമിതി യോഗത്തിലൂടെ പരിഹരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും  വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് വിഷയങ്ങൾ ഓരോന്നും വേഗത്തിൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നും അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു.  

കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി മോഹനൻ എം എൽ എ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സി.പി സുധീഷ്, വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.