തെരുവുനായ ശല്യം പരിഹരിക്കാൻ ഷെൽട്ടർ ഹോമുകൾ ഉണ്ടാക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തെരുവുനായ ശല്യം പരിഹരിക്കാൻ ഷെൽട്ടർ ഹോമുകൾ ഉണ്ടാക്കുകയാണ് കുറേക്കൂടി സ്വീകാര്യമായ മാർഗമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി പറഞ്ഞു.

 

കണ്ണൂർ : തെരുവുനായ ശല്യം പരിഹരിക്കാൻ ഷെൽട്ടർ ഹോമുകൾ ഉണ്ടാക്കുകയാണ് കുറേക്കൂടി സ്വീകാര്യമായ മാർഗമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി പറഞ്ഞു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിൽ നിരവധി ആളുകൾ  തെരുവുനായയുടെ ആക്രമണത്തിനിരയായ സംഭവം ഏറെ ദൗർഭാഗ്യകരമാണ്. തെരുവ് നായ്ക്കളെ പൂർണമായും ഇല്ലാതാക്കാൻ ആവില്ല. കാരണം അവയെ കൊല്ലാൻ പറ്റാത്തതാണ് നിലവിലെ കേന്ദ്ര നിയമം. എന്നാൽ പരമാവധി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുക എന്നത് കോർപ്പറേഷൻ മുഖേന സാധിക്കും. കണ്ണൂർ കോർപ്പറേഷൻ എത്രയും വേഗം എബിസി കേന്ദ്രങ്ങൾ ആരംഭിക്കണം.

 2004-2025 വർഷത്തെ പദ്ധതി അവലോകന ഘട്ടത്തിൽ എബിസി കേന്ദ്രം  ആരംഭിക്കണമെന്ന് കോർപ്പറേഷനോട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഉൾപ്പെടെ നിർദ്ദേശിച്ചിട്ടുള്ളതാണ്. എബിസി നടത്തിപ്പിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ ഹൈകോടതിയെ സമീപിക്കാൻ പ്രാദേശിക സർക്കാരിന് സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തെരുവുനായ ശല്യം തടയാൻ അവയെ വന്ധ്യംകരണം (ആനിമൽ ബർത്ത് കൺട്രോൾ-എബിസി)  ചെയ്യാനുള്ള ഉത്തരവാദിത്വം മാത്രമാണ് ജില്ലാ പഞ്ചായത്തിനുള്ളത്. ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരമാവധി വന്ധ്യംകരണം നടത്താൻ ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങിയതെന്നും അവർ പറഞ്ഞു. 

എബിസി കേന്ദ്രങ്ങൾ കൊണ്ട് പൂർണമായി തെരുവുനായ ശല്യം പരിഹരിക്കാൻ സാധിക്കില്ല. തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രത്യേക കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം തദ്ദേശസ്ഥാപന തലത്തിൽ നോഡൽ ഓഫീസർമാർ നായ്ക്കളെ കാണിച്ചു കൊടുത്താൽ മാത്രമേ അവയെ പിടികൂടാൻ സാധിക്കുകയുള്ളൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തെരുവുനായ ആക്രമണത്തിനുള്ള ശാശ്വത പരിഹാരത്തിന് കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തുകയാണ് വേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പറഞ്ഞു. ഫിനാൻസ് ഓഫീസർ കെ.വി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.